ന്യൂദല്‍ഹി: രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും 15 ദിവസത്തേക്കു അതീവ ജാഗ്രത പാലിക്കുവാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കി. ഇന്ത്യന്‍ വിമാനം റാഞ്ചി ആക്രമണം നടത്താന്‍ ഭീകരര്‍ പദ്ധതി തയ്യാറാക്കിയതായുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് അതീവ ജാഗ്രത പ്രഖ്യാപിച്ചെത്.

സാര്‍ക്ക് രാജ്യങ്ങളിലെ ഇന്ത്യന്‍ എയര്‍ലൈന്‍സ്, എയര്‍ ഇന്ത്യ ,ഓഫിസുകളുടെ സുരക്ഷ വര്‍ധിപ്പിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സാര്‍ക്ക് രാജ്യങ്ങളിലേതിലെങ്കിലും നിന്നും ഇന്ത്യന്‍ വിമാനം റാഞ്ചി ആക്രമണം നടത്താനാണ് ഭീകരര്‍ പദ്ധതിയിട്ടിരിക്കുന്നതെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞദിവസം അറസ്റ്റിലായ ഹുജി ഭീകരനാണ് ചോദ്യം ചെയ്യലിനിടെ ഇക്കാര്യം വെളിപ്പെടുത്തിയതെന്നും ഇന്റലിജന്‍സ് വൃത്തങ്ങള്‍ അറിയിച്ചു.

വിമാനത്താവളത്തിലെ സാധരണ പരിശോധനക്ക് ശേഷം വിമാനത്തില്‍ കയറുന്നതിന് തൊട്ടുമുമ്പ് ഗോവണിയില്‍ വച്ചും പരിശോധന നടത്തും. വിമാനങ്ങള്‍ക്കുള്ളില്‍ സുരക്ഷ കമാന്‍ഡോകളെ നിയമിക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു.