Administrator
Administrator
സംസ്ഥാനത്തേക്ക് ചരക്കുഗതാഗതം വഴിമുട്ടുന്നു
Administrator
Monday 7th September 2009 10:08am

kerala-goods-lorry

സുല്‍ത്താന്‍ ബത്തേരി: കര്‍ണാടക ദേശീയപാത 212ലെ ഗതാഗതനിരോധനത്തോടൊപ്പം ഊട്ടി-മൈസൂര്‍ ദേശീയപാത 67ലും രാത്രികാല ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള മദ്രാസ് ഹൈക്കോടതി ഉത്തരവ് കേരളത്തിന്റെ സാമ്പത്തികമേഖലയെ ഗുരുതരമായ പ്രതിസന്ധിയിലേക്കു നയിക്കുമെന്ന് ആശങ്ക. രണ്ടു റൂട്ടിലും രാത്രികാല വാഹനഗതാഗതം വന്യമൃഗങ്ങളുടെ വിഹാരത്തിനു ഭീഷണിയാവുന്നുവെന്ന കാരണം പറഞ്ഞാണ് കര്‍ണാടക-മദ്രാസ് ഹൈക്കോടതികള്‍ നിരോധിച്ചത്.. ഊട്ടി-മൈസൂര്‍ റൂട്ടില്‍ തൊറപ്പള്ളി മുതല്‍ കക്കനനല്ല വരെയുള്ള 16 കിലോമീറ്ററിലും ശിഖൂര്‍ റൂട്ടില്‍ കല്ലടി മുതല്‍ തൊപ്പക്കാവു വരെ ഏഴുകിലോമീറ്ററിലുമാണ് പുതുതായി ഗതാഗതനിയന്ത്രണം.

നിലമ്പൂര്‍ വഴി മൈസൂരിലേക്കുള്ള പ്രധാന പാതയാണ് തമിഴ്‌നാട്ടിലെ മുതുമല ടൈഗര്‍ റിസര്‍വ് വഴിയുള്ള ദേശീയപാത 67. ആന്ധ്ര, കര്‍ണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗോവ, തമിഴ്‌നാട് തുടങ്ങി കശ്മീര്‍ വരെയുള്ള സംസ്ഥാനങ്ങളില്‍ നിന്നു നിത്യോപയോഗസാധനങ്ങളടക്കമുള്ള ചരക്കുകള്‍ ഊട്ടി-മൈസൂര്‍ പാത വഴിയാണു കേരളത്തിലേക്കെത്തിക്കൊണ്ടരുന്നത്. അരി, നെല്ല്, ഗോതമ്പ്, പഞ്ചസാര, പാല്‍, പാലുല്‍പ്പന്നങ്ങള്‍, ശര്‍ക്കര, പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ തുടങ്ങിയ ഭക്ഷ്യസാധനങ്ങളും മാര്‍ബിള്‍, ഗ്രാനൈറ്റ്, കടപ്പ, സിമന്റ്, ഇരുമ്പുരുക്ക് തുടങ്ങിയ നിര്‍മാണസാമഗ്രികളും വന്‍ തോതില്‍ ഈ റൂട്ടിലൂടെ സംസ്ഥാനത്തേക്കെത്തുന്നുണ്ട്. പച്ചക്കറിയില്‍ ഭൂരിഭാഗവും കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നാണ് എത്തിക്കൊണ്ടിരിക്കുന്നത്. കര്‍ണാടക ബന്ദിപ്പൂര്‍ ദേശീയപാത 212ല്‍ നിരോധനം വന്നതോടെ രാത്രി ഒമ്പതിനു മുമ്പ് പാത മറികടക്കാന്‍ പാകത്തിനായിരുന്നു ചരക്കുലോറികളുടെ വരവ്. എന്നാല്‍ ഊട്ടി-മൈസൂര്‍ റൂട്ടിലെ നിരോധനം കൂടി വന്നതോടെ ലോറികള്‍ മുതുമല വന്യജീവിസങ്കേതത്തില്‍ പാതയോരത്തു നിര്‍ത്തിയിടുകയാണ്. ഒരു ദിവസംകൊണ്ട് കര്‍ണാടകയില്‍ നിന്നു ചരക്കെത്തിച്ചു മടങ്ങിയിരുന്ന ലോറി ഉടമകള്‍ക്ക് ഇനി അതിന് കഴിയില്ല. നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ ഉയരാന്‍ ഇത് ഇടയാക്കും.

