Administrator
Administrator
കൈകൂപ്പി വാങ്ങിയ വോട്ടുകള്‍;അവര്‍ നക്ഷത്ര ഹോട്ടലില്‍ വെച്ച് വിറ്റു കളഞ്ഞു
Administrator
Wednesday 9th September 2009 1:09am

indian-poverty-rwദിവസത്തില്‍ ചുരുങ്ങിയത് 50,000 രൂപയോളം വാടക വരുന്ന ഡല്‍ഹിയിലെ പഞ്ച നക്ഷത്ര ഹോട്ടലില്‍ വെച്ച് അവര്‍ ഭാവി ഇന്ത്യയെ നെയ്‌തെടുക്കുകയായിരിക്കും ചെയ്തത്. സമ്പന്ന ഇന്ത്യയുടെ ശീതീകരിച്ച മുറിയില്‍ നുരഞ്ഞു പൊന്തുന്ന പാനീയം കഴിക്കുമ്പോള്‍ ഇന്ത്യന്‍ തെരുവുകളില്‍ ശുദ്ധജലത്തിന് വേണ്ടി പൊട്ടിയടര്‍ന്ന പ്ലാസ്റ്റിക് പാത്രങ്ങളുമായി വരി നില്‍ക്കുന്ന ഇന്ത്യന്‍ ജനതയെ അവര്‍ മനസില്‍ കണ്ടിരിക്കും. മഹത്തായ ജനാധിപത്യം അവര്‍ക്ക് നല്‍കുന്ന സാധ്യതകള്‍ ഓര്‍ത്ത് അഭിമാനം കൊണ്ടിരിക്കാം. ഒരേ സമയം ദരിദ്ര നാരായണന്‍മാരുടെ പ്രതിനിധിയായിരിക്കുകയും അതേസമയം പണച്ചാക്കുകളുടെ ഔദാര്യം ഭുജിച്ച് ഉറങ്ങുകയും ചെയ്യാന്‍ കഴിയുന്ന അപൂര്‍വ്വമായ അവസരം.

അപ്പോള്‍ ദിവസവും 20 രൂപ വരുമാനമുള്ള ഇന്ത്യന്‍ യാഥാര്‍ത്ഥ്യം കണ്ണുമിഴിച്ച് നില്‍ക്കുന്നുണ്ടാവും. ഇന്ത്യയിലെ ഭൂരിപക്ഷം പേരും പട്ടിണിയില്ലാത്ത ദിവസത്തിന് വേണ്ടി തെരുവുകളില്‍ വിയര്‍പ്പൊഴുക്കുമ്പോഴാണ് അതേ രാജ്യത്തിലെ മന്ത്രി തനിക്ക് ജിംനാഷ്യം പ്രാക്ടീസ് ചെയ്യാന്‍ രഹസ്യസ്വഭാവമുള്ള സ്ഥലം വേണമെന്ന് പറഞ്ഞ് പഞ്ച നക്ഷത്ര ഹോട്ടലില്‍ മുറിയെടുത്തത്. അത് രാഷ്ട്രീയത്തിലെ ഒരു ജിം ആണ്. ജനാധിപത്യത്തിലെ മഹത്തായ ഒരേട്.

കേന്ദ്ര വിദേശ കാര്യമന്ത്രി എസ്.എം കൃഷ്ണ സര്‍ദാര്‍ പട്ടേല്‍ മാര്‍ഗിലുള്ള ഹോട്ടല്‍ മൗര്യ ഷെരാട്ടണിലും അതേ വകുപ്പിലെ സഹമന്ത്രി ശശി തരൂര്‍ മാന്‍ സിങ്ങ് റോഡിലുള്ള ഹോട്ടല്‍ താജ് മഹലിലുമായിരുന്നു കഴിഞ്ഞ മൂന്ന് മാസം താമസിച്ചിരുന്നത്.(താമസിപ്പിച്ചിരുന്നതെന്ന് പറയുന്നതാകും ശരി). ദിവസം 50,000 മുതല്‍ ഒരു ലക്ഷം വരെയാണ് ഹോട്ടലിലെ വാടക. ഇന്ത്യ മഹാരാജ്യം ഭരിക്കുന്ന കോണ്‍ഗ്രസ് ഒടുവില്‍ അവരോട് ഇറങ്ങിപ്പോവാന്‍ ആവശ്യപ്പെട്ടു. പക്ഷെ അതിന് ഇന്ത്യന്‍ എക്‌സ്പ്രസില്‍ വാര്‍ത്ത വരുന്നത് വരെ അവര്‍ക്ക് കാത്തിരിക്കേണ്ടി വന്നു.

ഈ മന്ത്രി പുംഗവന്‍മാരുടെ സ്വത്തു വിവിവരങ്ങള്‍ അവര്‍ തന്നെ നേരത്തെ പരസ്യപ്പെടുത്തിയിട്ടുണ്ട്. മഹത്തായ ജനാധിപത്യപ്രക്രിയയെ നേരിടുന്നതിന് മുന്നോടിയായി തിരഞ്ഞെടുപ്പ് കമ്മീഷനെ ബോധ്യപ്പെടുത്താനായിരുന്നു അത്. അന്ന് ശശി തരൂരിന് ഉണ്ടായിരുന്നത് 15 കോടിയുടെ സ്വത്തായിരുന്നു. എസ് എം കൃഷ്ണക്ക് 18 കോടിയും. ദിവസവും ചുരുങ്ങിയത് 50,000 രൂപ അവര്‍ തങ്ങളുടെ നക്ഷത്ര ജീവിതത്തിന് വാടക കൊടുക്കുകയാണെങ്കില്‍ മാസത്തില്‍ അത് 15 ലക്ഷം രൂപ വരും. മൂന്ന് മാസത്തേക്ക് 45 ലക്ഷവുമാകും. തിരഞ്ഞെടുപ്പില്‍ കാണിച്ച ഇവരുടെ സമ്പത്തും എം പിയായാല്‍ കിട്ടുന്ന പണവും ഒപ്പിച്ചാല്‍ തന്നെ അധികകാലം ഇവിടെ താമസിക്കുകയാണെങ്കില്‍ കുത്തുപാളയെടുക്കേണ്ടി വരുമെന്നുറപ്പ്. ഇരുവരുടെയും താമസത്തിന്റെ ചെലവ് തങ്ങള്‍ വഹിക്കുന്നില്ലെന്ന് സര്‍ക്കാറും വ്യക്തമാക്കിക്കഴിഞ്ഞു.

