ന്യൂദല്‍ഹി: ടൂ ജി സ്‌പെക്ട്രം ഇടപാടില്‍ ധനമന്ത്രാലയത്തിന്റെ കുറിപ്പിനെ ന്യായീകരിച്ച് ധനകാര്യമന്ത്രി പ്രണാബ് മുഖര്‍ജി പ്രധാനമന്ത്രിക്ക് കത്തഴുതി. നാല് പേജുള്ള കത്തിന്റെ പകര്‍പ്പ യുപിഎ അദ്ധ്യക്ഷയും കോണ്‍ഗ്രസ് പ്രസിഡണ്ടുമായ സോണിയാ ഗാന്ധിക്കും കൈമാറിയിട്ടുണ്ട്.

മറ്റു മന്ത്രാലയങ്ങളില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ടു ജി ഇടപാടിനെക്കുറിച്ച് അന്ന് ധനമന്ത്രിയായിരുന്ന ചിദംബരത്തിന് അറിയാമായിരുന്നുവെന്ന കുറിപ്പ് തയാറാക്കിയതെന്ന് പ്രണാബ് കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ടുജി സ്‌പെക്ട്രം വിഷയത്തില്‍ അന്നത്തെ ധനമന്ത്രിയായിരുന്ന ചിദംബരത്തിന്റെ വീഴ്ച വിശദമാക്കുന്ന വിവിധ മന്ത്രാലയങ്ങളുടെ രേഖകളും കത്തിലുണ്ട്.

ടു ജി സ്‌പെക്ട്രം ഇടപാടില്‍ ചിദംബരത്തിന് വീഴ്ച ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം നിര്‍ബന്ധിക്കുകയായിരുന്നെങ്കില്‍ ടു ജി ലേലം നടക്കുമായിരുന്നെന്നും വ്യക്തമാക്കി നേരത്തെ ധനമന്ത്രാലയം പ്രധാനമന്ത്രിയുടെ ഓഫീസിന് കൈമാറിയ കുറിപ്പ് വിവാദമായിരുന്നു. കുറിപ്പിന്റ അടിസ്ഥാനത്തില്‍ പ്രതിപക്ഷ കക്ഷികള്‍  ചിദംബരം കേന്ദ്രമന്തി സ്ഥാനം ഒഴിയണമെന്ന മുറവിളി കൂട്ടുന്നതിനിടെയാണ് ധനമന്ത്രാലയത്തിന്റെ നടപടിയെ ന്യായീകരിച്ച പ്രണാബ് രംഗത്തെത്തിയിരുക്കുന്നത്.

കേന്ദ്രമന്ത്രിസഭയില്‍ ഭിന്നതയില്ല എന്ന പ്രധാനമന്തി ആവര്‍ത്തിക്കുമ്പോഴും യു.പി.എ മന്ത്രിസഭയിലെ രണ്ട് മുതിര്‍ന്ന മന്ത്രിമാര്‍ തമ്മില്‍ കടുത്ത ഭിന്നതയിലാണെന്ന വ്യക്തമാക്കുന്നതാണ് പ്രണാബിന്റ പുതിയ നീക്കം.