Administrator
Administrator
വേദിക് വില്ലേജ് വിവാദം: ബംഗാള്‍ സര്‍ക്കാര്‍ ഐ.ടി പദ്ധതിയും ഉപേക്ഷിക്കുന്നു
Administrator
Tuesday 8th September 2009 11:20am

mapwestbengal-rwvideo-rwകൊല്‍ക്കത്ത: വേദിക് വില്ലേജ് റിസോര്‍ട്ട് പദ്ധതിക്കു ഭൂമി കൈമാറിയത് വിവാദമായ സാഹചര്യത്തില്‍ ഇതിനടുത്തായി തുടങ്ങാനിരുന്ന ഐ.ടി ടൗണ്‍ഷിപ്പ് പദ്ധതി പശ്ചിമബംഗാള്‍ സര്‍ക്കാര്‍ ഉപേക്ഷിക്കുന്നു. ഇന്‍ഫോസിസ്, വിപ്രോ തുടങ്ങിയ വന്‍കിട കമ്പനികളുടെ യൂനിറ്റുകള്‍ ഉള്‍ക്കൊള്ളുന്ന പദ്ധതിയാണ് ഉപേക്ഷികക്ുന്നത്.

‘വേദിക് വില്ലേജ് വിവാദമായ സാഹചര്യത്തില്‍ പദ്ധതിയുമായി മുന്നോട്ടു പോവില്ലെന്ന്- ഐ.ടി വകുപ്പ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഇന്‍ഫോസിസിനും വിപ്രോയ്ക്കും ഭൂമി നല്‍കാമെന്ന വാഗ്ദാനം നടപ്പാക്കാനാവില്ലെന്നും ഇക്കാര്യം അവരെ അറിയിച്ചിട്ടുണ്ടെന്ന് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

ഐ.ടി പദ്ധതിക്കായി ഇന്‍ഫോസിസിനും വിപ്രോയ്ക്കും 90 ഏക്കര്‍ വീതം നല്‍കാമെന്നായിരുന്നു സര്‍ക്കാര്‍ വാഗ്ദാനം. രണ്ടു കമ്പനികളുമായി സര്‍ക്കാര്‍ കഴിഞ്ഞവര്‍ഷം ധാരണാപത്രം ഒപ്പുവെക്കുകയും ചെയ്തിരുന്നു.

ഇപ്പോള്‍ വിവാദമായ വേദിക് വില്ലേജിനു ചുറ്റുമാണ് ഐ.ടി പാര്‍ക്ക് സ്ഥാപിക്കാന്‍ ഉദ്ദേശിച്ചിരുന്നത്. വേദിക് വില്ലേജ് പദ്ധതി മാനേജ്‌മെന്റും പ്രദേശത്തെ ഭൂമാഫിയകളും നിയമവിരുദ്ധ ഇടപെടല്‍ നടത്തുന്നുവെന്ന ആരോപണത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ അന്വേഷണത്തിനുത്തരവിട്ടിരിക്കുകയാണ്. കഴിഞ്ഞ ആഗസ്ത് 23ന് ജനക്കൂട്ടത്തിനു നേരെ ഭൂമാഫിയ അക്രമം അഴിച്ചുവിട്ടതോടെയാണു സംഭവം വിവാദമായത്.

ഹൗസിങ്, ഭൂപരിഷ്‌കരണം, നഗരവികസനം, പൊതുമരാമത്ത് എന്നീ വകുപ്പുകളെല്ലാം പദ്ധതിയുമായി മുന്നോട്ടു പോവാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചിട്ടുണ്ടെന്നും ഈ സാഹചര്യത്തില്‍ പദ്ധതി തുടരാന്‍ ഐ.ടി വകുപ്പിനു കഴിയില്ലെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

നന്ദിഗ്രാം, സിംഗൂര്‍ സംഭവങ്ങള്‍ക്കു ശേഷം വേദിക് വില്ലേജ് പ്രശ്‌നം പശ്ചിമബംഗാള്‍ സര്‍ക്കാരിനു തലവേദനയായിരിക്കുകയാണ്. മറ്റു ഘടകകക്ഷി മന്ത്രിമാര്‍വരെ ഭൂമി ഇടപാടിനെ ചോദ്യം ചെയ്ത് രംഗത്തുവന്നിട്ടുണ്ട്.

Advertisement