Categories

ലാവ്‌ലിന്‍: മന്ത്രിസഭാ രേഖയെച്ചൊല്ലി വിവാദം മുറുകുന്നു

manthri-rwകൊച്ചി: ലാവ്‌ലിന്‍ കേസിലെ മന്ത്രിസഭാ തീരുമാനങ്ങള്‍ പുറത്തായത് സംബന്ധിച്ച് വിവാദം മുറുകുന്നു. രേഖ ചോര്‍ന്നത് നിയമവിരുദ്ധമാണെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ സര്‍ക്കാറിനും ഗവര്‍ണര്‍ക്കും നിയമപ്രകാരം ലഭിച്ച രേഖയാണിതെന്നും ചോര്‍ത്തിയെന്ന വാദം അപ്രസക്തമാണെന്നും പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയില്‍ പറയുന്നു.

അതിനിടെ സി.പി.ഐ.എം. സെക്രട്ടറി പിണറായി വിജയന് വിവരാവകാശ നിയമപ്രകാരം കിട്ടിയിട്ടാതിരുന്ന രേഖ എങ്ങനെ ചോര്‍ന്നുവെന്ന് അന്വേഷിക്കാണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് ഹരജി ലഭിച്ചു. ഹ്യൂമന്‍ റൈറ്റ്‌സ് ഡിഫന്‍സ് ഫോറം ജനറല്‍ സെക്രട്ടറി അഡ്വ. ഡി.ബി. ബിനുവാണ് ഹര്‍ജി നല്‍കിയത്. വിവരാവകാശ നിയമപ്രകാരമാണ് പ്രസ്തുത ഉദ്യോഗസ്ഥനോട് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.

ലാവ്‌ലിന്‍ കേസില്‍ ഗവര്‍ണറുടെ പ്രോസിക്യൂഷന്‍ തീരുമാനത്തിനെതിരെ സുപ്രീം കോടതിയില്‍ നല്‍കിയ ഹരജിയിലാണ് പിണറായി മന്ത്രിസഭാ രേഖകള്‍ നല്‍കിയത്.

എന്നാല്‍ കോടതിയില്‍ സമര്‍പ്പിക്കാന്‍, വിവരാവകാശ നിയമപ്രകാരം ഈ രേഖകള്‍ പിണറായി ആവശ്യപ്പെട്ടിരുന്നുവെന്ന് ദേശാഭിമാനി പറയുന്നു. പ്രോസിക്യൂഷന് അനുമതി നല്‍കിയ സാഹചര്യത്തില്‍ ഉചിതമായ നിയമനടപടികള്‍ കൈക്കൊള്ളാന്‍ കേസുമായി ബന്ധപ്പെട്ട എല്ലാ വിവരവും ലഭിക്കേണ്ടതുണ്ടെന്ന് അപേക്ഷയില്‍ പറഞ്ഞിരുന്നു. നിയമാനുസൃതം ഫീസടച്ച് സമര്‍പ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തില്‍ 2009 ജൂ 20ന് വിജിലന്‍സ് വകുപ്പിലെ സംസ്ഥാന പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ രേഖകള്‍ അനുവദിച്ചുവെന്നും പത്രം വ്യക്തമാക്കുന്നു.

അഡ്വക്കറ്റ് ജനറല്‍ സംസ്ഥാന സര്‍ക്കാരിനു നല്‍കിയ നിയമോപദേശം, മന്ത്രിസഭാരേഖകള്‍, ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട് ഗവര്‍ണറും സംസ്ഥാന സര്‍ക്കാരുമായി നടത്തിയ കത്തിടപാടുകള്‍ തുടങ്ങിയവയാണ് ലഭ്യമാക്കിയത്. ഗവര്‍ണറുടെ ഓഫീസും രേഖകള്‍ നല്‍കി. ഈ സത്യം മറച്ചുപിടിച്ചാണ് മുറവിളി- ദേശാഭിമാനി വാര്‍ത്ത വ്യക്തമാക്കുന്നു.

ലാവലിന്‍ കേസില്‍ ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മില്‍ നടത്തിയ സുപ്രധാന കത്തിടപാടുകള്‍ തനിക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അഡ്വ. ബിനു ഗവര്‍ണര്‍ക്ക് ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍, വിവരാവകാശ നിയമപ്രകാരം ഇത്തരം കത്തിടപാടുകള്‍ നല്‍കാന്‍ കഴിയില്ലെന്നായിരുന്നു ഗവര്‍ണറുടെ ഓഫീസ് മറുപടി നല്‍കിയിരുന്നത്. ഇതിന് എതിരെ സംസ്ഥാന ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ മുമ്പാകെ ബിനു പരാതി നല്‍കിയിരുന്നു. അത് ഫയലില്‍ സ്വീകരിച്ചുകൊണ്ട് ഗവര്‍ണറുടെ ഓഫീസിന് ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

പിണറായി സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഹാജരായ സീനിയര്‍ അഡ്വ: ഹരീഷ് സാല്‍വേയ്ക് എത്ര ലക്ഷങ്ങള്‍ ഫീസായി നല്‍കിയെന്ന് അറിയാന്‍ പ്രോപ്പര്‍ ചാനല്‍ പ്രസിഡന്റ് ഹരിദാസ് സര്‍ക്കാരിന് വിവരാവകാശ നിയമപ്രകാരം ഹര്‍ജി നല്‍കുന്നുണ്ട്.


Comments are closed.