ഇസ്‌ലാമാബാദ്: ഇന്ത്യന്‍ സര്‍ക്കാര്‍ നല്‍കിയ പത്രപരസ്യത്തില്‍ തന്റെ ചിത്രം വന്നത് നിഷ്‌കളങ്കമായ പിഴവാണെന്ന് പാക് വ്യോമസേന മുന്‍ തലവന്‍ തന്‍വീര്‍ മെഹ്മൂദ്. ‘ വിവാദ പരസ്യം വന്ന പത്രം താന്‍ കണ്ടിട്ടില്ല. ഗോള്‍ഫ് മാച്ചുമായി ബന്ധപ്പെട്ട തിരക്കിലാണ് ഞാന്‍. അറിയാതെ സംഭവിച്ചതായിരിക്കുമെന്നാണ് താന്‍ കരുതുന്നത്. നിഷ്‌കളങ്കമായ പിഴവായിരിക്കുമത്’- അദ്ദേഹം പറഞ്ഞു.

കേന്ദ്ര വനിതാ, ശിശുക്ഷേമ മന്ത്രാലയം പുറത്തിറക്കിയ പരസ്യത്തിലാണ് സോണിയാഗാന്ധി, കപില്‍ദേവ് തുടങ്ങിയ ഇന്ത്യന്‍ പ്രമുഖരോടൊപ്പം പാക് സേനാ തലവന്റെ ഫോട്ടോ വന്നത്. സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച പ്രധാനമന്ത്രിയുടെ ഓഫീസ് വിശദമായ അന്വേഷണത്തിനു ഉത്തരവിട്ടിട്ടുണ്ട്.