കൊച്ചി: രണ്ട് രൂപയ്ക്ക് അരി വിതരണം ചെയ്യുന്നത് തടഞ്ഞ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി ഹൈക്കോടതി റദ്ദാക്കി. ജനക്ഷേമ പരിപാടികളും തിരഞ്ഞെടുപ്പും കൂട്ടിക്കലര്‍ത്തേണ്ടതില്ലെന്ന് വിധി പറഞ്ഞുകൊണ്ട് ജസ്റ്റിസുമാരായ ചലമേശ്വര്‍, രാമചന്ദ്രമേനോന്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

സംസ്ഥാനത്ത് എ.പി.എല്‍, ബി.പി.എല്‍ വ്യത്യാസമില്ലാതെ രണ്ട് രൂപക്ക് അരി നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ പ്രതിപക്ഷം തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയും കമ്മീഷന്‍ നടപടി റദ്ദാക്കുകയുമായിരുന്നു.

ഇതിനെതിരെ ഒല്ലൂര്‍ എം.എല്‍.എ രാജാജി മാത്യു തോമസ് കോടതിയെ സമീപിക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് സര്‍ക്കാര്‍ ഈ പദ്ധതി പ്രഖ്യാപിച്ചതെന്നായിരുന്നു പ്രതിപക്ഷത്തിന്റെ വാദം. തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് മുന്‍പാണ് പദ്ധതി സംബന്ധിച്ച പ്രഖ്യാപനം നടത്തിയതെന്ന് ഹരജിക്കാരന്‍ കോടതിയെ അറിയിച്ചു. എന്നാല്‍ തിരഞ്ഞെടുപ്പും ജനക്ഷേമ പരിപാടികളും കൂട്ടിക്കുഴക്കേണ്ടതില്ലെന്ന് കോടതി നിരീക്ഷിച്ചു.