കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ മൂന്ന് ദിവസത്തിനിടെ മരിച്ച നവജാത ശിശുക്കളുടെ എണ്ണം 30 ആയി. ബി.സി. റോയ് സര്‍ക്കാര്‍ ആശുപത്രിയില്‍ നാല് കുട്ടികളും ബുര്‍ദ്വാന്‍ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ 13 കുട്ടികളും രണ്ട് ദിവസത്തിനുള്ളില്‍ മരിച്ചതൊടെയാണിത്.

ബുര്‍ദ്വാന്‍ മെഡിക്കല്‍ കോളേജില്‍ മൂന്ന് ദിവസം വരെ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. 60 കുട്ടികള്‍ക്ക് ചികിത്സ നല്‍കാന്‍ കഴിവുള്ള ബുര്‍ദ്വാന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 60 ബെഡുകളിലായി 160 കുട്ടികള്‍ ഇപ്പോള്‍ ചികിത്സയിലാണ്.

എന്നാല്‍, ശിശുമരണത്തില്‍ അസാധാരണമായി ഒന്നുമില്ലെന്നും ഭാരക്കുറവും മഞ്ഞപ്പിത്തവും മസ്തിഷ്‌ക വീക്കവുമാണ് മരണകാരണമെന്നും ബുര്‍ദ്വാന്‍ മെഡിക്കല്‍ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് തപസ് കുമാര്‍ ഘോഷ് പറഞ്ഞു.

ഒരു മാസത്തിനു താഴെ പ്രായമുള്ള കുട്ടികളാണ് ഏറെയും മരിക്കുന്നതെന്നും ഇതില്‍ ഏറിയ പങ്കും ഗുരുതരമായ അവസ്ഥയിലാണ് തങ്ങളുടെ അടുത്തെത്തിയതെന്നും ബി.സി റോയ് ആശുപത്രി അധികൃതര്‍ പറഞ്ഞു.

നവജാത ശിശുക്കളുടെ മരണത്തിന് കാരണം ചികിത്സാപിഴവല്ലെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായി മെഡിക്കല്‍ എജ്യൂക്കേഷന്‍ ഡയറക്ടര്‍ സുഷാന്ത ബാനര്‍ജി പറഞ്ഞു.