കൊച്ചി: കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പക്കെതിരായി കലാപക്കൊടി ഉയര്‍ത്തിയ രണ്ട് മന്ത്രിമാര്‍ ഉള്‍പ്പെടയുള്ള 14 വിമത എം.എല്‍.എമാര്‍ കൊച്ചിയിലെത്തി. മന്ത്രിമാരായ രേണുക ആചാര്യയും നരേന്ദ്രസ്വാമിയുമാണ് സംഘത്തിനൊപ്പമുള്ളത്. 19 ബി.ജെ.പി എം.എല്‍.എമാരാണ് യെദ്യൂരപ്പക്കെതിരായി രംഗത്തുള്ളത്. കൊച്ചിയിലെ ഒരു റിസോര്‍ട്ടിലേക്കാണ് ഇവര്‍ എത്തിയിരുന്നത്. എന്നാല്‍ കേരളത്തിലെ ബി.ജെ.പി പ്രവര്‍ത്തകരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് വിമത ബി.ജെ.പി എം.എല്‍.എമാര്‍ മുംബൈയിലേക്ക് പോയി. അതേസമയം ക്ഷേത്രദര്‍ശനത്തിനായി കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ ഇന്ന് തളിപ്പറമ്പില്‍ എത്തുമെന്ന് അറിയിച്ചുട്ടുണ്ട്

തങ്ങള്‍ക്കൊപ്പമാണ് കുടുതല്‍ എം.എല്‍.എമാരുള്ളതെന്ന് പറഞ്ഞ സംഘം വരും ദിവസങ്ങളില്‍ കൂടുതല്‍ എം.എല്‍.എമാര്‍ തങ്ങളുടെ ഒപ്പം ചേരുമെന്നും അറിയിച്ചു. വികസനത്തിലും മതേതരത്വത്തിലും ഊന്നിയ ശക്തമായ ഭരണത്തിന് നേതൃത്വം നല്‍കുന്നതില്‍ യെദ്യൂരപ്പ പരാജയപ്പെട്ടു. ചെന്നൈയില്‍ വെച്ചാണ് പിന്തുണ പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്നും ഇവര്‍ അറിയിച്ചു. ഇപ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കുന്നില്ലെന്ന് പറഞ്ഞ വിമതര്‍ നാളെ വൈകീട്ട് കേരളത്തില്‍ വെച്ച് തന്നെ കൂടുതല്‍ കാര്യങ്ങള്‍ അറിയീക്കാമെന്നും പറഞ്ഞിരുന്നു. ഇന്നെലെ രാത്രിയോടയാണ് വിമതര്‍ മുംബൈയിലേക്ക് പോയത്.