ഷാര്‍ജ: പാക്കിസ്ഥാനിയെ  കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന 17 ഇന്ത്യക്കാര്‍ നഷ്ടപരിഹാരം നല്‍കി കേസ് ഒത്തുതീര്‍പ്പാക്കണമെന്ന നിര്‍ദേശം നിരസിച്ചു. വിധിയ്‌ക്കെതിരെ ഇവര്‍ നല്‍കിയ അപ്പീലില്‍ വാദം നടക്കുന്നതിനിടെയാണ് ഇക്കാര്യം അറിയിച്ചത്.

നഷ്ടപരിഹാരം സ്വീകരിച്ച് കേസ് ഒത്തുതീര്‍പ്പാക്കാമെന്ന് കൊല്ലപ്പെട്ടയാളുടെ ബന്ധുക്കള്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇത് സ്വീകാര്യമല്ലെന്ന് പ്രതിഭാഗം വക്കീല്‍ ബിന്ധു സുരേഷ് ചെട്ടൂര്‍ കോടതിയെ അറിയിക്കുകയായിരുന്നു. നീതി ഞങ്ങളുടെ ഭാഗത്താണെന്ന വിശ്വാസമുള്ളതുകൊണ്ടാണ് ഈ തീരുമാനമെടുത്തതെന്ന് ഇവര്‍ കോടതിയെ അറിയിച്ചു.

കുറ്റകൃത്യവും, കുറ്റകൃത്യം ചെയ്യാനുപയോഗിച്ച ആയുധവും, സ്ഥലവും തമ്മലുള്ള ബന്ധം വ്യക്തമാക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു. കോടതിയുടെ മുമ്പില്‍ സമര്‍പ്പിച്ച കാര്യങ്ങള്‍ കുറ്റകൃത്യം തെളിയിക്കുന്നില്ല. കൂടാതെ കൊലപാതകത്തിന് ഉപയോഗിച്ചെന്ന് പറഞ്ഞ് ഒരായുധവും കോടതിയില്‍ തെളിവായി ഹാജരാക്കിയിട്ടില്ല. അവര്‍ കൂട്ടിച്ചേര്‍ത്തു.

കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കോടതിയില്‍ ഹാജരാക്കുകയെന്നത് പ്രോസിക്യൂഷന്റെ ചുമതലയാണ്. എന്നാല്‍ വിചാരണയ്ക്കിടയില്‍ ഒരിക്കല്‍ പോലും ആയുധം കോടതിയില്‍ ഹാജരാക്കിയിട്ടില്ലെന്നും അവര്‍ പറഞ്ഞു.

കേസിന്റെ അടുത്ത വാദം കേള്‍ക്കല്‍ ഫെബ്രുവരി 17ലേക്ക് മാറ്റി. അന്ന് കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ സാക്ഷികളെ വിസ്തരിക്കും.

2009 ജനുവരിയില്‍ ഷാര്‍ജ ലേബര്‍ ക്യാമ്പിനടത്തുവച്ചുണ്ടായ കലഹത്തിനിടയ്ക്കാണ് മിസ് രി നാസര്‍ ഖാന്‍ എന്ന പാക്കിസ്ഥാനി കൊല്ലപ്പെട്ടത്. പാക്കിസ്ഥാനികള്‍ക്കും ഇന്ത്യക്കാര്‍ക്കുമിടയിലുണ്ടായ  പ്രാദേശികമായ തര്‍ക്കമാണ് കൊലപാതകത്തിലേക്കെത്തിച്ചത്. ഇതേ തുടര്‍ന്ന് പതിനേഴ് ഇന്ത്യക്കാര്‍ക്ക് വധശിക്ഷ വിധിച്ചു.