ചണ്ഡീഗഡ്: കണക്കു പരീക്ഷയില്‍ തോറ്റതിനു ടീച്ചര്‍ക്കെതിരെ മോശം കമന്റുകള്‍ ഫെയ്‌സ് ബുക്കിലിട്ട 16 പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കു സസ്‌പെന്‍ഷന്‍. നഗരത്തിലെ പ്രമുഖ സ്വകാര്യ സ്‌കൂളായ വിവേക് ഹൈസ്‌കൂളിലാണ് സംഭവം.

പരീക്ഷയില്‍ പൂജ്യം ലഭിച്ച വിദ്യാര്‍ഥിയാണ് ആദ്യം തന്റെ ഉത്തരപ്പേപ്പറിന്റെ ഫോട്ടൊയും കമന്റുകളും ഫെയ്‌സ് ബുക്കിലിട്ടത്. തുടര്‍ന്നു 15 സഹപാഠികള്‍ മോശം കമന്റുകള്‍ പോസ്റ്റ് ചെയ്തു.

ഇതെ തുടര്‍ന്നാണ് ഈ വിദ്യാര്‍ഥികളെ സസ്‌പെന്റ് ചെയ്യാന്‍ തീരുമാനിച്ചത്. മൂന്നു മാസത്തേക്കാണു സസ്‌പെന്‍ഷന്‍. എന്നാല്‍ തീരുമാനത്തിനെതിരെ രക്ഷിതാക്കള്‍ രംഗത്തെത്തി. പൊതുപരീക്ഷ ആസന്നമായ സാഹചര്യത്തില്‍ നടപടിയെടുത്തതു ശരിയായില്ലെന്ന് അവര്‍ പറഞ്ഞു.

വിദ്യാര്‍ഥികള്‍ക്കു കുറ്റബോധമുണ്ട്. എന്നാല്‍ അവര്‍ അനുഭവിക്കുന്ന കടുത്ത മാനസിക സംഘര്‍ഷം അര്‍ഹിക്കുന്നതിനേക്കാള്‍ വലിയ ശിക്ഷയാണെന്നു രക്ഷിതാക്കള്‍ പറഞ്ഞു.