എഡിറ്റര്‍
എഡിറ്റര്‍
15 പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തില്‍
എഡിറ്റര്‍
Saturday 29th September 2012 4:59pm

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ 15 എണ്ണം ലാഭത്തിലാണെന്ന് റിപ്പോര്‍ട്ട്. നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ അഞ്ചുമാസത്തെ വിലയിരുത്തലില്‍ മുന്‍പ് നഷ്ടത്തിലായിരുന്ന നാലു കമ്പനികള്‍ കൂടി ലാഭത്തിലായിട്ടുണ്ട്. എന്നാല്‍, ഏറ്റവും കൂടുതല്‍ ലാഭമുണ്ടാക്കുന്ന സ്ഥാപനങ്ങളായ കെ.എം.എം.എല്‍, ട്രാവന്‍കൂര്‍ ടൈറ്റാനിയം എന്നിവയുടെ ലാഭത്തോത് കാര്യമായി കുറഞ്ഞു.

Ads By Google

അതില്‍ ടി.ടി.പിക്കാണു ലാഭം ഏറ്റവും കുറഞ്ഞത്. മുന്‍വര്‍ഷം ആദ്യ അഞ്ചുമാസത്തില്‍ 17 കോടി ലാഭം നേടിയ കമ്പനിക്ക് ഇക്കുറി 23 ലക്ഷം മാത്രമാണു ലാഭം. കരിമണല്‍ കിട്ടാനില്ലാതിരുന്നതാണ് കാരണം. കെഎംഎംഎല്ലിനു മുന്‍ വര്‍ഷം 73 കോടി ലാഭമുണ്ടായിരുന്നത് ഇപ്പോള്‍ 40 കോടിയായി കുറഞ്ഞു. കരിമണല്‍ (ഇല്‍മനൈറ്റ്) കിട്ടാനില്ലാതിരുന്നതും സിന്തറ്റിക് റൂട്ടെയിലിന്റെ രാജ്യാന്തര വിലയില്‍ 22% കുറവ് വന്നതും കാരണമാണ്.

കരിമണല്‍ കിട്ടാനില്ലാതിരുന്ന പ്രശ്‌നം പരിഹരിച്ചു. അതിനാല്‍, വര്‍ഷാന്ത്യമാകുമ്പോഴേക്കും ലാഭം കൂടുമെന്ന് കരുതപ്പെടുന്നു. ഹാന്‍ടെക്‌സ്, ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ് ട്രാവന്‍കൂര്‍, സീതാറാം ടെക്‌സ്‌റ്റൈല്‍സ്, ആര്‍ട്ടിസാന്‍സ് വികസന കോര്‍പറേഷന്‍ എന്നിവയാണ് മുന്‍വര്‍ഷം നഷ്ടത്തിലായിരുന്നിട്ട് ഇക്കൊല്ലം ലാഭത്തിലായ കമ്പനികള്‍. ഹാന്‍ടെക്‌സിന് 1.6 ലക്ഷവും, ഫോറസ്റ്റ് ഇന്‍ഡസ്ട്രീസിനു നാലു ലക്ഷവും, സീതാറാം ടെക്‌സ്‌റ്റൈല്‍സിന് ഒന്‍പതു ലക്ഷവും ആര്‍ട്ടിസാന്‍സ് കോര്‍പറേഷന് 1.1 ലക്ഷവുമാണ് ലാഭം.

സ്വകാര്യമേഖലയെ മാത്രമല്ല പൊതുമേഖലയെയും പ്രോല്‍സാഹിപ്പിക്കാനാണ് ഗവണ്‍മെന്റ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി അറിയിച്ചു. വൈവിധ്യവല്‍ക്കരണവും,  കേന്ദ്ര പൊതുമേഖലയുമായി ചേര്‍ന്നുള്ള സംയുക്ത സംരംഭങ്ങളും നടപ്പാക്കും. കമ്പനികള്‍ സ്ഥിരം നിയമനങ്ങള്‍ക്ക് പകരം താല്‍ക്കാലിക നിയമനങ്ങള്‍ നടത്തുന്നത് അവസാനിപ്പിക്കണമെന്ന് വ്യവസായ അഡീഷനല്‍ ചീഫ് സെക്രട്ടറി വി. സോമസുന്ദരന്‍ ആവശ്യപ്പെട്ടു.

താല്‍ക്കാലിക നിയമനങ്ങള്‍ക്കും ചട്ടങ്ങളുണ്ടാവണം. ഒഴിവുകള്‍ പിഎസ്‌സി ക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടത് അവിടെയും, റിയാബിന് (പൊതുമേഖലാ പുനരുദ്ധാരണ ബോര്‍ഡ്) റിപ്പോര്‍ട്ട് ചെയ്യേണ്ടത് അവിടെയും ചെയ്യണം.

റിയാബ് വഴി മാത്രമേ പൊതുമേഖലാ കമ്പനികളുടെ നിയമനങ്ങള്‍ നടത്താവൂ. വിരമിച്ച് കഴിഞ്ഞ് തുടരുന്നവരെ മുഴുവന്‍ ഒഴിവാക്കണം. ഈ നിര്‍ദേശം മിക്ക കമ്പനികളും പാലിച്ചിട്ടുണ്ട്.

Advertisement