റായ്പൂര്‍: ഛത്തിസ്ഗഡില്‍ റയില്‍വേ ക്രോസ് മുറിച്ചുകടക്കുന്നതിനിടെ ട്രെയിനിടിച്ച് 16 പേര്‍ മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു. റായ്പൂരിലെ തര്‍ബാഹര്‍ സിര്‍ഗിത്തി ക്രോസിങ്ങില്‍ ശനിയാഴ്ച വൈകിട്ടാണ് സംഭവം.

ഒരു ട്രെയിന്‍ കടന്നുപോകാന്‍ കാത്തുനിന്ന ജനം ട്രെയിന്‍ പോയശേഷം ട്രാക്കിലേക്ക് കയറിയപ്പോള്‍ മറ്റൊരു ട്രെയിന്‍ വന്നിടിക്കുകയായിരുന്നു. തൊട്ടടുത്ത ട്രാക്കിലൂടെ വന്ന റായ്പൂര്‍-ബിലാസ്പൂര്‍ ട്രെയിനാണ് ഇവര്‍ക്കുമേല്‍ പാഞ്ഞുകയറിയത്.

സംഭവത്തെ തുടര്‍ന്ന് രോഷാകുലരായ ജനക്കൂട്ടം ട്രെയിന്‍ എന്‍ജിന്‍ കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തി. അക്രമാസക്തരായ ജനക്കൂട്ടം റയില്‍വേ ഓഫിസിനും സര്‍ക്കാര്‍ വാഹനങ്ങള്‍ക്കും നേരെ ആക്രമണം നടതേത്. ഒട്ടേറെ വാഹനങ്ങള്‍ കത്തിച്ചു. പൊലീസും റെയില്‍വേ പൊലീസും ഏറെ പണിപ്പെട്ടാണ് ജനക്കൂട്ടത്തെ ശാന്തരാക്കിയത്.

സംസ്ഥാന സര്‍ക്കാര്‍ മരിച്ചവരുടെ കുടുബങ്ങള്‍ക്കു 50,000 രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. സംഭവത്തെത്തുടര്‍ന്ന് ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു.