എഡിറ്റര്‍
എഡിറ്റര്‍
2ജി സ്‌പെക്ട്രം: ചിദംബരത്തിനെതിരെ അന്വേഷണം വേണ്ടെന്ന് സുപ്രീംകോടതി
എഡിറ്റര്‍
Friday 24th August 2012 10:52am

ന്യൂദല്‍ഹി: 2ജി സ്‌പെക്ട്രം അഴിമതിയില്‍ കേന്ദ്ര ധനകാര്യമന്ത്രി പി.ചിദംബരത്തിനെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീംകോടതി തള്ളി. ചിദംബരത്തിനെതിരെ തെളിവുകള്‍ ഇല്ലെന്നും അതിനാല്‍ തന്നെ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

Ads By Google

ജസ്റ്റിസുമാരായ ജി.എസ്. സിങ്‌വി, കെ.എസ്. രാധാകൃഷ്ണന്‍ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ചിദംബരത്തിനെതിരായ ആരോപണങ്ങള്‍ക്ക് വ്യക്തമായ തെളിവുകള്‍ ഹാജരാക്കാന്‍ ഹരജിക്കാര്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന് കോടതി അറിയിച്ചു.

രാജയ്‌ക്കെതിരെയുളള അതേ ആരോപണങ്ങള്‍ ചിദംബരത്തിനെതിരെയും ഉന്നയിക്കുന്നത് ശരിയല്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ചിദംബരം സാമ്പത്തിക ലാഭമുണ്ടാക്കിയെന്നതിനോ ഔദ്യോഗിക പദവി ദുര്‍വിനിയോഗം ചെയ്തതിനോ തെളിവില്ലെന്നും കോടതി പറഞ്ഞു.

ജനതാപാര്‍ട്ടി അധ്യക്ഷന്‍ സുബ്രഹ്മണ്യന്‍ സ്വാമിയും അണ്ണാ ഹസാരെ സംഘാംഗം പ്രശാന്ത് ഭൂഷണും സമര്‍പ്പിച്ച ഹരജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ പരാമര്‍ശം. മതിയായ തെളിവുകള്‍ ഇല്ല എന്ന കാരണത്താല്‍ നേരത്തെയും സുബ്രഹ്മണ്യന്‍ സ്വാമി സമര്‍പ്പിച്ച ഹരജി വിചാരണക്കോടതി തള്ളിയിരുന്നു.

2ജി സ്‌പെക്ട്രം ഇടപാട് സമയത്ത് ധനമന്ത്രിയായിരുന്ന ചിദംബരം എ.രാജയ്ക്ക് സമാനമായ രീതിയില്‍ സ്വകാര്യ കമ്പനികളെ സഹായിക്കാന്‍ ഇടപെട്ടുവെന്നും സ്‌പെക്ട്രം വിതരണവുമായി ബന്ധപ്പെട്ട യോഗങ്ങളില്‍ രാജയ്‌ക്കൊപ്പം ചിദംബരവും പങ്കെടുത്തിരുന്നെന്നുമായിരുന്നു  ഹരജിയിലെ പ്രധാന ആരോപണം.

2001 ലെ നിരക്കില്‍ സ്‌പെക്ട്രം ലൈസന്‍സ് നല്‍കുന്നതിലും ലൈസന്‍സ് ലഭിച്ച സ്വാന്‍, ടെലിനോര്‍ എന്നീ കമ്പനികള്‍ക്ക് മൊബൈല്‍ സേവനങ്ങള്‍ തുടങ്ങുന്നതിന് മുമ്പ് ഓഹരികള്‍ വില്‍ക്കാന്‍ ചിദംബരം അനുമതി നല്‍കിയെന്നും ഹരജിയില്‍ പറഞ്ഞിരുന്നു.

2001 ലെ നിരക്കില്‍ ലൈസന്‍സ് നല്‍കുന്ന കാര്യത്തില്‍ രാജയുടെ നിലപാടിനെ ചിദംബരം അംഗീകരിച്ചതായി കോടതി കണ്ടെത്തി. നിരക്കുകള്‍ പുതുക്കാത്തത് നിയമവിരുദ്ധമായ നടപടിയല്ലെന്ന് നേരത്തെ സി.ബി.ഐ. പ്രത്യേക കോടതി വ്യക്തമാക്കിയിരുന്നു.

2007-08 കാലഘട്ടത്തിലും ഈ നിരക്കുകള്‍ തുടര്‍ന്നിരുന്നു. കുറ്റം ചെയ്യണമെന്ന ലക്ഷ്യത്തോടെ അവ നടപ്പാക്കുമ്പോഴാണ് അവയ്ക്ക് ക്രിമിനല്‍ സ്വഭാവം കൈവരുന്നതെന്ന് കോടതി വ്യക്തമാക്കി.

ചിദംബരം വിചാരിച്ചിരുന്നെങ്കില്‍  ഒരുപക്ഷേ 2ജി അഴിമതി നടക്കില്ലായിരുന്നു എന്ന് ചൂണ്ടിക്കാട്ടി മുന്‍ ധനമന്ത്രി പ്രണബ് മുഖര്‍ജി പ്രധാനമന്ത്രിക്ക് അയച്ച കത്ത് വരെ തെളിവായി സുപ്രീം കോടതിയില്‍ ഹാജരാക്കിയിരുന്നെങ്കിലും അതൊന്നും തെളിവായി സുപ്രീംകോടതി സ്വീകരിച്ചില്ല.

അതേസമയം സുപ്രീംകോടതിയുടേത് മോശം വിധിയാണെന്ന് സുബ്രഹ്മണ്യന്‍ സ്വാമി പ്രതികരിച്ചു. വിധിക്കെതിരെ റിവ്യൂ ഹരജി സമര്‍പ്പിക്കും. ഗൂഢാലോചനയെക്കുറിച്ചല്ല മറിച്ച് രാജ്യത്തിനുണ്ടായ നഷ്ടത്തെക്കുറിച്ചാണ് താന്‍ പ്രതിപാദിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Advertisement