യാത്രാ നിരോധനം അതിര്‍ത്തിഗ്രാമങ്ങളിലെ കാര്‍ഷിക വിപണിയെയും പ്രതികൂലമായി ബാധിച്ചുകഴിഞ്ഞു. കോഴിക്കോട്, കണ്ണൂര്‍, വയനാട് തുടങ്ങിയ വിപണനകേന്ദ്രങ്ങളെ ലക്ഷ്യമിട്ടു തമിഴ്‌നാട്-കര്‍ണാടക അതിര്‍ത്തിഗ്രാമങ്ങളില്‍ തക്കാളി, ഉള്ളി, പച്ചമുളക്, കൂര്‍ക്ക, കക്കിരിക്ക, കാരറ്റ്, ബീറ്റ്‌റൂട്ട് തുടങ്ങിയ പച്ചക്കറികളും തണ്ണിമത്തന്‍, വാഴപ്പഴം എന്നിവയും വ്യാപകമായി കൃഷിചെയ്യുന്നുണ്ട്.
അതിര്‍ത്തികടന്നെത്താന്‍ 12 മണിക്കൂറിലധികം വേണമെന്നത് പച്ചക്കറികളും പഴവര്‍ഗങ്ങളും നശിക്കാന്‍ ഇടയാക്കുന്നുണ്ട്.

സര്‍ക്കാര്‍ നീക്കം പ്രഹസനം

ഇതിനിടെ കേരളത്തിന്, പ്രത്യേകിച്ച് മലബാറിന് ഏറെ ദോഷംചെയ്യുന്ന ബാംഗ്ലൂര്‍-കോഴിക്കോട് ദേശീയപാതയിലെ രാത്രിഗതാഗത നിരോധനത്തിനെതിരായ ഇടപെടലുകള്‍ പ്രഹസനമാവുകയാണെന്ന് ആക്ഷേപം. കര്‍ണാടക ഹൈക്കോടതിയുടെ നിരോധനം നീക്കുന്നതിന് സുപ്രിംകോടതിയെ സമീപിക്കാന്‍ കഴിഞ്ഞ മാസം തിരുവനന്തപുരത്ത് ഗതാഗതമന്ത്രി ജോസ് തെറ്റയിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചിരുന്നെങ്കിലും ഇതുവരെ നടപടികളൊന്നുമുണ്ടായിട്ടില്ല. ജൂലൈ 27ന് കോടതിവിധി വന്നെങ്കിലും കേരളം റിവ്യൂ ഹരജി നല്‍കിയത് 17 ദിവസം കഴിഞ്ഞിട്ടാണ്. സംസ്ഥാന സര്‍ക്കാരിന്റെ നിസ്സംഗതയാണ് ഇതിനു കാരണം. കോടതിയില്‍ ഹാജരാവാന്‍ പ്രമുഖനായ അഭിഭാഷകനെ ചുമതലപ്പെടുത്താനും സര്‍ക്കാര്‍ തയ്യാറായില്ല. കേസില്‍ കക്ഷിചേരുമെന്നു പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ ഉണ്ടായിട്ടില്ല.
രണ്ട് കാബിനറ്റ് മന്ത്രിമാര്‍ ഉള്‍പ്പെടെ കേരളത്തില്‍ നിന്ന ആറു മന്ത്രിമാര്‍ കേന്ദ്രമന്ത്രിസഭയിലുണ്ടെങ്കിലും കേന്ദ്രത്തില്‍ യാതൊരു സമ്മര്‍ദ്ദവും ഈ വിഷയത്തില്‍ ചെലുത്താന്‍ അവരും ശ്രമിച്ചിട്ടില്ല. നിരോധനം കൂടുതല്‍ സമയത്തേക്ക് ദീര്‍ഘിപ്പിക്കുകയല്ലാതെ പിന്‍വലിക്കുന്നതിനെ ക്കുറിച്ച് ആലോചിക്കില്ലെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ജയറാം രമേശ് കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനക്കെതിരേയും ആരും രംഗത്തുവന്നില്ല.

Advertisement