ak-antony

ന്യൂദല്‍ഹി: സഹപ്രവര്‍ത്തകര്‍ക്ക് മനക്കരുത്ത് പകര്‍ന്ന വ്യക്തിത്വമായിരുന്നു മേഴ്‌സിരവിയെന്ന് പ്രതിരോധമന്ത്രി എ കെ ആന്റണി അനുസ്മരിച്ചു. മേഴ്‌സിരവി നല്‍കിയിരുന്ന ഉള്‍ക്കരുത്താണ് വയലാര്‍ രവിക്ക് പ്രതിസന്ധി ഘട്ടങ്ങളില്‍ ശക്തി പകര്‍ന്നത്.

വയലാര്‍ രവിയുടെ കുടുംബവുമായി രാഷ്ട്രീയപരമെന്നതിലുപരി കുടുംബപരമായ ബന്ധമാണുള്ളത്. മഹാരാജാസ് കോളജ് കാലഘട്ടം മുതല്‍ മേഴ്‌സി രവിയെ അറിയാം. വയലാര്‍ രവിയും മേഴ്‌സിയും തമ്മിലുള്ള സ്‌നേഹബന്ധം തുടങ്ങുമ്പോള്‍ തന്നെ അറിയാമായിരുന്നെങ്കിലും അത് ആരോടും പറഞ്ഞിരുന്നില്ല. ഉള്‍ക്കരുത്തും മനക്കരുത്തുമുള്ള സഹപ്രവര്‍ത്തകയായിരുന്നു അവരെന്നും ആന്റണി അനുസ്മരിച്ചു.

സത്യസന്ധതയും ആത്മാര്‍ഥതയുമായിരുന്നു മേഴ്‌സി രവിയുടെ കൈമുതലെന്ന് ആര്യാടന്‍ മുഹമ്മദ് എം.എല്‍.എ അനുസ്മരിച്ചു. ഏറ്റവും ദുഃഖകരമായ ദിനമാണിതെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയരംഗത്ത് ഒരു ചേച്ചിയുടെയോ അമ്മയുടെയോ പ്രതീതിയാണ് മേഴ്‌സി രവി നല്‍കിയിരുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല ഓര്‍മിച്ചു. വളരെക്കാലത്തെ വ്യക്തിപരമായ അടുപ്പം അവരുമായി ഉണ്ടായിരുന്നു. അവസാനമായി കൊച്ചിയിലെ വസതിയില്‍ കണ്ട വേളയിലും കേരള രാഷ്ട്രീയത്തിലെ ഗതിവിഗതികളെക്കുറിച്ച് സംസാരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പ്രവര്‍ത്തിച്ച എല്ലാ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വമായിരുന്നു മേഴ്‌സിരവിയെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി. നാല്‍പതു വര്‍ഷത്തിലേറെക്കാലം മേഴ്‌സിരവിയുമായി അടുത്ത ബന്ധം പുലര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്. സാമൂഹികപ്രശ്‌നങ്ങളില്‍ ആത്മാര്‍ത്ഥതയോടെയാണ് മേഴ്‌സിരവി നിലകൊണ്ടത്. വയലാര്‍ രവിയുടെ രാഷ്ട്രീയ വിജയങ്ങള്‍ക്ക് പിന്നിലെ ശക്തി അവരായിരുന്നെന്നും ഉമ്മന്‍ചാണ്ടി അനുസ്മരിച്ചു.