ന്യൂദല്‍ഹി: ഖനി വിവാദവുമായി ബന്ധപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയെ വിചാരണയ്ക്കു വിധേയനാക്കണമെന്ന് കര്‍ണാടക ലോകായുക്ത സന്തോഷ് ഹെഗ്‌ഡെ. ഇദ്ദേഹത്തെ അഴിമതി നിരോധന നിയമത്തിന്റെ അടിസ്ഥാനത്തില്‍ വിചാരണയ്ക്ക് വിധേയനാക്കണമെന്നും ലോകായുക്ത ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്ന് ചീഫ് സെക്രട്ടറിയ്ക്ക് സമര്‍പ്പിക്കാനിരിക്കുന്ന ലോകായുക്തയുടെ റിപ്പോര്‍ട്ടില്‍ കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയ്‌ക്കെതിരെയും പരാമര്‍ശമുണ്ട്. നിയമവിരുദ്ധമായി ഖനി പാട്ടത്തിന് അനുമതി നല്‍കി എന്നതാണ് കുമാരസ്വാമിയ്‌ക്കെതിരെയുള്ള ആരോപണം.

Subscribe Us:

കോണ്‍്ഗ്രസ് രാജ്യസഭാ എം.പി അനില്‍ ലാഡ് ഉള്‍പ്പടെയുള്ള രാഷ്ട്രീയക്കാര്‍ക്കെതിരെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. കൂടാതെ പല ഉന്നത ഉദ്യോഗസ്ഥന്‍മാര്‍ക്കെതിരെയും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഖനന കമ്പനി ഉടമകളില്‍നിന്നും യെദ്യൂരപ്പയും ബന്ധുക്കളും കൈക്കൂലി വാങ്ങിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേ സമയം ഇന്ന് ഉച്ചയ്ക്ക് സമര്‍പ്പിക്കാനിരിക്കുന്ന റിപ്പോര്‍ട്ടിന്മേല്‍ കര്‍ണാടക സര്‍ക്കാര്‍ നടപടിയെടുക്കുമെന്ന് വിശ്വസിക്കുന്നില്ലെന്ന് ലോകായുക്ത സന്തോഷ് ഹെഗ്‌ഡെ വ്യക്തമാക്കിയിട്ടുണ്ട്. തനിക്കും സഹപ്രവര്‍ത്തകര്‍ക്കും ഭീഷണി നേരിടേണ്ടി വന്നാലും കേസുമായി മുന്നോട്ടു പോകുമെന്നും ഹെഗ്‌ഡെ വ്യക്തമാക്കി.