Administrator
Administrator
പാര്‍ട്ടി ബന്ധമുള്ള മാഫിയകള്‍ ഭൂമി തട്ടിയെടുക്കുന്നു
Administrator
Monday 7th September 2009 9:17am

vedic-village

സി.പി.ഐ.എം ചരിത്രത്തിലെ കറുത്ത അധ്യായമായ നന്ദിഗ്രാമിനും സിംഗൂരിനും ശേഷം പശ്ചിമ ബംഗാളില്‍ വീണ്ടും കര്‍ഷക നിലങ്ങളില്‍ വെടിയൊച്ച. നന്ദിഗ്രാമില്‍ കര്‍ഷക പ്രക്ഷോഭകാരികള്‍ക്കെതിരെ വെടിയുതിര്‍ത്തത് പോലീസായിരുന്നെങ്കില്‍ ഇപ്പോള്‍ കര്‍ഷകരെ തോക്കുമായി നേരിടുന്നത്സി.പി.ഐ.എം  ബന്ധമുള്ള ഭൂ മാഫിയകളാണ്. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങളില്‍ ഒരു കര്‍ഷകന്‍ വെടിയേറ്റ് മരിച്ചതോടെയാണ് സംഭവം പുറം ലോകമറിയുന്നത്. കുപിതരായ നാട്ടുകാര്‍ കര്‍ഷക ബൂമിയില്‍ കെട്ടിപ്പൊക്കി സെവന്‍ സ്റ്റാര്‍ ഹോട്ടന് തീയിട്ടു. കഴിഞ്ഞ സി.പി.ഐ.എം പോളിറ്റ് ബ്യൂറോക്ക് ബുദ്ധദേവ് ഭട്ടാചാര്യ എത്താതിരുന്നതിന് കാരണം പുതിയ വിവാദങ്ങളാണെന്ന് പറയപ്പെടുന്നു.

സിങ്കൂരിലും നന്ദിഗ്രാമിലും സര്‍ക്കാര്‍ നേരിട്ട് ഭൂമി ഏറ്റെടുത്ത് കുത്തകകള്‍ക്ക് കൈമാറാനാണ് നീക്കം നടത്തിയതെങ്കില്‍ ഇപ്പോള്‍ വേദിക് റിയല്‍റ്റിയെന്ന സ്വകാര്യ ഹോട്ടല്‍ കമ്പനിയാണ് കര്‍ഷക ഭൂമി ചുളുവിലക്ക് തട്ടിയെടുത്തത്. വിവിധ സി.പി.ഐ.എം വകുപ്പുകളുടെ പുര്‍ണ സഹകരണത്തോടെയാണ് വേദിക് കമ്പനി നീക്കം നടത്തിയത്. ചെറുകിട കര്‍ഷകരില്‍ നിന്നു ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും ചുളുവിലക്കു കൃഷിഭൂമി തട്ടിയെടുക്കല്‍ തുടങ്ങിയിട്ടു ആറു വര്‍ഷം കഴിഞ്ഞെങ്കിലും കഴിഞ്ഞയാഴ്ച പ്രദേശത്തെ ഫുട്‌ബോള്‍ മല്‍സരവുമായി ബന്ധപ്പെട്ടുണ്ടായ അക്രമങ്ങളാണ് സംഭവം പുറത്തുകൊണ്ടുവന്നത്.

