Categories

പോള്‍വധം: കത്തി നിര്‍മ്മിച്ച കൊല്ലനെ കാണാതായി

s-kathiആലപ്പുഴ: പോള്‍ എം.ജോര്‍ജിനെ കൊലപ്പെടുത്താനുപയോഗിച്ചുവെന്ന് പറയുന്ന കത്തി പോലീസിന് വേണ്ടി താന്‍ നിര്‍മ്മിച്ച് നല്‍കിയതാണെന്ന വെളിപ്പെടുത്തിയ കൊല്ലപ്പണിക്കാരനെ കാണാതായി. കൊല്ലപ്പണിക്കാരന്‍ പ്രസാദിനെയാണ് തിങ്കളാഴ്ച രാത്രി മുതല്‍ കാണാതായത്. പ്രസാദിന്റെ ഭാര്യ, മക്കള്‍, ഒപ്പം പണിയുന്ന സഹോദരന്‍ രംഗനാഥ് എന്നിവരും അജ്ഞാത കേന്ദ്രത്തിലാണ്. ചാത്തനാട്ടുള്ള പ്രസാദിന്റെ പണി ശാലയും സമീപത്തുള്ള വീടും അടഞ്ഞു കിടക്കുകയാണ്.

പോള്‍ വധക്കേസില്‍ കൊലക്ക് ഉപയോഗിച്ചതെന്ന് പോലീസ് പറയുന്ന കത്തി താന്‍ നിര്‍മ്മിച്ചതാണെന്നായിരുന്നു കൊല്ലന്റെ വെളിപ്പെടുത്തല്‍. പോലീസ് ആവശ്യപ്പെട്ടതനുസരിച്ചായിരുന്നു ഇതെന്നും അദ്ദേഹം പറഞ്ഞിരുന്നു. പ്രസാദിന്റെ വെളിപ്പെടുത്തല്‍ ചാനലില്‍ വന്നയുടന്‍ തന്നെ രണ്ടു സി.പി.ഐ.എം. പ്രവര്‍ത്തകരെത്തി കട അടക്കാന്‍ ഉപദേശിച്ചുവത്രേ. പ്രസാദ് ഉടന്‍ തന്നെ വീടു വിട്ടതായാണ് വിവരം. പിന്നീട് സി.പി.ഐ.എമ്മിന്റെ ഒരു ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെയും ജില്ലാ കമ്മിറ്റിയംഗത്തിന്റെയും സംരക്ഷണത്തിലായിരുന്നു പ്രസാദ്. പോലീസിനും പ്രസാദിനും കുഴപ്പമില്ലാതെ വിഷയം കൈകാര്യം ചെയ്യാന്‍ രാത്രി വൈകി നടന്ന കൂടിയാലോചനയില്‍ ചില പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തതായറിയുന്നു.

പ്രസാദിന്റെ വെളിപ്പെടുത്തല്‍ ചാനലില്‍ വന്ന ഉടന്‍ തന്നെ സി.പി.ഐ.എം പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി ഭീഷണി മുഴക്കിയിരുന്നു. പിന്നീട് പ്രസാദിനെ കണ്ട മാധ്യമപ്രവര്‍ത്തകരോട് വെളിപ്പെടുത്തല്‍ നിഷേധിക്കുകയാണ് ഇദ്ദേഹം ചെയ്തത്. ഒന്നര ആഴ്ച മുന്‍പ് പ്രസാദിന്റെ കടയുടെ മുന്നില്‍ പോലീസുകാര്‍ വന്നിരുന്നത് തങ്ങള്‍ കണ്ടതായി സമീപത്തുള്ള കടക്കാര്‍ പറയുന്നു. മറ്റൊരു ദിവസം പ്രസാദിന്റെ വീട്ടില്‍ പോലീസ് വന്നത് അയല്‍ക്കാരും കണ്ടിട്ടുണ്ട്.

ചാനല്‍ സംഘം പോലീസുകാരെന്ന വ്യാജേന ഒളിക്യാമറയുമായെത്തിയതുകൊണ്ടു മാത്രമാണ് ഇയാള്‍ സത്യം പുറത്തുപറഞ്ഞതെന്ന് പാര്‍ട്ടി നേതാക്കളും തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ട് പോലീസ് പറഞ്ഞതനുസരിച്ചുവെന്ന കുറ്റത്തിന് ഇയാളെ ബുദ്ധിമുട്ടിക്കരുതെന്ന ആഗ്രഹമാണ് പ്രാദേശിക സി.പി.ഐ.എം നേതാക്കള്‍ക്കുള്ളത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.