തൃശ്ശൂര്‍: ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ആനന്ദ് വെട്ടേറ്റ് മരിച്ച സംഭവത്തിന് പിന്നാലെ തൃശ്ശൂര്‍ ജില്ലയില്‍ മൂന്നിടത്ത് നിരോധനാജ്ഞ. ഗുരുവായൂര്‍, ഗുരുവായൂര്‍ ടെമ്പിള്‍, പാവറട്ടി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് നിരോധനാജ്ഞ. ഇന്നും നാളെയും നിരോധനാജ്ഞ നിലനില്‍ക്കും.

കൊലപതാകത്തെ തുടര്‍ന്ന് ആര്‍.എസ്.എസ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ ആരംഭിച്ചിരിക്കുകയാണ്. മണലൂര്‍, ഗുരുവായൂര്‍ മണ്ഡലങ്ങളിലാണ് ഹര്‍ത്താല്‍. ഹര്‍ത്താലില്‍ നിന്ന് വാഹനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്.

ഇന്നലെ ആനന്ദിന്റെ അനുശോചന യോഗത്തിന് പിന്നാലെ മുല്ലശ്ശേരി ടൗണില്‍ അക്രമം അഴിച്ചു വിട്ട സംഘപ്രവര്‍ത്തകര്‍ പൊലീസിനേയും ആക്രമിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

അക്രമത്തെ ചോദ്യം ചെയ്യാനെത്തിയ പൊലീസിനെ സംഘം ചേര്‍ന്നെത്തിയ സംഘ പ്രവര്‍ത്തകര്‍ അസഭ്യം പറഞ്ഞും ഭീഷണിപ്പെടുത്തിയും അവിടെ നിന്നും മടക്കി അയക്കുകയായിരുന്നു. പൊലീസ് വാഹനത്തേയും ഇവര്‍ ആക്രമിച്ചിരുന്നു.


Also Read: ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ച സംഭവത്തിന് പിന്നാലെ മുല്ലശേരിയില്‍ സംഘ പരിവാറിന്റെ അഴിഞ്ഞാട്ടം; അക്രമം പൊലീസിനു നേരേയും, വീഡിയോ


നെന്മണിക്കര സ്വദേശി ആനന്ദാണ് ഇന്നലെ വെട്ടേറ്റ് മരിച്ചത്. സി.പി.ഐ.എം പ്രവര്‍ത്തകന്‍ ഫാസില്‍ കൊല്ലപ്പെട്ട കേസിലെ പ്രതിയായിരുന്നു ആനന്ദ്.

ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ആനന്ദിനെ കാറിലെത്തിയ അക്രമി സംഘമാണ് വെട്ടിയത്. ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെ യായിരുന്നു അക്രമം.

ബൈക്കില്‍ സഞ്ചരിച്ച ആനന്ദിനെ ഇടിച്ചുവീഴ്ത്തിയശേഷം സംഘം വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആനന്ദിനെ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.