kodiyeryകോഴിക്കോട്: പോള്‍ എം. ജോര്‍ജ് വധക്കേസില്‍ പോലീസ് യാതൊരു കൃത്രിമ തെളിവുകളും നിര്‍മിച്ചിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍.അന്വേഷണത്തിന് കൃത്രിമ തെളിവുകള്‍ നിര്‍മ്മിക്കില്ലെന്നും കോടിയേരി പറഞ്ഞു. നിയമാനുസൃതമായി മാത്രമേ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുകയുള്ളൂ.പോലീസ് കൃത്രിമ തെളിവുള്‍ നിര്‍മ്മിക്കാറുണ്ടെന്ന പി ജയരാജന്റെ പ്രസ്താവനയെക്കുറിച്ച് ആരാഞ്ഞപ്പോള്‍ അതിനെക്കുറിച്ച് അറിയില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി.കോഴിക്കോട്ട് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചില മാധ്യമങ്ങള്‍ ദുഷ്ടലാക്കോടെയാണ് വാര്‍ത്തകള്‍ നല്‍കുന്നത്.കിട്ടുന്ന വിവരങ്ങള്‍ അന്വേഷണ ഏജന്‍സിക്ക് കൈമാറണമെന്നും അദ്ദേഹം പറഞ്ഞു.ആരോപണങ്ങള്‍ ഉന്നയിക്കുന്ന പത്രങ്ങള്‍ക്കും നേതാക്കള്‍ക്കും എതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നതിനെ കുറിച്ച് പരിശോധിച്ചു വരികയാണ്. തമിഴ്‌നാട്ടില്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നവരോട് പോലീസ് തെളിവുകള്‍ ആവശ്യപ്പെടാറുണ്ടെന്നും കോടിയേരി പറഞ്ഞു.ഇക്കാര്യത്തില്‍ തമിഴ്‌നാട് മാതൃക സ്വീകരിക്കാമോ എന്നാണ് പരിശോധിക്കുന്നത്.

തെളിവുകള്‍ നിരത്തി അന്വേഷണ ഉദ്യോഗസ്ഥരെ സഹായിക്കുകയാണ് മാധ്യമപ്രവര്‍ത്തകര്‍ ചെയ്യേണ്ടത്. എന്നാല്‍ അന്വേഷണം വഴിതിരിച്ചു വിടാനാണ് ചില മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. എന്തെങ്കിലും വിവരങ്ങള്‍ കൈയിലുണ്ടെങ്കില്‍ അന്വേഷണ ഏജന്‍സിക്കു കൈമാറുകയും നിയമാനുസൃതം പ്രവര്‍ത്തിക്കുകയുമാണ് ചെയ്യേണ്ടത്. കേസില്‍ ആരെയും രക്ഷിക്കാന്‍ സര്‍ക്കാരോ പോലീസോ ശ്രമിച്ചിട്ടില്ല.മാധ്യമങ്ങളില്‍ പേരും പടവും വേരുന്നതിനുവേണ്ടി എന്തെങ്കിലുമൊക്കെ വിളിച്ചുപറയാതെ കയ്യിലുള്ള തെളിവുകള്‍ വെളിപ്പെടുത്തകയാണ് ആരോപണമുന്നയിക്കുന്നവര്‍ ചെയ്യേണ്ടതെന്നും കോടിയേരി പറഞ്ഞു.

