Categories

വരള്‍ച്ച, വിലക്കയറ്റം:മന്ത്രിമാര്‍ വയര്‍ മുറുക്കിയുടുക്കണമെന്ന് പ്രണബിന്റെ നിര്‍ദേശം



pranab-rwകടുത്ത വരള്‍ച്ച, ക്ഷാമം, വിലവര്‍ധന. രാജ്യം കടുത്ത ഭക്ഷ്യപ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. കടുത്ത വരള്‍ച്ചയില്‍ കൃഷി നശിച്ച് കര്‍ഷക ജനത നിരാശരായിക്കഴിഞ്ഞു. ദാരിദ്ര്യത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഗ്രാമങ്ങളില്‍ കര്‍ഷക ആത്മഹത്യകളും മനുഷ്യവില്‍പനയും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഇതിനിടെയാണ് നാലു സംസ്ഥാനങ്ങളില്‍ അസംബ്ലി തിരഞ്ഞെടുപ്പ് വരുന്നത്. കേന്ദ്രമന്ത്രിമാരുടെ തീവ്ര ചെലവ് ചരുക്കല്‍ യത്‌നത്തെ ഈ സാഹചര്യത്തില്‍ വായിച്ചെടുക്കാം.

മന്ത്രിമാര്‍ പരമാവധി ചെലവ് ചരുക്കണമെന്ന് ധനമന്ത്രി പ്രണബ് മുഖര്‍ജി കഴിഞ്ഞ മന്ത്രിസഭായോഗത്തില്‍ നിര്‍ദേശിച്ചു. അഭ്യന്തര വിമാനയാത്രയില്‍ എക്കോണമി ക്ലാസ് ഉപയോഗിക്കണമെന്നും സമ്മേളനങ്ങള്‍ക്കും യോഗത്തിനും ഹോട്ടലുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കി സ്വന്തം കോണ്‍ഫറന്‍സ് ഹാളുകള്‍ ഉപയോഗിക്കണമെന്നതുമുള്‍പ്പെടെയുള്ള നിര്‍ദേശങ്ങളായിരുന്നു പ്രണബ് മുന്നോട്ട് വെച്ചത്. ചില മന്ത്രിമാര്‍ നിര്‍ദേശത്തെ എതിര്‍ത്തെങ്കിലും ഭൂരിപക്ഷവും അനുകൂലിച്ചു. ഡല്‍ഹിയില്‍ പഞ്ച നക്ഷത്ര ഹോട്ടലില്‍ സുഖവാസം നടത്തിയിരുന്ന കേന്ദ്രമന്ത്രിമാരായ എസ് എം കൃഷണയോടും ശശി തരൂരിനോടും ഇവിടം വിടാന്‍ പ്രണബ് ആവശ്യപ്പെട്ടതിന്റെ തൊട്ട്് പിന്നാലെയാണ് ചെലവ് ചുരുക്കല്‍ പരിപാടിക്ക് അദ്ദേഹം തുടക്കമിട്ടത്.

മന്ത്രിമാര്‍ക്ക് വേണ്ടി സര്‍ക്കാര്‍ ചെലവഴിക്കുന്നതിന്റെ കൂടുതല്‍ തുകയും യാത്രാ ആവശ്യങ്ങള്‍ക്കാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2007-08 വര്‍ഷത്തില്‍ മന്ത്രിമാരുടെ ചെലവിന്റെ 75 ശതമാനവും ഒടുക്കേണ്ടി വന്നത് യാത്രാ ആവശ്യങ്ങള്‍ക്കാണ്. 2006-07ല്‍ അത് 67 ശതമാനവും 2005-06ല്‍ അത് 62 ശതമാനവും ആയിരുന്നു. വര്‍ഷം തോറും യാത്രാ അവശ്യങ്ങള്‍ക്ക് വേണ്ടിയുള്ളചെലവ് വര്‍ധിച്ചുവരുന്നതായാണ് ഇത് സൂചിപ്പിക്കുന്നത്.
2007-08 വര്‍ഷത്തില്‍ ലഭ്യമായ കണക്ക് പ്രകാരം കേന്ദ്രമന്ത്രിമാര്‍ക്ക് വേണ്ടി ആകെ ചെലവായത് 138 കോടി രൂപയാണ്. 2006-07 വര്‍ഷത്തില്‍ അത് 182 കോടിയും 2005-06 വര്‍ഷത്തില്‍ അത് 121 കോടിയുമായിരുന്നു. 2007-08ല്‍ യാത്രകള്‍ക്ക് മാത്രമായി 138 കോടി ചെലവഴിച്ചു. 2006-07 ല്‍ അത് 61 കോടിയായിരുന്നു. 2007-08 വര്‍ഷത്തില്‍ പ്രധാനമന്ത്രിക്ക് വേണ്ടി ചെലവഴിച്ചത് 15.66 കോടി രൂപയും ന്യായാധിപന്‍മാര്‍ക്ക് വേണ്ടി ചെലവഴിച്ചത് 184 കോടി രൂപയുമാണ്.

അതേസമയം ധനകാര്യ മന്ത്രാലയം നിര്‍ദേശിച്ച ചെലവു ചുരുക്കല്‍ നടപടികള്‍ മറ്റു മന്ത്രിമാര്‍ക്ക് സ്വീകാര്യമായാലും ഇല്ലെങ്കിലും മാതൃകകാണിച്ച് മറ്റ് മന്ത്രിമാരെ സമ്മര്‍ദത്തിലാക്കാനാണ് ധനമന്ത്രി പ്രണബ് മുഖര്‍ജിയുടെ തീരുമാനം. ഇന്നലെ ഡല്‍ഹിയില്‍ നിന്ന് കൊല്‍ക്കത്തയിലേക്കുള്ള യാത്രക്ക് അദ്ദേഹം തിരഞ്ഞെടുത്തത് ചെലവു കുറഞ്ഞ വിമാനത്തിലെ ഇക്കോണമി ക്ലാസാണ്. മടക്കയാത്രയും എയര്‍ ഇന്ത്യയുടെ ഇക്കോണമി ക്ലാസിലായിരിക്കുമെന്ന് മന്ത്രി പറഞ്ഞു.
‘താന്‍ ഇക്കോണമി ക്ലാസില്‍ സഞ്ചരിക്കുന്നത് പുതുമയല്ല. തിരഞ്ഞെടുപ്പ് സമയത്തും സാധാരണക്കാര്‍ക്കൊപ്പമാണ് താന്‍ വിമാനത്തില്‍ യാത്ര ചെയ്തത്’-അദ്ദേഹം പറഞ്ഞു.
സൈപ്രസ്സില്‍ കോമണ്‍വെല്‍ത്ത് മന്ത്രിമാരുടെ യോഗത്തിനുള്ള പ്രത്യേക വിമാനയാത്ര പ്രണബ് റദ്ദാക്കിയേക്കുമെന്നറിയുന്നു. തുര്‍ക്കിയിലെ ലോകബാങ്ക് സമ്മേളനത്തിനുള്ള യാത്രയിലും ഇക്കോണമി ക്ലാസില്‍ സഞ്ചരിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം. ചിലമന്ത്രിമാര്‍ എതിര്‍ത്തിട്ടുണ്ടെങ്കിലും മമതാ ബാനര്‍ജി, പ്രഫല്‍ പട്ടേല്‍, ദിനേശ് ത്രിവേദി, ജയറാം രമേശ് തുടങ്ങിയ മന്ത്രമാര്‍ മമതക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Comments are closed.