kg-balkrishnan-rwന്യൂഡല്‍ഹി: അഴിമതിക്കേസുകളില്‍ പൊതുപ്രവര്‍ത്തകരെ വിചാരണ ചെയ്യുന്നതിന് നിയമത്തിന് പരിമിതികളുണ്ടെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് കെ.ജി.ബാലകൃഷ്ണന്‍ പറഞ്ഞു. അഴിമതിക്കെതിരായ പോരാട്ടം എന്ന വിഷയത്തില്‍ ഡല്‍ഹിയില്‍ സി.ബി.ഐ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഴിമതി കേസുകളില്‍ പൊതു പ്രവര്‍ത്തകര്‍ക്കെതിരെ നടപടി എടുക്കണമെങ്കില്‍ ഉന്നത അധികാരികളുടെ മുന്‍കൂര്‍ അനുമതി നേടണമെന്ന അഴിമതി നിരോധന ചട്ടത്തിലെ വ്യവസ്ഥക്കെതിരെ പല കേന്ദ്രങ്ങളില്‍ നിന്നും രൂക്ഷവിമര്‍ശനം ഉയരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.വിചാരണക്ക് അനുമതി നല്‍കാതിരിക്കുകയോ, കാലതാമസം വരുത്തുകയോ ചെയ്താല്‍ അത് കുറ്റക്കാര്‍ക്ക് രക്ഷാകവചമായി മാറുമെന്നും കെ.ജി.ബലകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. അന്വേഷണ ഏജന്‍സികള്‍ക്ക് ആവശ്യമായ തെളിവുകള്‍ ലഭിച്ചാലും മറ്റ് പല പരിഗണനകള്‍ മൂലം വിചാരണക്ക് അനുമതി നല്‍കാതിരിക്കുന്ന സ്ഥിതിവിശേഷവും ഉണ്ട്. ചില കേസുകളില്‍ വിചാരണക്ക് അനുമതി നിഷേധിക്കുമ്പോള്‍ ഉന്നത കോടതിയെ സമീപിക്കേണ്ട സാഹചര്യവുമുണ്ട്. ഇത് കേസ് അനിശ്ചിതമായി നീണ്ടുപോകുന്നതിന് കാരണമാകുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

Subscribe Us:

ആരോപണ വിധേയനാവുന്ന ആള്‍ക്കെതിരെ മുഴുവന്‍ തെളിവുകളുമുണ്ടെങ്കിലും അന്വേഷണ ഏജന്‍സിയെ വിഷമിപ്പി്ക്കുന്നതാണ് വിചാരണ നടപടി്ക്ക് മുന്‍കൂര്‍ അനുമതി വേണമെന്ന വ്യവസ്ഥയെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.പ്രോസിക്യൂഷന്‍ അനുമതിയുടെ പേരില്‍ ഈ വ്യവസ്ഥ ദുരുപയോഗപ്പെടുന്നുണ്ട്.അഴിമതി നിരോധന നിയമത്തിലെ ഈ വ്യവസ്ഥ ജനപ്രതിനിധികള്‍ക്കെതിരെ അനാവശ്യമായ ആരോപണങ്ങള്‍ തടയുന്നതിനാണ്.

സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും നീതി ലഭ്യമാക്കുന്ന കാര്യത്തില്‍ വീഴ്ചയുണ്ടാകുന്നതായി ചീഫ് ജസ്റ്റീസ് വ്യക്തമാക്കി.നിലവില്‍ താഴെ തട്ടു മുതല്‍, റേഷന്‍ കാര്‍ഡ് വിതരണത്തില്‍പോലും അഴിമതി നടക്കുന്നുണ്ട്. കഴിഞ്ഞ സര്‍ക്കാര്‍ അഭിമാന പദ്ധതിയായി കൊണ്ടുവന്ന പദ്ധതികളില്‍ പോലും അഴിമതി ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ അഴിമതി അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

എസ്.എന്‍.സി ലാവ്‌ലിന്‍ കേസില്‍ കേരളാ ഗവര്‍ണ്ണര്‍ നല്‍കിയ പ്രോസിക്യൂഷന്‍ അനുമതിയെ പ്രതിയായ പിണറായി വിജയന്‍ സുപ്രിംകോടതിയില്‍ ചോദ്യം ചെയ്ത സാഹചര്യത്തില്‍ ചീഫ് ജസ്റ്റീസിന്റെ പരാമര്‍ശത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. എന്നാല്‍ ഒരു കേസിനെക്കുറിച്ചും അദ്ദേഹം തന്റെ എഴുതി തയ്യാറാക്കിയ പ്രസംഗത്തില്‍ പരാമര്‍ശിയ്ക്കുകയുണ്ടായില്ല.