എഡിറ്റര്‍
എഡിറ്റര്‍
മനുഷ്യക്കടത്ത്:150 ശ്രീലങ്കന്‍ പൗരന്‍മാര്‍ കൊല്ലത്ത് പിടിയില്‍
എഡിറ്റര്‍
Monday 4th June 2012 10:00am

കൊല്ലം: ഓസ്‌ട്രേലിയയിലേക്ക് കടത്താനായി കൊല്ലത്ത് എത്തിച്ച 150 ശ്രീലങ്കന്‍ വംശജര്‍ പിടിയില്‍. ശ്രീലങ്കയില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും കൊല്ലത്ത് എത്തിച്ച് ബോട്ടില്‍ കടത്താന്‍ ശ്രമിക്കുമ്പോഴാണ് പൊലീസ് പിടിയിലായത്. കസ്റ്റഡിയിലായവരില്‍ 22 കുട്ടികളും 19 സ്ത്രീകളുമുണ്ട്.

ശ്രീലങ്കയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും തമിഴ്‌നാട്ടിലെ ധനുഷ്‌കോടിയിലുള്ള ശ്രീലങ്കന്‍ അഭയാര്‍ഥി ക്യാംപുകളില്‍ നിന്നുമുള്ളവരാണ് കസ്റ്റഡിയിലായത്.

ഒന്നു മുതല്‍ അഞ്ചുലക്ഷം വരെ രൂപ വാങ്ങിയാണ് ശ്രീലങ്കന്‍ സ്വദേശിയെന്ന് സംശയിക്കുന്ന ഏജന്റ് ഇവരെ കൊല്ലത്ത് എത്തിച്ചത്. ബോട്ട് കാണിച്ചുകൊടുത്ത ശേഷം ഏജന്റ് മുങ്ങിയതായും ഇവര്‍ പൊലീസിനോട് പറഞ്ഞു.

കസ്റ്റഡിയിലെടുത്തവരെ എ.ആര്‍.ക്യാംപിലേക്ക് മാറ്റി. ഇവരെ കടത്താന്‍ ഉപയോഗിച്ച ബോട്ട് ശക്തികുളങ്ങര സ്വദേശിയുടേത് ആണെന്നാണ് പ്രാഥമിക നിഗമനം. കൊല്ലത്തു നിന്ന് ശ്രീലങ്കന്‍ വംശജരെ ഓസ്‌ട്രേലിയയിലേക്ക് കടത്താന്‍ ഇതിനു മുന്‍പും പല തവണ ശ്രമങ്ങള്‍ നടന്നിരുന്നു.

ശക്തികുളങ്ങര കാവനാട് മുക്കാട് കുരിശടിക്കു സമീപം ഒരു സ്ത്രീയും മൂന്നു കുട്ടികളും ഉള്‍പ്പെടുന്ന പതിനെട്ടുപേരെ സംശയാസ്പദമായ സാഹചര്യത്തില്‍ നാട്ടുകാര്‍ ചോദ്യം ചെയ്തപ്പോഴാണ് മനുഷ്യക്കടത്തിനെ കുറിച്ച് ലോകം അറിഞ്ഞത്.

ശ്രീലങ്കന്‍ സ്വദേശികളായ തങ്ങള്‍ ഓസ്‌ട്രേലിയയിലേക്ക് പോകാന്‍ ബോട്ട് കാത്തുനില്‍ക്കുകയായിരുന്നെന്നും നാട്ടുകാര്‍ ശ്രദ്ധിച്ചതിനെ തുടര്‍ന്ന് ബോട്ട് നിര്‍ത്താതെ പോയെന്നും ഇവര്‍ വെളിപ്പെടുത്തി. തുടര്‍ന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ഒരു വന്‍ സംഘം ബോട്ടില്‍ പുറംകടലിലേക്ക് കടന്നതായി അറിഞ്ഞു.

പിന്നീട് തീരസംരക്ഷണസേനയുടെയും കോസ്റ്റല്‍ പൊലീസിന്റെയും സഹായത്തോടെ പൊലീസ് ബോട്ടിനെ പിന്തുടര്‍ന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു പൊലീസിനെ കണ്ടപ്പോള്‍ ബോട്ടിന്റെ സ്രാങ്ക് ഉള്‍പ്പെടെ അഞ്ചുപേര്‍ വെള്ളത്തിലേക്ക് ചാടി. ഇതില്‍ ഒരാളെ പിന്നീട് കസ്റ്റഡിയിലെടുത്തു.

Advertisement