റശീദ് പുന്നശ്ശേരി
metro_launch_-rwദുബൈ്: കാത്തിരിപ്പിന് അറുതിയായി ഇന്നലെ(09-09-09 രാത്രി 9ന്) ദുബൈ മെട്രോയുടെ ആദ്യവണ്ടി മാള്‍ ഓഫ് എമിറേറ്റ്‌സില്‍ നിന്ന് ഓടിത്തുടങ്ങി. ജി.സി.സിയുടെ തന്നെ ചരിത്രത്തില്‍ ആദ്യ മെട്രോ ട്രെയിനെന്ന സ്വപ്‌ന സാക്ഷാത്കാരമാണ് ഇതോടെ പൂര്‍ത്തിയായത്.

മെട്രോ ട്രെയിന്‍ യു.എ.ഇ. പ്രധാന മന്ത്രിയും ദുബയ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് പച്ചക്കൊടി കാണിച്ച് ഉദ്്ഘാടനം ചെയ്തു. റാശിദിയ്യ വരെ നീണ്ട ആദ്യ യാത്രയില്‍ അഞ്ച് ബോഗികളുള്ള ട്രെയിനില്‍ ഇരുനൂറോളം വി.ഐ.പികളാണ് ശൈഖ് മുഹമ്മദിനൊപ്പ്ം യാത്ര ചെയ്തത്. 52 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ചുവപ്പ് പാതയിലൂടെയാണ് പൊതുജനങ്ങള്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുക. 29 സ്റ്റേഷനുകളുള്ള ചുവപ്പ പാതയില്‍ 10 സ്റ്റേഷനാണ് ആദ്യഘട്ടത്തില്‍ പ്രവര്‍ത്തനക്ഷമമായത്. റാഷിദിയ്യ മുതല്‍ ജബല്‍ അലി വരെ നീളുന്ന ചുവപ്പ് പാതക്ക് പുറമെ പച്ചപ്പാത 2010 ഓടെ പൂര്‍ത്തിയാകും. ഇരു പാതകളിലുമായി നിരവധി ഭൂഗര്‍ഭ സ്റ്റേഷനുകളാണുള്ളത്. നാലു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കിയ പാത പശ്ചിമേഷ്യയിലെ തന്നെ ഏറ്റവും വലിയ ഗതാഗതക്കുരുക്കിന് പരിഹാരമിടുമെന്നാണ് കണക്കാക്കുന്നത്. 15.5 ബില്യണ്‍ ചെലവ് പ്രതീക്ഷിച്ചിരുന്ന പദ്ധതി മുഴുവനായി പ്രവര്‍ത്തനം പൂര്‍ത്തിയാകുമ്പോള്‍ 28 ബില്യണ്‍ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്.

മിറ്റ്‌സുബിഷി ഹെവി ഇന്‍ഡസ്ട്രീസ്്്, ഒബയാഷി, കജീമ കോര്‍പറേഷന്‍, യാപി മര്‍ക്കസി, മിറ്റ്‌സുബിഷി റെയില്‍വേ തുടങ്ങിയ ലോകത്തിലെ പ്രമുഖ അഞ്ചു കമ്പനികളും 150 ചെറുകിട നിര്‍മാണ കമ്പനികളും 30,000 തൊഴിലാളികളും ആണ് റിക്കാര്‍ഡ് വേഗത്തില്‍ ദുബൈ മെട്രോ പൂര്‍ത്തിയാക്കിയത്. മണിക്കൂറില്‍ ആറു ട്രെയിനുകളിലായി 3858 പേര്‍ക്ക് ഇപ്പോള്‍ യാത്ര ചെയ്യാം. വി.ഐ.പി, സാധാരണക്കാര്‍, സ്ത്രീകളും കുട്ടികള്‍ക്കും എന്നിങ്ങനെ മൂന്നു തരം ക്ലാസ്സുകളാണ് ദുബയ് മെട്രോയിലുള്ളത്. ഇപ്പോള്‍ ദിവസവും 6 ലക്ഷം പേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയും 2020ല്‍ ഇത് 18 ലക്ഷമായി ഉയരുമെന്നാണ് കണക്കാക്കുന്നത്. ദുബൈയിലെ ഗതാഗത കുരുക്ക് 17% കുറക്കാനും കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.