Categories

അഫ്ഗാന്‍ ആക്രമണം: ജര്‍മന്‍ സൈനികന്‍ കുറ്റക്കാരന്‍

nato-rwബെര്‍ലിന്‍: അഫ്ഗാനിസ്താനില്‍ ഇന്ധനട്രക്കുകള്‍ക്ക് നേരെ ബോംബാക്രമണം നടത്തി നിരവധി സിവിലിയന്‍മാരെ കൊലപ്പെടുത്തിയ കേസില്‍ ജര്‍മ്മന്‍ സൈനിക ഉദ്യോഗസ്ഥന്‍ കേണല്‍ ജോര്‍ജ് ക്ലൈന്‍ കുറ്റക്കാരനാണെന്ന് നാറ്റോ കണ്ടെത്തി.

സ്ഥിതിഗതികള്‍ വിലയിരുത്തി തീരുമാനമെടുക്കുന്നതില്‍ കേണല്‍ പരാജയപ്പെട്ടതായാണ് നാറ്റോ കണ്ടെത്തിയത്. സംശയാസ്പദമായി കണ്ട ഇന്ധന ട്രക്കുകളെക്കുറിച്ച് നാറ്റോ ആസ്ഥാനത്തേക്കും അന്താരാഷ്ട്ര സുരക്ഷാ സഹായസേനക്കും സന്ദേശം നല്‍കാതെ ആക്രമണം നടത്തുകയായിരുന്നു.

നാറ്റോ സേനക്ക് ഇന്ധനവുമായി പോവുകയായിരുന്ന ട്രക്കുകള്‍ താലിബാന്‍ റാഞ്ചുകയായിരുന്നു. ട്രക്കുകള്‍ നദിക്കരികെ നിര്‍ത്തിയിട്ട് പ്രദേശവാസികള്‍ക്ക് ഇന്ധനം വിതരണം ചെയ്യുന്നതിനിടെയാണ് സൈനിക വിമാനങ്ങള്‍ പിന്തുടര്‍ന്ന് ആക്രമണം നടത്തിയത്. സംഭവത്തില്‍ നൂറിലേറെ സാധാരണക്കാര്‍ കൊല്ലപ്പെട്ടിരുന്നു. താലിബാന്‍ പിടിച്ചെടുത്ത ട്രക്കുകള്‍ നാറ്റോ സേനയ്ക്കുനേരെ ആക്രമണത്തിനായി ഉപയോഗിക്കുമെന്ന സംശയിച്ചായിരുന്നു കേണല്‍ യു.എസ് യുദ്ധവിമാനങ്ങളെ വിളിച്ചുവരുത്തിയതെന്ന് കണ്ടെത്തി.

എന്നാല്‍ സംഭവത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് തലയൂരാന്‍ നാറ്റോ കുറ്റം ഒരു സൈനികന്റെ തലയില്‍ വെച്ച് കെട്ടുകയാണെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഇത്തരത്തില്‍ നിരവധി ആക്രമണങ്ങള്‍ അഫ്ഗാനില്‍ കഴിഞ്ഞ കാലങ്ങളില്‍ നടന്നിട്ടുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.