Categories

വ്യാജ ഏറ്റുമുട്ടല്‍: ജുഡീഷ്വല്‍ അന്വേഷണ റിപ്പോര്‍ട്ടിന് കോടതി സ്‌റ്റേ

fakeഅഹമ്മദാബാദ്: ഇസ്രത്ത് ജഹാനെയും സംഘത്തെയും പോലീസ് വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ജുഡീഷ്വല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഗുജറാത്ത് ഹൈക്കോടതി സ്‌റ്റേ ചെയ്തു. അഹമ്മദാബാദ് മെട്രോപോളിറ്റന്‍ മജിസ്‌ട്രേട്ട് എസ്.പി.തമാങ്ങിന്റെ റിപ്പോര്‍ട്ടിനാണ് സ്‌റ്റേ. അധികാര പരിധിയില്‍ ഉള്‍പ്പെടാത്ത നടപടികളാണ് മജിസ്‌ട്രേറ്റ് ചെയ്തതെന്നും മജിസ്‌ട്രേറ്റിനെതിരെ ഹൈക്കോടതിയിലെ അധികൃതര്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും ജസ്റ്റിസ് കല്‍പേഷ് ജാവ്‌ഹേരി ഉത്തരവിട്ടു.

റിപ്പോര്‍ട്ട് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഗുജറാത്ത് സര്‍ക്കാര്‍ ഇന്നലെ നല്‍കിയ ഹര്‍ജി അംഗീകരിച്ചുകൊണ്ടാണ് ഹൈക്കോടതി വിധി. റിപ്പോര്‍ട്ടില്‍ മജിസ്‌ട്രേറ്റ് നടത്തിയിരിക്കുന്ന നിരീക്ഷങ്ങള്‍ അധികാരപരിധിയിള്‍ ഉള്‍പ്പെടാത്തതാണെന്നും അനുമതിയില്ലാതെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച മജിസ്‌ട്രേറ്റിന്റെ നടപടി നിന്ദാകരമാണെന്നും കോടതി വിലയിരുത്തി.
അതേസമയം ഹൈക്കോടതിയുടെ നിര്‍ദ്ദേശിച്ചതനുസരിച്ച് ഏറ്റുമുട്ടല്‍ അന്വേഷിക്കുന്ന മൂന്നംഗ ഉന്നതതല സമിതിക്ക് മജിസ്‌ട്രേട്ടിന്റെ റിപ്പോര്‍ട്ട് തെളിവായി പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. കേസില്‍ അടുത്ത വാദം 30 ന് നടക്കും.

2004 ജൂണ്‍ 15ന് നടന്ന സംഭവത്തില്‍ ഗുജറാത്ത് പോലീസിനെ പൂര്‍ണമായും പ്രതികൂട്ടില്‍ നിര്‍ത്തുന്ന റിപ്പോര്‍ട്ടാണ് തിങ്കളാഴ്ച മജിസ്‌ട്രേറ്റ് എസ്.പി. തമാങ് പുറത്തുവിട്ടത്. ഇസ്രത്ത് അടക്കം നാലു പേരെ ഗുജറാത്ത് ക്രൈംബ്രാഞ്ച് മുംബൈയില്‍ നിന്ന് തട്ടിക്കൊണ്ടുവന്ന് അഹമ്മദാബാദില്‍വച്ച് ലഷ്‌കര്‍ ഇ തൊയ്ബ പ്രവര്‍ത്തകരെന്ന് ആരോപിച്ച് വധിക്കുകയായിരുന്നുവെന്നായിരുന്നു ജഡ്ജ് കണ്ടെത്തിയത്.

മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ പ്രശംസക്കും പുരസ്‌കാരങ്ങള്‍ ലഭിക്കുന്നതിനും വേണ്ടിയായിരുന്നു പോലീസ് വ്യാജ ഏറ്റുമുട്ടല്‍ നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രാണേഷ് കുമാര്‍ പിളളയെന്ന ജാവേദ് ഗുലാം ഷെയ്ഖ്, അംജത് അലിയെന്ന രാജ്കുമാര്‍ അക്ബര്‍ അലി റാണ, ജിസന്‍ ജോഹര്‍ അബ്ദുള്‍ ഗനി എന്നിവരെയാണ് ഇസ്രത്തിനെകൂടതെ പോലീസ് വധിച്ചത്.

Comments are closed.