കോയമ്പത്തൂര്‍: കോയമ്പത്തൂരില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ ബസ്സപകടത്തില്‍ മലയാളിയടക്കം രണ്ട് മരണം. കര്‍പ്പകത്ത് ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 18 പേര്‍ക്ക് പരിക്കേറ്റു. ബസ് ഡ്രൈവര്‍ തൃശ്ശൂര്‍ വലപ്പാട് സ്വദേശി മോഹന്‍ദാസും ലോറി ഡ്രൈവറുമാണ് മരിച്ചത്.

പുലര്‍ച്ചെ ഒരു മണിയ്ക്കാണ് സംഭവം നടന്നത്. പത്തനംതിട്ടയില്‍ നിന്നു ബാംഗ്ലൂര്‍ക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസും ഈ റോഡില്‍ നിന്ന് പാലക്കാട്ടേക്കു വരികയായിരുന്ന ചരക്ക് ലോറിയുമാണ് കൂട്ടിയിടിച്ചത്. അപകടമുണ്ടായ ഉടനെ യാത്രക്കാര്‍ ബസ്സില്‍ നിന്ന് പുറത്തേയ്ക്ക് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതിനിടെയാണ് കൂടുതല്‍ പേര്‍ക്ക് പരിക്കേറ്റത്. രണ്ട് വാഹനങ്ങളും പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്.

പരുക്കേറ്റവരെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈദിന്റെ അവധിക്ക് ശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് മടങ്ങുന്ന വിദ്യാര്‍ത്ഥികളായിരുന്നു ബസ്സില്‍ കൂടുതലുണ്ടായിരുന്നത്. ചരക്ക് ലോറിയില്‍ ഉണ്ടായിരുന്ന രണ്ടു പേരുടെ നില ഗുരുതരമാണ്.