ayi-saji-rwപാലാ: സിനിമ രംഗങ്ങള്‍ക്ക് സമാനമായ നാടകീയമായ രംഗങ്ങള്‍ക്കൊടുവില്‍ കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ ആയി സജി (ഇടപ്പാടി ഇഞ്ചിയില്‍ സജി-36) പോലീസ് പിടിയിലായി.ആയി സജിയുടെ വാഹനത്തെ അഞ്ചര മണിക്കൂര്‍ പിന്തുടര്‍ന്ന, മഫ്തിയിലും യൂണിഫോമിലുമായി കോട്ടയം ജില്ലയിലെ മുഴുവന്‍ പോലീസ് ഓഫീസര്‍മാരുടേയും ശ്രമത്തിനൊടുവിലാണു ആയി സജി വലയിലായത്.

കൊല്ലപ്പള്ളിയിലെ പെട്രോള്‍ പമ്പില്‍ നിന്ന് പണം കൊടുക്കാതെ1000 രൂപക്ക് പെട്രോള്‍ അടിച്ചതാണ് ആയി സജിക്ക് വിനയായത്. രാവിലെ എട്ടരയ്ക്കായിരുന്നു സംഭവം. ആയി സജിയാണെന്നറിഞ്ഞതോടെ ജില്ലയിലെ പോലീസ് സംഘം ഉണര്‍ന്ന് പ്രവര്‍ത്തിച്ചു.ആയിയുടെ ഷെവര്‍ലെ കാര്‍ പോലീസ് ഒരുക്കിയ തടസങ്ങള്‍ വെട്ടിച്ചു മുന്നേറുന്നതിനിടെ കാറിന്റെ ഗ്ലാസുകള്‍ പോലീസ് ഇടിച്ചു തകര്‍ത്തു.തുടര്‍ന്ന് ഒരു പകല്‍ നീണ്ട കാര്‍ ചെയ്‌സിനൊടുവില്‍ പുതുവേലിയില്‍ വെച്ച് വാഹനം തടഞ്ഞ് സജിയെ കസ്റ്റഡിയിലെടുത്തു.അരയ്ക്കു താഴെ ചലനശേഷിയില്ലാത്ത ഗുണ്ടാത്തലവനെ കാറിലുപേക്ഷിച്ചു കടക്കാന്‍ ശ്രമിക്കുകയായിരുന്നു ഒപ്പമുണ്ടായിരുന്ന രണ്ടു പേരും. ഇതില്‍ കയ്യൂര്‍ നരിക്കുഴി സ്വദേശി നിധിന്‍ (24)പിടിയിലായിട്ടുണ്ട്.ഡ്രൈവര്‍ ചിരട്ടപ്പൂള്‍ സജി ഓടി രക്ഷപ്പെട്ടു. ഇവര്‍ സഞ്ചരിച്ചിരുന്ന കെഎല്‍ 59 എ 566 കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മറ്റിടങ്ങളില്‍ നിന്നായി ആയിയുടെ സംഘത്തിലെ ഈരാറ്റുപേട്ട നടക്കല്‍ മാടംതോട്ടില്‍ എം.എ. അനീഷ്, ചക്കാമ്പുഴ കലയത്തുങ്കല്‍ ധനുഷ് (അപ്പു), കരിങ്കുന്നം തട്ടാരതട്ടം പഴുക്കാറ്റില്‍ ബിനോയി (വീരപ്പന്‍-31), നെച്ചിപ്പുഴൂര്‍ കൊന്നയ്ക്കല്‍ അനൂപ് (26) എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

2003ല്‍ എറണാകുളം ഏലൂരില്‍ പൊലീസിനു പിടിനല്‍കാതെ കെട്ടിടത്തിന്റെ മുകളില്‍ നിന്നു ചാടിയതു മൂലമാണ് ആയി സജിക്ക് അരയ്ക്കു താഴേക്കു തളച്ച വന്നത്.നീണ്ടകാലത്തെ ചികില്‍സയ്‌ക്കൊടുവില്‍ ആയിയെ കോടതിയില്‍ ഹാജരാക്കിയെങ്കിലും വികലാംഗനെന്ന പേരില്‍ ഇയാളെ വെറുതേ വിട്ടു. ശരീരം തളര്‍ന്നെങ്കിലും 2003നു ശേഷവും ഒട്ടേറെ കേസുകളില്‍ പ്രതിയായി. മണല്‍ലോറി തട്ടിക്കൊണ്ടുപോകല്‍, മോഷണം, വീട് ആക്രമണങ്ങള്‍ എന്നിവയടക്കം 12 കേസുകളാണ് ആയിക്കെതിരെയുള്ളത്.

പാലാ, കിടങ്ങൂര്‍, പള്ളിക്കത്തോട്, മേലുകാവ് പൊലീസ് സ്‌റ്റേഷനുകളിലാണു കേസ് നിലവിലുള്ളത്. 17 കേസുകളാണു വിവിധ കോടതികളില്‍ ഇയാള്‍ക്കെതിരെയുള്ളത്.കളമശേരി, കുറവിലങ്ങാട്, കൂത്താട്ടുകുളം എന്നിവിടങ്ങളില്‍ കൊലപാതകശ്രമ കേസുകളുണ്ട്. ആക്രമണങ്ങള്‍, തട്ടിക്കൊണ്ടുപോകല്‍, മോഷണം എന്നിവയാണു പ്രധാന കേസുകള്‍.ആയി സജിയുടെ പേരില്‍ കേരളത്തിനകത്തും പുറത്തുമായി നൂറോളം കേസുകളുണ്ട്.