മക്ക: മക്കയില്‍ കെട്ടിടത്തിന് തീപിടിച്ച് 13 ഹജ്ജ് തീര്‍ഥാടകര്‍ക്ക് പൊള്ളലേറ്റു. 179 തീര്‍ത്ഥാടകര്‍ താമസിച്ചിരുന്ന കെട്ടിടത്തിനാണ് തീപിടിച്ചത്. ഇവരില്‍ അധികം പേരും ഇന്ത്യയില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നുമുള്ള തീര്‍ത്ഥാടകരാണ്.

Ads By Google

Subscribe Us:

മക്ക സിറ്റിയിലെ ഒന്‍പതു നില കെട്ടിടത്തിനാണ് തീപിടിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. തീ ഉയരുന്നത് കണ്ട തീര്‍ത്ഥാടകര്‍ ഉടന്‍ വിവരം അധികൃതരെ അറിയിക്കുകയായിരുന്നു.

ഉടന്‍ തന്നെ അഞ്ച് അഗ്നിശമന സേനാസംഘങ്ങളും മൂന്ന് രക്ഷാദൗത്യ സംഘങ്ങളും സംഭവസ്ഥലത്തെത്തി കെട്ടിടത്തിലുണ്ടായിരുന്ന മുഴുവന്‍ പേരെയും ഒഴിപ്പിച്ചു. തുടര്‍ന്നാണ് തീയണയ്ക്കാന്‍ തുടങ്ങിയത്.

അഗ്നിശമന സേനയും രക്ഷാദൗത്യ സംഘത്തിന്റെയും സമയോചിതമായ ഇടപെടലാണ് അപകടത്തിന്റെ തീവ്രത കുറച്ചത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ലെന്ന് അധികൃതര്‍ അറിയിച്ചു.

സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് സിവില്‍ ഡിഫെന്‍സ് അറിയിച്ചു. ലോകത്തിന്റെ നാനാഭാഗത്ത് നിന്നുമുള്ള രണ്ട് മില്യണ്‍ തീര്‍ത്ഥാടകരാണ് നിലവില്‍ മക്കയില്‍ ഉള്ളത്. തീര്‍ത്ഥാടകര്‍ എല്ലാം സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.