മമ്മൂട്ടിയെ നായകനാക്കി പ്രമുഖ തിരക്കഥാകൃത്തായ ബാബു ജനാര്‍ദ്ദനന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ‘1993 ബോംബെ, മാര്‍ച്ച് 12’ ഇന്ന് തിയ്യേറ്ററുകളിലെത്തും.

ചിത്രം ജൂണ്‍ 24ന് റീലീസ് ചെയ്യുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ദേശീയ അവാര്‍ഡ് നേടിയ ആദാമിന്റെ മകന്‍ അബു 24 ന് റിലീസ് ചെയ്യുന്നതിനാല്‍ മമ്മൂട്ടി ചിത്രത്തിന്റെ റിലീസിംങ് നീട്ടുകയായിരുന്നു. .1993 ബോംബെ, മാര്‍ച്ച് 12ഉം ആദാമിന്റെ മകന്‍ അബുവും ഒരുമിച്ച് റിലീസ് ആയാല്‍ അത് ആദാമിന്റെ മകന്‍ അബുവിനെ ബാധിക്കും എന്നു പറഞ്ഞായിരുന്നു ഇത്.

ഷാജഹാന്‍ ഒരു ജോലി തേടിയാണ് ആലപ്പുഴയില്‍നിന്നും ഹൈദരാബാദിലെത്തുന്നത്. പക്ഷേ, അവിടെ അയാളെ എതിരേറ്റത് ദുരന്തങ്ങളായിരുന്നു ലോകമനസാക്ഷിയെ നടുക്കിയ ബോംബെ ബോംബ് സ്‌ഫോടനത്തിലെ പ്രധാന പ്രതിയായി ഷാജഹാന്റെ പേരുമുണ്ടായിരുന്നു. ഈ ഷാജഹാന്റെ ജീവിതത്തിലേക്ക് വളരെ യാദൃശ്ചികമായിട്ടാണ് പൂജാരിയായ സദാനന്ദഭട്ട് കടന്നുവരുന്നത്.

ജീവിക്കാന്‍വേണ്ടി അന്യനാട്ടിലെത്തിയ ഷാജഹാന്‍ പലരുടേയും ട്രാപ്പില്‍ അകപ്പെടുകയായിരുന്നു. പിന്നെ രക്ഷപ്പെടാന്‍ കഴിയാത്തവിധം അവരുമായി സഹകരിക്കേണ്ടിവന്ന സാഹചര്യത്തിലാണ് ബോംബെയില്‍ ആസൂത്രിതമായി നടത്തിയ സ്‌ഫോടനപരമ്പരകള്‍ ഉണ്ടാകുന്നത്. ഷാജഹാന്റെ അവസ്ഥമനസിലാക്കുന്ന ഭട്ട് അയാളെ സഹായിക്കാനെത്തുന്നു. ഇയാളെ നന്മയിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്ന ഭട്ട് നോക്കിനില്‍ക്കെ ഷാജഹാന്‍ പോലീസിന്റെ വെടിയേറ്റ് മരിക്കുന്നു. ആ മരണത്തില്‍ ഭട്ട് അറിഞ്ഞോ അറിയാതെയോ ഇടപെട്ടിരുന്നു. ഒരു കുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്ന ഷാജഹാന്റെ മരണം സദാനന്ദ ഭട്ടിനെ മാനസികമായി മാറ്റിമറിച്ചു.

ആലപ്പുഴയിലെ ഷാജഹാന്റെ വീട്ടില്‍ ഭട്ട് അമീറായി ജീവിതം ആരംഭിച്ചു. മുനിസിപ്പാലിറ്റിയില്‍ ജോലികിട്ടിയപ്പോള്‍ ഷാജഹാന്റെ അനിയത്തി ആബിദയെ വിവാഹം കഴിച്ചു. മുന്‍കാലജീവിതം അപ്പാടെ മറന്ന് ഒരു പുതിയ അധ്യായം തുടരുമ്പോഴാണ് വീണ്ടും ദുരിതങ്ങള്‍ കടന്നുവരുന്നത്. ഹൈദരാബാദില്‍നിന്നുമെത്തിയ പോലീസ് അമീറിനെ സംശയിക്കുന്നു. ഭട്ടിന്റെ ജീവിതത്തിലെ ദുരന്തങ്ങള്‍ തുടരുന്നു.

ബോംബെ മാര്‍ച്ച് 12 എന്ന ചിത്രത്തിന്റെ കഥ ഇവിടെ ആരംഭിക്കുകയാണ്. ചിത്രത്തില്‍ മമ്മൂട്ടി സദാനന്ദ ഭട്ട്, സമീര്‍ എന്നീ രണ്ടു വിഭിന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബാബു ജനാര്‍ദ്ദനന്‍തന്നെ തിരക്കഥ, സംഭാഷണം എഴുതുന്ന ഈ ചിത്രത്തില്‍ ഷാജഹനായി ഉണ്ണിയും ആബിദയായി റോമയും അഭിനയിക്കുന്നു.

ലാല്‍, ഇര്‍ഷാദ്, അനില്‍ മുരളി, സുധീര്‍ കരമന, ശ്രീരാമന്, ബാലചന്ദ്രന്‍ ചുള്ളിക്കാട്, സാദിഖ്, ജയന്‍, കൊച്ചുപ്രേമന്‍, ജോ, മണികണ്ഠന്‍ പട്ടാമ്പി, അരുണ്‍ നാരായണന്‍, സന്തോഷ്, മാസ്റ്റര്‍ ഫ്‌ളെമിന്‍ ഫ്രാന്‍സിസ്, ശാരി, ജ്യോതി, ശരണ്യ, രഞ്ജുഷ മേനോന്‍, ശോഭാ സിംഗ്, മീനാക്ഷി, ചിന്നു, മിനി അരുണ്‍, സുധാ നായര്‍, അര്‍ച്ചന, ബിന്ദു വരാപ്പുഴ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍.

റെഡ് റോസ് ക്രിയേഷന്‍സിന്റെ ബാനറില്‍ ഹനീഫ് മുഹമ്മദ് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിപിന്‍ മോഹന്‍ നിര്‍വഹിക്കുന്നു. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഈണം പകരുന്നത് അഫ്‌സല്‍ യൂസഫാണ്. ഇന്ത്യയിലെ പ്രശസ്ത ഗായകരായ സോന നീഗം, സാധനാ സര്‍ഗം, കൈലാഷ് ഖേര്‍, എം.ജി. ശ്രീകുമാര്‍, സോണി, ഉഷാ ഉതുപ്പ് തുടങ്ങിയവരാണ് ഗായകര്‍.

കല സാലു കെ. ജോര്‍ജ്, മേക്കപ് പട്ടണം റഷീദ്, വസ്ത്രാലങ്കാരം അരുണ്‍ മനോഹര്‍, അരവിന്ദ് ആര്‍, സ്റ്റില്‍സ് അജിത് വി. ശങ്കര്‍.