ദമാം: മയക്കുമരുന്ന് കേസില്‍ സൗദിയില്‍ രണ്ട് മലയാളികളുടെ വധശിക്ഷ നടപ്പാക്കി. വണ്ടൂര്‍ പുല്ലുപറമ്പ് അമ്പലത്ത് ഹംസ അബൂബക്കര്‍ (56), കോഴിക്കോട് നടക്കാവ് കാരാട്ട് റോഡ് നസീബ്ഹൗസില്‍ മുഹമ്മദ് സലീം(ശൈഖ് മസ്താന്‍38) എന്നിവരെയാണ് ഇന്നലെ സൗദി ആഭ്യന്തരവകുപ്പ് വധശിക്ഷയ്ക്ക് വിധേയരാക്കിയത്.

Ads By Google

ദമാമില്‍ വെച്ചാണ് ഇവരുടെ ശിക്ഷ നടപ്പാക്കിയത്. എട്ട് വര്‍ഷമായി ജയിലില്‍ കഴിഞ്ഞിരുന്ന ഇരുവരുടെയും മോചനത്തിനായി കുടുംബങ്ങള്‍ ശ്രമിച്ചുവരികയായിരുന്നു

Subscribe Us:

റുഖിയയാണ് ഹംസയുടെ ഭാര്യ. സുബിന, സജിന, അന്‍സു എന്നിവര്‍ മക്കളാണ്. ജംഷിജയാണ് മുഹമ്മദ് സലീമിന്റെ ഭാര്യ. നെസ്‌വയാണ് മകള്‍.
മയ്യത്ത് നമസ്‌കാരം വ്യാഴാഴ്ച നാലിന് നടക്കാവ് ജുമാഅത്ത് പള്ളിയില്‍ നടക്കും.

2004 ജനുവരി 11ന് കരിപ്പൂരില്‍നിന്ന് ദമാം എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ ഹംസ അബൂബക്കറില്‍നിന്ന് മയക്കുമരുന്ന് പിടികൂടിയതിനെ തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ നാല് മലയാളികള്‍ അടക്കം വന്‍ സംഘം പിടിക്കപ്പെട്ടിരുന്നു.

ഹംസയെ ഉപയോഗിച്ച് രഹസ്യാന്വേഷണ വിഭാഗം നടത്തിയ നീക്കത്തിലൂടെയാണ് ഷേക് മസ്താന്‍ എന്ന സലീം, കോഴിക്കോട് കക്കോടി സ്വദേശി നസ്‌റുദ്ദീന്‍ എന്ന നസ്‌റു, മംഗലാപുരം സ്വദേശി മജീദ് അബ്ബാസ് എന്നിവര്‍ പിടിയിലായത്.

2006 ലാണ് സൗദി കോടതി ഇവര്‍ക്ക് വധശിക്ഷ വിധിച്ചത്. തുടര്‍ന്ന് പുനര്‍വിചാരണയും മറ്റ് നിയമപരമായ നിരവധി നടപടികളും നടക്കുകയുണ്ടായി. കുറ്റം സംശയാതീതമായി തെളിഞ്ഞതിനെത്തുടര്‍ന്നാണ് വധശിക്ഷ നടപ്പാക്കിയത്.

കരിപ്പൂരില്‍ നിന്ന് വിമാനം കയറും മുമ്പ് ഏജന്റ് ഏല്‍പിച്ച ബാഗ് ഉപയോഗിച്ചാണ് ഹംസ ചതിയില്‍ കുരുങ്ങിയത്. ബാഗിന്റെ അറയിലായിരുന്നു മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്. ഇയാള്‍ പിടിയിലായതോടെ കുടുംബം അനാഥമായി. ജയിലിലെ ജോലികളില്‍ നിന്നും ലഭിക്കുന്ന ചെറിയ തുകകൊണ്ട് കുടുംബത്തെ പോറ്റിയ ഇയാള്‍ രണ്ടാമത്തെ മകളെ വിവാഹം കഴിപ്പിച്ചയക്കുകയും മകനെ ബഹ്‌റൈനില്‍ എത്തിക്കുകയും ചെയ്തിരുന്നു.

അതേസമയം, സമാനകേസില്‍ പിടിയിലായ ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള ഏതാനുംപേര്‍ നിരപരാധികളെന്ന് തെളിഞ്ഞതിനെത്തുടര്‍ന്ന് വിവിധ കാലയളവില്‍ ശിക്ഷയില്‍ നിന്ന് മുക്തരാവുകയോ രക്ഷപ്പെടുകയോ ചെയ്തിരുന്നു.