പ്രാദേശിക ഗുണ്ടയും പാര്‍ട്ടി പ്രവര്‍ത്തകനുമായ ഗഫ്ഫാര്‍ മൊല്ലയെന്ന ഭൂമി കച്ചവടക്കാരനാണ് ഭൂമി ഏറ്റെടുക്കലിന് ചുക്കാന്‍ പിടിക്കുന്നത്. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് പ്രതിഷേധമുയര്‍ത്തിയ ചിലര്‍ പ്രദേശത്ത് നടക്കുന്ന ഫുഡ്‌ബോള്‍ മത്സരം കാണാനെത്തിയപ്പോള്‍ അവര്‍ക്കു നേരെ ഗഫ്ഫാറും ഗുണ്ടകളും വെടിയുതിര്‍ക്കുകയും ബോംബെറിയുകയും ചെയ്തു. സംഭവത്തില്‍ യുവാവ് കൊല്ലപ്പെട്ടു. വേദിക് റിയല്‍റ്റിയുടെ ഹോട്ടല്‍ സമുച്ചയത്തിലേക്ക് ഓടിപ്പോയ ഗഫ്ഫാറിനെ പിന്തുടര്‍ന്ന നാട്ടുകാര്‍ പിന്നീട് ഹോട്ടലിന്റെ ഭാഗമായ ഷെഡിന് തീകൊടുത്തു. അതിനകത്ത് വന്‍ ആയുധ ശേഖരമാണ് നാട്ടുകാര്‍ക്ക് കാണാനായത്. ഹോട്ടലിന് തീകൊടുത്തതോടെ സംഭവം വിവാദമാവുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് മുഖം രക്ഷിക്കാന്‍ വേദിക് റിയല്‍റ്റി എം.ഡി രാജ് കിഷോര്‍ മോഡി ഉള്‍പ്പെടെ നിരവധി പേരെ സര്‍ക്കാര്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ സി.പി.ഐ.എം  കൈകാര്യം ചെയ്യുന്ന ഭൂപരിഷ്‌കരണം, ഐ.ടി, നഗരവികസനം എന്നീ മന്ത്രാലയങ്ങളാണ് വേദിക് റിയല്‍റ്റിക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്ത് കൊടുത്തത്. ഭൂമി ഏറ്റെടുക്കുന്നതില്‍ ഭൂപരിഷ്‌കരണ മന്ത്രി അബ്ദുര്‍റസാഖ് മൊല്ലക്കു നേരിട്ടു പങ്കാളിത്തമുണ്ടെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. കൂടുതല്‍ വിവാദങ്ങളൊവിവാക്കാന്‍ ഭൂമി ഏറ്റെടുക്കലിനെക്കുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ നിര്‍ദേശം നല്‍കിയിരിക്കയാണ്.

എന്നാല്‍ നന്ദിഗ്രാമിലും സിങ്കൂരിലും പ്രക്ഷോഭത്തിന്റെ മുന്നില്‍ നിന്ന തൃണമൂല്‍ കോണ്‍ഗ്രസ് വേദിക് വെടിവെപ്പില്‍ നിശ്ശബ്ദത പാലിച്ചിരിക്കയാണ്. കര്‍ഷകര്‍ക്ക് നേരെ വെടിവെച്ച ഭൂമി കച്ചവടക്കാരനായ ഗഫ്ഫാര്‍ മൊല്ല സി.പി.ഐ.എം, തൃണമൂല്‍ നേതൃത്വത്തിന് ഒരു പോലെ പ്രിയങ്കരനാണ്. സംഭവത്തിന് ശേഷം മുങ്ങിയ ഇയാളെക്കുറിച്ച് ഒരക്ഷരം ഉരിയാടാന്‍ ഇരുപാര്‍ട്ടികളും ഇതുവരെ തയ്യാറായിട്ടില്ല. ഭൂപരിഷ്‌കരണ മന്ത്രി അബ്ദുര്‍റസാഖ് മൊല്ലയുമായും ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ട്. വെടിവെപ്പിനെക്കുറിച്ച് സംസാരിക്കാതിരുന്ന തൃണമൂല്‍ വേദിക് ഹോട്ടലില്‍ ആയുധം കണ്ടെടുത്തത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സി.പി.ഐ.എം മന്ത്രിമാരും മുതിര്‍ന്ന നേതാക്കളും വേദിക് റിയല്‍റ്റിയിലെ ആഡംബര ഹോട്ടലിലെ സ്ഥിരം സന്ദര്‍ശകരായിരുന്നുവെന്നും അവരുടെ പേരുവിവരങ്ങള്‍ പുറത്തുവിടണമെന്നും തൃണമൂല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാല്‍, ഇടതുമുന്നണിയില്‍ സംഭവം പുതിയ വിവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്. വേദിക് വില്ലേജുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നീക്കങ്ങള്‍ സി.പി.ഐ.എം തങ്ങളില്‍ നിന്നു മറച്ചുവച്ചിരിക്കുകയായിരുന്നുവെന്ന് ഇടതുമുന്നണി നേതാവ് അശോക് ഘോഷ് കുറ്റപ്പെടുത്തി. സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് ഇതു കളങ്കമുണ്ടാക്കിയെന്നും ഫോര്‍വേഡ് ബ്ലോക്ക് സംസ്ഥാന സെക്രട്ടറി കൂടിയായ ഘോഷ് അഭിപ്രായപ്പെട്ടു.
നിരവധി നേതാക്കളുടെ പേരുകള്‍ വിവാദവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്നുണ്ടെന്നും അവയെക്കുറിച്ചുള്ള സത്യം അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും മുന്നണി ഘടകകക്ഷിയായ ആര്‍.എസ്.പിയുടെ നേതാവും സംസ്ഥാന പൊതുമരാമത്ത് മന്ത്രിയുമായ ക്ഷിതി ഗോസ്വാമി പറഞ്ഞു.

