ട്രിപ്പോളി: ലിബിയയില്‍ 1700 മൃതദേഹങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ലിബിയയിലെ അബു സലീം ജയിലിന് സമീപത്തുനിന്നാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. 1996 ജൂണില്‍ ഗദ്ദാഫിയുടെ സൈന്യം അബു സലീം ജയിലില്‍ നടത്തിയ കൂട്ടക്കൊലയില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയതെന്ന് കരുതപ്പെടുന്നു.

ഗദ്ദാഫി സൈന്യം നടത്തിയ കൂട്ടക്കൊലയുടെ തെളിവാണ് ട്രിപ്പോളിയിലെ ജയിലിന് സമീപം കണ്ടെത്തിയ മൃതദേഹങ്ങളെന്ന് വിമതരുടെ ദേശീയ പരിവര്‍ത്തന സമിതി പ്രതികരിച്ചു. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ വിവിധ രാജ്യങ്ങളുടെ സഹായം തേടുമെന്ന് സമിതി വ്യക്തമാക്കി. ഡി.എന്‍.എ പരിശോധന നടത്തിയ ശേഷമേ മരിച്ചവരെ തിരിച്ചറിയാന്‍ കഴിയൂ എന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.

ജയില്‍ അധികൃതര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ചാണ് 1996 ജൂണില്‍ തടവുകാര്‍ പ്രക്ഷോഭം നടത്തിയത്. ഗദ്ദാഫി സൈന്യം പ്രക്ഷോഭകാരികളെ അടിച്ചമര്‍ത്തുകയായിരുന്നു. 2000 തടവുകാര്‍ സൈനിക നടപടിയില്‍ കൊല്ലപ്പെട്ടുവെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നത്.