Categories

ലാവ്‌ലിന്‍: കാര്‍ത്തികേയനെ വീണ്ടും ചോദ്യം ചെയ്തു

gkarthikeyan-rwചെന്നൈ: എസ്.എന്‍.സി. ലാവലിന്‍ കേസില്‍ മുന്‍ വൈദ്യുതി മന്ത്രി ജി.കാര്‍ത്തികേയനെ സി.ബി.ഐ വീണ്ടും ചോദ്യം ചെയ്തു. ഇന്നു രാവിലെ ചെന്നൈ ഓഫീസിലേക്ക് വിളിച്ചുവരുത്തിയിരുന്നു നാലു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യല്‍. ഇത് മൂന്നാമത്തെ തവണയാണ് കാര്‍ത്തികേയനെ ചോദ്യം ചെയ്യുന്നത്.

ഈമാസം 11ന് കാര്‍ത്തികേയനെ കോഴിക്കോട്ട് വെച്ച് സി.ബി.ഐ സംഘം ചോദ്യം ചെയ്തിരുന്നു. ഒരാഴ്ചക്കുള്ളില്‍ വീണ്ടും അദ്ദേഹത്തെ ചെന്നൈയിലെ ഓഫീസിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്തത് അസാധാരണമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ മാസം 24ന് പിണറായി വിജയന്‍ അടക്കമുളള എല്ലാ പ്രതികളും കേസില്‍ എറണാകുളം സി.ബി.ഐ കോടതിയില്‍ ഹാജരാകേണ്ടതുണ്ട്.

ലാവലിന്‍ ഇടപാടില്‍ കണ്‍സള്‍ട്ടന്‍സി കരാര്‍ ഒപ്പിട്ടത് വൈദ്യുതി മന്ത്രിയായിരുന്ന കാര്‍ത്തികേയന്റ കാലത്തായിരുന്നു. എന്നാല്‍ ഭരണം മാറിയതിനാല്‍ കരാറിന്റെ ‘സാമ്പത്തിക ഗുണഫലം’ കാര്‍ത്തികേയന് ലഭിച്ചില്ലെന്ന് പറഞ്ഞ് സി.ബി.ഐ പ്രകിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു.

എന്നാല്‍ കേസ് പരിഗണിക്കവേ ഇങ്ങനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയവര്‍ക്കെതിരെ കൂടുതല്‍ അന്വേഷണം നടത്താന്‍ കൊച്ചിയിലെ പ്രത്യേക കോടതി സി.ബി.ഐക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സി.ബി.ഐ വീണ്ടും നടപടിയെടുക്കുന്നത്.

ഇന്നു രാവിലെ 9.30 ന് കാര്‍ത്തികേയന്‍ ഒറ്റക്ക് ചെന്നൈ നുങ്കംപാക്കത്തെ ശാസ്ത്രി ഭവനിലുളള സി.ബി.ഐ ഓഫീസില്‍ എത്തിച്ചേരുകയായിരുന്നു. നാലു മണിക്കൂറിന് ശേഷം ഒന്നരക്കാണ് അദ്ദേഹം പുറത്തിറങ്ങിയത്. ചോദ്യം ചെയ്യല്‍ അതീവ രഹസ്യമാക്കിവെച്ചെങ്കിലും സംഭവമറിഞ്ഞ് ഒരു വാര്‍ത്താചാനല്‍ സംഘം സി.ബി.ഐ ഓഫീസിന് മുന്നില്‍ കാത്തു നിന്ന് ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. കോഴിക്കോടുവച്ച് കാര്‍ത്തികേയനെ ചോദ്യം ചെയ്ത സി.ബി.ഐ ഡി.വൈ.എസ്.പി അശോക് കുമാറിന്റെ നേതൃത്വത്തിലുളള സംഘം തന്നെയാണ് ചെന്നൈയിലും ചോദ്യം ചെയ്തത്.

Comments are closed.