കാബൂള്‍: അഫ്ഗാനിസ്താനില്‍ സ്ത്രീകള്‍ക്കെതിരെയുള്ള മതതീവ്രവാദികളുടെ അക്രമം അവസാനിക്കുന്നില്ല. സ്ത്രീ വിദ്യാഭ്യാസം മതതീവ്രവാദികള്‍ എന്നും എതിര്‍ക്കുന്ന കാര്യമാണ്. അഫ്ഗാനിസ്താന്റെ വടക്കന്‍ പ്രവിശ്യയായ തഖാറിലുള്ള കുണ്ടസിലെ സ്ത്രീ വിദ്യാര്‍ത്ഥികളോട് പക ഇവര്‍ തീര്‍ത്തത് അവര്‍ക്ക് വിഷം നല്‍കികൊണ്ടാണ്.

സ്‌കൂള്‍ കിണറ്റില്‍ വിഷം കലര്‍ത്തുകയാണ് ഇവര്‍ ചെയ്തത്.  വിഷം കലര്‍ന്ന വെള്ളം കുടിച്ച 150 ഓളം പെണ്‍കുട്ടികളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Subscribe Us:

കിണറ്റില്‍ നിന്ന് വെള്ളംകുടിച്ച വിദ്യാര്‍ത്ഥികള്‍ക്ക് തലവേദനയും ചര്‍ദ്ദിയും അനുഭവപ്പെടുകയായിരുന്നു. ഇതില്‍ ചിലരുടെ നില ഗുരുതരമായി തുടരുകയാണ്. നിസാരമായ പ്രശ്‌നങ്ങളുള്ളവരെ പ്രഥമശുശ്രൂഷ നല്‍കി പറഞ്ഞയച്ചു.

സ്‌കൂളിലെ കിണറ്റില്‍ വിഷം കലര്‍ന്നതല്ല, ആരോ മനപൂര്‍വ്വം വിഷം ചേര്‍ത്തതാണെന്ന് പബ്ലിക്ക് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് തലവന്‍ ഹഫീസുള്ള സാഫി പറയുന്നു.

താലിബാന്‍ അധികാരത്തിലിരുന്ന കാലത്ത് പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ചിരുന്നു. 1996-2001 മുതല്‍ വരെയുള്ള കാലത്ത് അഫ്ഗാനിസ്താനില്‍ പെണ്‍കുട്ടികള്‍ പഠിക്കുന്നതിന് വിലക്കുണ്ടായിരുന്നു. എന്നാല്‍ 2001ല്‍ താലിബാന്‍ അധികാരത്തില്‍ നിന്ന് പുറത്തായതോടെ പെണ്‍കുട്ടികള്‍ വിദ്യാലയങ്ങളില്‍ എത്താന്‍ തുടങ്ങി.

എന്നാല്‍ സ്‌കൂളില്‍ പോയവര്‍ക്ക് പലയിടങ്ങളില്‍ നിന്നും ക്രൂരമായ ആക്രമണങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. താലിബാനെ അനുകൂലിക്കുന്ന തെക്ക്കിഴക്കന്‍ അഫ്ഗാനിസ്താനിലുള്ള മതതീവ്രവാദികളാണ് ഇതിന് പിന്നില്‍.