വേദിക് വില്ലേജിനു ചുറ്റും ഐ.ടി ടൗണ്‍ഷിപ്പ് സ്ഥാപിക്കാന്‍ രണ്ടുമാസം മുമ്പ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. വിപ്രോ, ഇന്‍ഫോസിസ് തുടങ്ങിയ ഐ.ടി കമ്പനികള്‍ക്ക് 90 ഏക്കര്‍ വീതം നല്‍കാന്‍ 2008 ഏപ്രിലില്‍ സര്‍ക്കാര്‍ ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. പിന്നീട് സ്വകാര്യ കമ്പനികള്‍ക്കു കൈവശം വക്കാവുന്ന ഭൂമിയുടെ പരിധിയില്‍ നിന്നു രക്ഷപ്പെടാന്‍ ഇവിടെ ടൗണ്‍ഷിപ്പായി പ്രഖ്യാപിക്കുകയായിരുന്നു.

ഐ.ടി വകുപ്പുമായി സഹകരിച്ചാണ് വേദിക് റിയല്‍റ്റി ലിമിറ്റഡ് ടൗണ്‍ഷിപ്പ് സ്ഥാപിക്കുക.ഇതിനായി 1200 ഏക്കര്‍ കര്‍ഷകഭൂമി കമ്പനി ഏറ്റെടുക്കും. ഇതില്‍ 600 ഏക്കര്‍ സൗജന്യമായി ഐ.ടി വകുപ്പിനു കൈമാറും. പകരം കൊല്‍ക്കത്തയുമായി ബന്ധിപ്പിക്കുന്ന റോഡ് അടക്കമുള്ള അടിസ്ഥാന സൗകര്യ വികസനം സര്‍ക്കാര്‍ നടത്തും. ബാക്കി 600 ഏക്കറില്‍ വ്യാപാര, പാര്‍പ്പിട സമുച്ചയങ്ങള്‍ നിര്‍മിക്കാനുമാണ് പദ്ധതി. സംഭവം വിവാദമായതോടെ പദ്ധതി നിര്‍ത്തി വെച്ചെങ്കിലും തടിയൂരാനാണ് സര്‍ക്കാര്‍ ആലോചന.

പ്രശനം ഒതുക്കാനുള്ള തീവ്ര ശ്രമത്തിലാണ് സര്‍ക്കാര്‍. ഇന്നലെ ഡല്‍ഹിയില്‍ സമാപിച്ച സി.പി.ഐ.എം പോളിറ്റ് ബ്യൂറോ യോഗത്തില്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ പങ്കെടുത്തിരുന്നില്ല. വേദിക് സംഭവം വിവാദമായ സാഹചര്യത്തില്‍ യോഗത്തില്‍ പങ്കെടുക്കുന്നത് തനിക്കെതിരെ വിമര്‍ശനത്തിനിടയാക്കുമെന്ന് കൂടി കണ്ടാണ് വിട്ടുനിന്നതെന്ന് അറിയുന്നു.

Advertisement