Administrator
Administrator
ടിപ്പര്‍ലോറിയിടിച്ച് മൂന്ന് വിദ്യാര്‍ഥിനികള്‍ മരിച്ചു
Administrator
Thursday 10th September 2009 1:28am

accident-2ആലപ്പുഴ: ടിപ്പര്‍ലോറി നിയന്ത്രണം വിട്ട് ദേഹത്ത് പാഞ്ഞുകയറി, മൂന്ന് വിദ്യാര്‍ഥിനികള്‍ മരിച്ചു. ഒരു വിദ്യാര്‍ഥിനിയെ ഗുരുതരമായ പരിക്കുകളോടെ തിരുവല്ല പുഷ്പഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകീട്ട് 3.30ന് സ്‌കൂള്‍വിട്ട് കുട്ടികള്‍ വീട്ടിലേക്ക് നടന്നുപോകവെ മാവേലിക്കര പന്തളം റോഡിലെ ഇടപ്പോണ്‍ കാഞ്ഞിരത്തുംമൂടിന് സമീപമാണ് അപകടം.

ഇടപ്പോണ്‍ പട്ടരയ്യത്ത് മുരളീധരന്‍ നായരുടെയും വിനീതയുടെയും മകള്‍ മേഘ എം. നായര്‍ (9), പുത്തന്‍വീട്ടില്‍ സതീഷിന്റെയും ഉഷാകുമാരിയുടെയും മകള്‍ ശ്രീലക്ഷ്മി (9), സവിതാഭവനത്തില്‍ ശിവദാസന്‍പിള്ളയുടെയും സാവിത്രിയുടെയും മകള്‍ അശ്വതി (9) എന്നിവരാണ് മരിച്ചത്. മേഘ എം. നായരുടെ സഹോദരി നേഘ എം. നായരാണ് (7) ഗുരുതരാവസ്ഥയില്‍ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലുള്ളത്. ഇടപ്പോണ്‍ ആറ്റുവ വിവേകാനന്ദ വിദ്യാപീഠത്തിലെ നാലാംക്ലാസ്സിലാണ് മരിച്ച മൂന്ന് വിദ്യാര്‍ഥിനികളും പഠിക്കുന്നത്. നേഘ ഇതേ സ്‌കൂളില്‍ രണ്ടാംക്ലാസ്സിലാണ്.

പത്തനംതിട്ടയില്‍നിന്ന് വെട്ടിയാറിലേക്ക് കരിങ്കല്‍ കയറ്റിവന്ന ടിപ്പര്‍ലോറിയാണ് ഇവരുടെ ദേഹത്തേക്ക് പാഞ്ഞുകയറിയത്. മരത്തിലും വൈദ്യുതിത്തൂണിലും ഇടിച്ച ലോറി, വലതുഭാഗത്തെ താഴ്ചയിലേക്ക് മറിഞ്ഞു. വെട്ടിയാര്‍ തൈവിളയില്‍ മെറ്റല്‍ ക്രഷര്‍ യൂണിറ്റിന്‍േറതാണ് ടിപ്പര്‍ലോറി. സംഭവം നടന്നയുടന്‍ െരെഡവര്‍ ഓടി രക്ഷപ്പെട്ടു.

സ്‌കൂള്‍ കുട്ടികള്‍ പുറത്തിറങ്ങുന്ന സമയമായ രാവിലെ 8.30 മുതല്‍ 10 വരെയും വൈകീട്ട് 3.30 മുതല്‍ അഞ്ചുവരെയും ടിപ്പര്‍ലോറികളുടെ ഓട്ടം മാവേലിക്കര താലൂക്കില്‍ നിരോധിച്ചിട്ടുള്ളതാണ്. പന്തളം തോട്ടക്കോണം ജി.വി.എച്ച്.എസ്.എസ്സിലെ പതിനൊന്നാംക്ലാസ് വിദ്യാര്‍ഥി ശ്യാംകുമാറാണ് ശ്രീലക്ഷ്മിയുടെ സഹോദരന്‍.

കുഞ്ഞുങ്ങളില്ലാത്തതിനാല്‍ ഇടപ്പോണ്‍ സവിതാഭവനത്തില്‍ ശിവദാസന്‍പിള്ളയും ഭാര്യ സാവിത്രിയമ്മയും ആറാം മാസത്തില്‍ ദത്തെടുത്ത് വളര്‍ത്തിയ കുട്ടിയാണ് മരിച്ച അശ്വതി. കൂലിപ്പണിക്കിടെയാണ് ശിവദാസന്‍പിള്ള സ്വന്തം മകളെപ്പോലെ നോക്കിയ വളര്‍ത്തുമകളുടെ അപകട വിവരംമറിയുന്നത്.

Advertisement