എഡിറ്റര്‍
എഡിറ്റര്‍
ടു ജി സ്‌പെക്ടം കേസില്‍ എ.രാജയ്ക്ക് ജാമ്യം
എഡിറ്റര്‍
Tuesday 15th May 2012 1:04pm

ന്യൂദല്‍ഹി: ടു ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ മുന്‍ കേന്ദ്രമന്ത്രി എ രാജയ്ക്ക് ജാമ്യം ലഭിച്ചു. 15 മാസങ്ങള്‍ക്ക് ശേഷമാണ് രാജയ്ക്ക് ജാമ്യം അനുവദിക്കുന്നത്. സി.ബി.ഐ പ്രത്യേക കോടതിയാണ് രാജയ്ക്ക് ജാമ്യം അനുവദിച്ചത്. കോടതിയുടെ അനുമതിയില്ലാതെ തമിഴ്‌നാട് സന്ദര്‍ശിക്കാന്‍ പാടില്ലെന്ന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

കേസില്‍ സകല തെളിവുകളും രേഖകളും കോടതിയില്‍ സമര്‍പ്പിച്ചതിനാല്‍ രാജ പുറത്തിറങ്ങുന്നത് കേസിനെ ഒരു തരത്തിലും ബാധിക്കില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍ രാജ പുറത്തിറങ്ങിയാല്‍ തെളിവുകള്‍ നശിപ്പിക്കപ്പെട്ടേക്കാമെന്ന് സി.ബി.ഐ കോടതിയെ അറിയിച്ചു.

മുന്‍ ടെലികോം സെക്രട്ടറി സിദ്ധാര്‍ഥ് ബഹ്‌റയ്ക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെയായിരുന്നു രാജ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നത് ബഹ്‌റയ്ക്ക് സമാനമായ കുറ്റങ്ങളാണ് തനിക്കുമേല്‍ സി.ബി.ഐ ചുമത്തിയിരിക്കുന്നതെന്ന് രാജ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. തനിക്കെതിരായ കുറ്റങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും രാജ പറയുന്നു.

അതേസമയം രാജയുടെ ജീവനു ഭീഷണിയുണ്ടെന്ന് ജനതാ പാര്‍ട്ടി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ടുജി കേസിലെ എല്ലാ കാര്യങ്ങളും രാജയ്ക്കറിയാം. ജാമ്യം ലഭിച്ചാല്‍ രാജയ്ക്ക് സംരക്ഷണം ഏര്‍പ്പെടുത്തണമെന്നായിരുന്നു സ്വാമിയുടെ ആവശ്യം.

2011 ഫെബ്രുവരി രണ്ടിനായിരുന്നു രാജ അറസ്റ്റിലായത്. ബഹ്‌റയും അന്ന് തന്നെയാണ് അറസ്റ്റിലായത്. ടുജി കേസിലെ പ്രതികള്‍ക്കെതിരെ കഴിഞ്ഞ ഒക്ടോബറില്‍ അഴിമതി നിരോധന നിയമപ്രകാരം കുറ്റം ചുമത്തിയിരുന്നു.

രാജയ്ക്ക് പുറമെ ഡി.എം.കെ നേതാവ് എം.കനിമൊഴി ഉള്‍പ്പെടെ 12 പ്രതികള്‍ ഉണ്ടായിരുന്നു. കനിമൊഴിയ്ക്ക് ആറുമാസത്തെ ജയില്‍ വാസത്തിന് ശേഷമാണ് ജാമ്യം ലഭിച്ചിരുന്നത്. ഇന്ന് കോടതിയില്‍ രാജയ്‌ക്കൊപ്പം അദ്ദേഹത്തിന്റെ ഭാര്യയും കനിമൊഴിയും എത്തിയിരുന്നു.

Advertisement