kanchivaram-rwന്യൂഡല്‍ഹി: 2007 ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. നാലുപെണ്ണുങ്ങളിലൂടെ അടൂര്‍ ഗോപാലകൃഷ്ണന്‍ മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടു.കാഞ്ചീപുരത്തെ നെയ്ത്തുകാരുടെ ജീവിതത്തിന്റെ നിറവും നീറ്റലും ഇതിവൃത്തമായ പ്രിയദര്‍ശന്റെ കാഞ്ചീവരമാണ് മികച്ച ചിത്രം. ഫ്രോസണ്‍, ഗാന്ധി മൈ ഫാദര്‍, ഗുലാബി ടാക്കീസ് എന്നീ ചിത്രങ്ങളെ മറികടന്നാണ് കാഞ്ചീവരം 2007ലെ മികച്ച സിനിമയായി തിരഞ്ഞെടുക്കപ്പെട്ടത്.കാഞ്ചീവരത്തിലെ വെങ്കടത്തിന്റെ ആത്മനൊമ്പരങ്ങള്‍ അഭ്രപാളികളിലേക്ക് പകര്‍ന്ന തമിഴ്‌നടന്‍ പ്രകാശ് രാജ് മികച്ച നടനായും തിരഞ്ഞെടുക്കപ്പെട്ടു.പരദേശിയിലെ മോഹന്‍ലാലിനെയും ഒരേകടലിലെ മമ്മൂട്ടിയേയും അക്ഷയ് കുമാറിനേയും അവസാനഘട്ടത്തില്‍ മറികടന്നാണ് പ്രകാശ് രാജ് ഈ പുരസ്‌കാരം നേടിയത്. മികച്ച പ്രാദേശികഭാഷാചിത്രത്തിനുള്ള പുരസ്‌കാരം ശ്യാമപ്രസാദിന്റെ ഒരേ കടലിനാണ്. വാര്‍ത്താവിനിമയ മന്ത്രി അംബികാസോണിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം ജൂറി ചെയര്‍മാനായ മറാത്തി സംവിധായകന്‍ സായി പരഞ്ജ്‌പെയാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.

ഗിരീഷ് കാസറവള്ളി സംവിധാനംചെയ്ത കന്നഡ ചിത്രമായ ഗുലാബി ടാക്കീസിലെ കേന്ദ്രകഥാപാത്രമായ സിനിമാഭ്രാന്തിയെ അവതരിപ്പിച്ച ഉമാശ്രീ മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു. മീരാജാസ്മിനേയും തമിഴ്താരം ജ്യോതികയേയും മറികടന്നാണ് ഉമാശ്രീ പുരസ്‌കാരം നേടിയത്.ഗാന്ധി മൈ ഫാദറിലെ അഭിനയത്തിന് ദര്‍ശന്‍ ജാരിവാളിനെ സഹനടനായും സഹനടിയായി ഷബാനി ഷാ എന്ന ബംഗാളി നടിയും അര്‍ഹയായി.ഒരേകടലിന് സംഗീതമൊരുക്കിയ ഔസേപ്പച്ചനാണ് മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരം.നാലു പെണ്ണുങ്ങളുടെ ചിത്രസംയോജനത്തിന് ബി അജിത്തും പരദേശിയിലൂടെ പട്ടണം റഷീദ് മികച്ച മേക്കപ്പ്മാനായും തിരഞ്ഞെടുക്കപ്പെട്ടു. റഷീദിന് ലഭിക്കുന്ന ആദ്യത്തെ ദേശീയ അവാര്‍ഡാണിത്.

താരേ സമീന്‍ പര്‍ ആണ് മികച്ച കുടുംബക്ഷേമചിത്രം.ഈ സിനിമയിലെ ഗാനത്തിലൂടെ പ്രസൂണ്‍ ജോഷി് മികച്ച ഗാനരചയിതാവായി.ഇതേ ഗാനം ആലപിച്ച ശങ്കര്‍ മഹാദവേന്‍ മികച്ച ഗായകനായും ജബ് വി മെറ്റിലെ ഗാനത്തിന് ശ്രേയ ഗോസ്വാല്‍ ഗായികയായും തിരഞ്ഞെടുക്കപ്പെട്ടു. ഷാരൂഖ് ഖാന്‍ ഹോക്കി ടീം കോച്ചിന്റെ വേഷത്തിലെത്തിയ ചക്‌ദേ ഇന്ത്യയാണ് മികച്ച ജനപ്രിയ ചിത്രം. ധരം ആണ് മികച്ച സാമൂഹികപ്രതിബദ്ധതയുള്ള ചിത്രം. ഗാന്ധി മൈ ഫാദര്‍ എന്ന ചിത്രത്തിന് തിരക്കഥയെഴുതിയ ഫിറോസ് ഖാനാണ് മികച്ച തിരക്കഥാകൃത്ത്.ഓം ശാന്തി ഓമിലെ കലാസംവിധാനത്തിന് സാബു സിറിളിന് പുരസ്‌കാരം ലഭിച്ചു.1971 എന്ന ചിത്രത്തിലെ സൗണ്ട് എഡിറ്റിങിന് മലയാളിയായ പ്രമോദ് തോമസ് ജോണിന് ശബ്ദസന്നിവേശത്തിനുള്ള പുരസ്‌കാരം ലഭിച്ചു.ചലച്ചിത്ര നിരൂപണത്തിനുള്ള പുരസ്‌കാരം വി.കെ ജോസഫും ചലച്ചിത്രഗ്രന്ഥത്തിനുള്ള പുരസ്‌കാരം എം.എഫ് തോമസും നേടി.

മറാഠിയിലും ഹിന്ദിയിലും നിന്നാണ് ഏറ്റവും കൂടുതല്‍ നല്ല ചിത്രങ്ങള്‍ മത്സരത്തിനെത്തിയത്.സായി പരഞ്ച്‌പൈ ചെയര്‍മാനായ ജൂറിയില്‍ കേരളത്തില്‍നിന്നുള്ള സിബി മലയില്‍, സണ്ണി ജോസഫ്, മോഹന്‍ ശര്‍മ എന്നിവരും അംഗങ്ങളായിരുന്നു.ഫീച്ചര്‍ ഇതര ചിത്രങ്ങളുടെ ജൂറി ചെയര്‍മാന്‍ അശോക് വിശ്വനാഥനാണ്. പുസ്തകം തിരഞ്ഞെടുക്കാനുള്ള സമിതിയുടെ അധ്യക്ഷ നമിതാ ഗോഖലെയായിരുന്നു.വ്യാഴാഴ്ച നടത്താനിരുന്ന ദേശീയ പുരസ്‌കാരപ്രഖ്യാപനം വൈ.എസ്.രാജശേഖരറെഡ്ഡിയുടെ മരണത്തെത്തുടര്‍ന്ന് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.