ഓംപ്രകാശിനെയും പുത്തന്‍പാലം രാജേഷിനെയും സുകുമാരക്കുറുപ്പുമാരായി കൊണ്ടുനടക്കാനായിരുന്നു മാധ്യമങ്ങളുടെ താല്‍പര്യം.വധക്കേസില്‍ കുപ്രസിദ്ധരായ രണ്ടുഗുണ്ടകളെ അറസ്റ്റുചെയ്തിട്ടും മാധ്യമങ്ങള്‍ കുപ്രചാരണങ്ങള്‍ തുടരുകയാണ്.ഓംപ്രകാശിനെയും രാജേഷിനെയും പിടിക്കുന്നില്ലെന്നായിരുന്നു നേരത്തെ പരാതി. പിടികൂടിയപ്പോള്‍ അവരെ പ്രതിചേര്‍ത്തു എന്ന് പറഞ്ഞാണ് വിവാദങ്ങളുണ്ടാക്കുന്നത്. പ്രതികളുടെ വാദം ഏറ്റെടുത്ത് നടത്തുന്ന അവസഥയിലാണ് ഇപ്പോള്‍ മാധ്യമങ്ങള്‍. സര്‍ക്കാരിന് ഇവരെ സംരക്ഷിക്കാന്‍ യാതോരുതരത്തിലുള്ള ഉദ്ദേശ്യവുമില്ല. ഗുണ്ടാ ആക്ട് പ്രകാരം ആറ് മാസം ജയിലിലായിരുന്നു പുത്തന്‍പാലം രാജേഷ്. പുറത്തിറങ്ങിയെ ഉടനെ ഈ കേസില്‍ അറസ്റ്റിലുമായി. ഇവരെ രക്ഷിക്കണമെന്നുണ്ടായിരുന്നെങ്കില്‍ കസ്റ്റഡിയിലെടുക്കേണ്ട കാര്യമില്ലായിരുന്നുവെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.ഓംപ്രകാശിനെയും പുത്തന്‍പാലം രാജേഷിനെയും പോള്‍ വധക്കേസില്‍ പ്രതിചേര്‍ക്കണമെന്നാവശ്യപ്പെട്ട് ആഗസ്ത് 28 ന് പോലീസ് രാമങ്കരി ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് കൊടുത്തിരുന്നു. ഇവിടത്തെ അന്വേഷണാത്മക പത്രപ്രവര്‍ത്തകര്‍ ഇത് അറിഞ്ഞു പോലുമില്ല- കോടിയേരി പറഞ്ഞു.

ഓംപ്രകാശിനെ കുറിച്ചുള്ള അച്ഛന്റെ വെളിപ്പെടുത്തലുകള്‍ മകനെ രക്ഷിക്കാനുള്ള അച്ഛന്റെ വ്യഗ്രത മാത്രമാണ്.കേസ് അട്ടിമറിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നി്‌ന്നോ പോലീസിന്റെ ഭാഗത്ത് നിന്നോ ഒരുതരത്തിലുള്ള ശ്രമങ്ങളും നടക്കുന്നില്ല. അന്വേഷണം ഫലപ്രദമായാണ് നടക്കുന്നത്. ഐ.ജി വിന്‍സന്‍ എം പേളിന്റെ നേതൃത്വത്തില്‍ രണ്ട് എസ്.പിമാരും, ഡി.വൈ.എസ്.പിയും, സി.ഐമാരുമടങ്ങിയ സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമാണിതിനുള്ളത്. തെളിവുകളുടെ അടിസ്ഥാനത്തില്‍ മുഴുവന്‍ പ്രതികളെയും പിടികൂടും. പോസ്റ്റ്‌മോര്‍ട്ടം റിപ്പോട്ടില്‍ കൃത്രിമം നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കേണ്ടത് കോടതിയാണ്.

സംഭവം നടന്ന സ്ഥലത്തു നിന്ന് പോലീസിന് രണ്ടു മൊബൈല്‍ ഫോണുകള്‍ ലഭിച്ചിട്ടുണ്ട്. ഇതില്‍ ആരുടെയെല്ലാം നമ്പറുകള്‍ ഉണ്ടെന്നും പോലീസിന് അറിയാം. ഇതു പുറത്തറിയുമ്പോള്‍ ചിലര്‍ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടാകും. അതുകൊണ്ടാണ് അന്വേഷണം വഴിതിരിക്കാന്‍ ശ്രമം നടക്കുന്നത്. സംഭവസ്ഥലത്തു നിന്നുള്ള മൊബൈല്‍ ഫോണില്‍ നിന്നു ലഭിച്ച സിം കാര്‍ഡിന്റെ ഉടമസ്ഥയെ കണ്ടെത്തി അതനുസരിച്ചാണ് അന്വേഷണം മുന്നോട്ടു പോകുന്നത്.

ചെന്നിത്തലയ്ക്കും കെ സുധാകരനും തന്നോട് ഇപ്പോള്‍ വലിയ സ്‌നേഹമാണ്. സുധാകരന്റെ സ്‌നേഹം എവിടെക്കൊണ്ടെത്തിക്കും എന്നറിയില്ല.സി.പി.ഐ.എം നേതാക്കളെ തമ്മിലടിപ്പിക്കുന്നതിനാണിത്. അതിനു വച്ച വെള്ളം ഇറക്കി വയ്ക്കണമെന്നാണ് ഇവരോട് പറയാനുള്ളതെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.