Categories

പോള്‍വധം:കത്തി പണിയിപ്പിച്ചത്‌ പോലീസെന്ന് കൊല്ലപ്പണിക്കാരന്‍

breaking-news-rwആലപ്പുഴ: മുത്തൂറ്റ് പോള്‍ എം.ജോര്‍ജിനെ കുത്താന്‍ ഉപയോഗിച്ച ‘എസ്’ ആകൃതിയിലുളള കത്തി പോലീസിന്റെ നിര്‍ദ്ദേശപ്രകാരം താന്‍ പണിതതാണെന്ന് കൊല്ലപ്പണിക്കാരന്‍. പോലീസ് ചമെഞ്ഞെത്തിയ ഏഷ്യാനെറ്റ് പ്രതിനിധികളോടാണ് കൊല്ലന്‍ ഇത്തരത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

പോളിനെ കൊല്ലാന്‍ ഉപയോഗിച്ചത് ‘എസ്’ ആകൃതിയിലുളള കത്തിയാണെന്ന് ഐ.ജി. വിന്‍സന്‍ എം.പോള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ച അന്നു തന്നെയാണ് ആലപ്പുഴ നോര്‍ത്ത് സി.ഐ കെ.എ.തോമസ് നേരിട്ടത്തി കത്തി നിര്‍മ്മിച്ചു തരാന്‍ ആവശ്യപ്പെട്ടതെന്ന് കൊല്ലന്‍ പറഞ്ഞു.നിര്‍മ്മിക്കേണ്ട കത്തിയുടെ ആകൃതി വരച്ച് നല്‍കുകയും ചെയ്തു. മറ്റൊരു ചെറിയ കത്തികൂടി നിര്‍മ്മിച്ചു നല്‍കാന്‍ പോലീസ് ആവശ്യപ്പെട്ടിരുന്നെന്നും ഇയാള്‍ വെളിപ്പെടുത്തി.

ഐ.ജി വിന്‍സന്‍ എം.പോളിന്റെ വാര്‍ത്താസമ്മേളനത്തിന് ശേഷം രണ്ടു ദിവസം കഴിഞ്ഞാണ് പോലീസ് കാരി സതീശിന്റെ വീട്ടില്‍ നിന്ന് ‘എസ്’ ആകൃതിയിലുളള കത്തി കണ്ടെത്തിയത്. കത്തി പോലീസ് കൊണ്ടുവന്ന് തലയിണക്ക് താഴെ വെച്ചതാണെന്ന് സതീശിന്റെ അമ്മൂമ്മ അന്ന് തന്നെ മാധ്യമപ്രവര്‍ത്തകരോട് പറയുകയുണ്ടായി. ഈ കാര്യങ്ങളില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊല്ലനെ കണ്ടെത്തിയതെന്ന് ഏഷ്യാനെറ്റ് സംഘം അവകാശപ്പെടുന്നു. സംഭവം വാര്‍ത്തയായതോടെ കൊല്ലപ്പണിക്കാരനെ തേടി പോലീസ് പരക്കംപാച്ചില്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും ഇയാളെപ്പറ്റി ഇപ്പോള്‍ വിവരമൊന്നുമില്ല.


Comments are closed.