എങ്കില്‍ പിന്നെ ആരുടെ ചെലവിലാണ് ഇവര്‍ നക്ഷത്രജീവിതം പുലര്‍ത്തിപ്പോന്നത്. ഹോട്ടല്‍ ബില്ലടക്കാന്‍ ആരുടെയും വാതിലില്‍ മുട്ടേണ്ട ഗതികേടൊന്നും മന്ത്രിമാര്‍ക്കില്ല. കുത്തകകള്‍ക്ക് സ്വന്തം എം പിമാരുള്ള രാജ്യമാണ് ഇന്ത്യ. യജമാനന്‍മാര്‍ക്ക് വേണ്ടി അവര്‍ പാര്‍ലിമെന്റില്‍ തരാതരം ചോദ്യങ്ങള്‍ ചോദിക്കും. അവര്‍ക്കു വേണ്ടി ബില്ലുകളും ഭേദഗതികളും ഓര്‍ഡിനന്‍സുകളും പാര്‍ലിമെന്റിലെത്തുന്നുണ്ടെന്നത് നാം കേട്ടതാണ്. മന്ത്രിമാര്‍ക്ക് ചെലവിന് കൊടുത്താല്‍ അവര്‍ പിന്നെ തങ്ങളുടെ മന്ത്രിയാണെന്ന് അവര്‍ക്ക് നന്നായറിയാം. അത് കൊണ്ട് തന്നെ നക്ഷത്ര ഹോട്ടലിലെ ബില്ല് ഏത് എക്കൗണ്ടില്‍ നിന്നാണ് അടച്ചതെന്ന് മാധ്യമങ്ങള്‍ അന്വേഷിക്കേണ്ടിയിരിക്കുന്നു.

ശശി തരൂരിനെ നമുക്ക് നേരത്തെ അറിയാം. സ്വദേശി പ്രസ്ഥാനവും ബഹിഷ്‌കരണ സമരവും നയിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയായിരുന്നു. പക്ഷെ കോണ്‍ഗ്രസിന്റെ ഒരു സ്ഥാനാര്‍ഥി തന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത് വിദേശത്ത് വെച്ച് കുടിവെള്ളക്കുത്തകയായ കൊക്കക്കോല സംഘടിപ്പിച്ച ഒരു ചടങ്ങില്‍. വിവിധ മുഖങ്ങളുള്ള ആ അന്താരാഷ്ട്ര വ്യക്തിത്വത്തെ പാര്‍ലിമെന്റിലേക്ക് പറഞ്ഞയക്കാന്‍ തിരുവനന്തപുരത്തുകാര്‍ തീരുമാനിച്ചു കളഞ്ഞു.

കേരളത്തിലെ മാധ്യമങ്ങള്‍ കേന്ദ്ര പുംഗവന്‍മാരുടെ കുപ്പായത്തില്‍ ചെളിവീഴാതെ നോക്കാന്‍ നല്ലവണ്ണം ശ്രമിക്കുന്നുണ്ട്. രാഷ്ട്രീയ മുന്നണി മാറ്റത്തോടെ ആദര്‍ശത്തിന്റെ മുഖം അടുത്തിടെ അഴിഞ്ഞു വീണ കേരളത്തിലെ പ്രമുഖ പത്രം തരൂരിനെ വരികള്‍ക്കിടയില്‍ സംരക്ഷിക്കുന്നത് കാണാന്‍ നല്ല ചന്തമായിരുന്നു. ഹജ്ജുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി ഇ അഹമ്മദിനെതിരെ ആരോപണമുയര്‍ന്നപ്പോള്‍ കാണിച്ച അതേ ആവേശം ഇന്നും ഈ പത്രം പുറത്തെടുത്തു. രാജാവിനേക്കാള്‍ വലിയ രാജഭക്തിയാണിപ്പോള്‍ ഈ മാധ്യമത്തിന്.

കോന്ദ്രത്തിലും സംസ്ഥാനങ്ങളിലും ഇങ്ങനെ എത്രയെത്ര മന്ത്രിമാര്‍. വെള്ളം കോരികളുടെയും ചുമടെടുക്കുന്നവന്റെയും റിക്ഷാ വലിക്കുന്നവന്റെയും ഹോട്ടലില്‍ മേശ തുടക്കുന്നവന്റെയും വോട്ട് കൊണ്ട് ജയിച്ചു കയറിയവന്‍. അന്ന് അവന്‍ കൂപ്പിപ്പിടിച്ച കൈകളില്‍ നാമേല്‍പ്പിച്ച വിശ്വാസം ഡല്‍ഹിയിലെ നക്ഷത്ര മുറികളില്‍ വെച്ച് അവന്‍ വിറ്റുകാശാക്കുന്നത് കാണാന്‍ നമുക്ക് എക്‌സക്ലൂസീവ് ഒളിക്യാമറ ഓപ്പറേഷനായി കാത്തിരിക്കാം.

Advertisement