ന്യൂദല്‍ഹി: വ്യാജ ജാതിസര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് സര്‍ക്കാര്‍ തലത്തില്‍ വിവിധ തസ്തികകളില്‍ ജോലി നേടിയത് 1,832 പേര്‍. 2010 ല്‍ മാത്രമുള്ള കണക്ക് പ്രകാരമാണിത്. പൊതുക്ഷേമ മന്ത്രി നാരായണസ്വാമി ലോക്‌സഭയില്‍ എഴുതി നല്‍കിയ മറുപടിയിലാണ് ഇക്കാര്യം പറയുന്നത്.

Ads By Google

Subscribe Us:

വ്യാജനിയമനം നേടിയ 1,832 പേരില്‍ 276 ആളുകളെ സസ്‌പെന്റ് ചെയ്യുകയോ പുറത്താക്കുകയോ ചെയ്തിട്ടുണ്ട്. 521 കേസുകള്‍ കോടതിയുടെ പരിഗണനയിലാണ്. ശേഷിക്കുന്ന 1,035 കേസുകളില്‍ ഉടന്‍ നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

നിയമനം നടത്തുന്നതിന്റെ ആദ്യഘട്ടത്തില്‍ തന്നെ ഉദ്യോഗാര്‍ത്ഥിയുടെ ജാതി സംബന്ധിച്ച കാര്യം കൃത്യമായി പരിശോധിക്കുന്നതിന് ഒരു അതോറിറ്റിയെ ചുമതലപ്പെടുത്തും. ഈ അതോറിറ്റി ആദ്യഘട്ടം മുതല്‍ ജോലിക്കയറ്റമുണ്ടാവുന്ന അവസരങ്ങളിലെല്ലാം പട്ടിക ജാതി, പട്ടിക വര്‍ഗ, മറ്റ് പിന്നോക്ക ജാതി വിഭാഗത്തില്‍പ്പെട്ടവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ച് ഉറപ്പുവരുത്തണം.

ജില്ലാ മജിസ്‌ട്രേറ്റിനും ജില്ലാ കലക്ടര്‍ക്കും മറ്റും ജാതി സര്‍ട്ടിഫിക്കറ്റ് പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന നിര്‍ദേശം നല്‍കാനായി അതത് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇവര്‍ ഇക്കാര്യം പരിശോധിച്ച് ഉറപ്പ് വരുത്തിയശേഷം ഒരുമാസത്തിനുള്ളില്‍ പുതിയ അതോറിറ്റിയെ അറിയിക്കണം.

ഏതെങ്കിലും ഉദ്യോഗാര്‍ത്ഥിയുടെ കാര്യത്തില്‍ വ്യാജനിയമനം ശ്രദ്ധയില്‍പ്പെടുകയാണെങ്കില്‍ ജാതി സര്‍ട്ടിഫിക്കറ്റ് പരിശോധിച്ച ഉദ്യോഗസ്ഥനെതിരെയും നടപടിയുണ്ടാവുമെന്ന് നാരായണസ്വാമി മുന്നറിയിപ്പ് നല്‍കി.