krishna-rwന്യൂഡല്‍ഹി: വിദേശകാര്യ മന്ത്രി എസ്.എം. കൃഷ്ണയോടും വിദേശകാര്യ സഹമന്ത്രി ശശി തരൂരിനോടും പഞ്ചനക്ഷത്ര ഹോട്ടലിലെ താമസം മാറ്റണമെന്ന് സര്‍ക്കാരിന്റെ പ്രതിനിധിയെന്ന നിലയില്‍ ധനമന്ത്രി പ്രണബ് മുഖര്‍ജി നിര്‍ദേശം നല്‍കിയതായി ഒരു ടി.വി.ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. ഔദ്യോഗിക വസതി ലഭിക്കാത്തതിനെ തുടര്‍ന്ന് മൂന്നു മാസമായി ഇരുവരും പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ കഴിയുകയായിരുന്നു.

എസ്.എം കൃഷ്ണ സര്‍ദാര്‍ പട്ടേല്‍ മാര്‍ഗിലുള്ള ഹോട്ടല്‍ മൗര്യ ഷെരാട്ടണിലും തരൂര്‍ മാന്‍ സിങ്ങ് റോഡിലുള്ള ഹോട്ടല്‍ താജ് മഹലിലുമാണ് താമസിച്ചിരുന്നത്. ഇരുവരും ഹോട്ടല്‍ ബില്ലുകള്‍ തീര്‍ത്തിരുന്നെങ്കിലും എത്ര രൂപയാണ് നല്‍കുന്നതെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഐടിസിമൗര്യയില്‍ താമസത്തിന് ഒരു രാത്രിക്ക് ഒരു ലക്ഷം രൂപയാണ് സാധരണ ഈടാക്കിയിരുന്നത്. ഇരുവരോടും അവരവരുടെ സംസ്ഥാനങ്ങളുടേതായ താമസ സൗകര്യങ്ങള്‍ ഉപയോഗിക്കാനാണ് പ്രണബ് നിര്‍ദേശിച്ചിരിക്കുന്നത്.

തരൂര്‍ സപ്തംബര്‍ ഒന്നിന് റൂമില്‍ നിന്ന് മാറിയെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഇപ്പോള്‍ അദ്ദേഹം ഇന്ത്യന്‍ നേവി ഗസ്റ്റ് ഹൗസിലാണ് താമസിക്കുന്നത്.ഇരുവര്‍ക്കും അനുവദിച്ചിട്ടുള്ള ഔദ്യോഗിക വസതികളില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് തല്ക്കാലം ഹോട്ടല്‍ മുറിയില്‍ താമസിക്കാന്‍ തീരുമാനിച്ചതെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.