Administrator
Administrator
തൊഴിലാളിയുടെ സമ്മതമില്ലാതെ സ്ഥലം മാറ്റരുത്: യു.എ.ഇ
Administrator
Monday 7th September 2009 12:26am

humaid-rwതൊഴിലാളികളുടെ സമ്മതമില്ലാതെ അവരെ സ്ഥലം മാറ്റരുതെന്ന് യു.എ.ഇ തൊഴില്‍ മന്ത്രാലയത്തിന്റെ ഉത്തരവ്. സ്ഥലം മാറ്റത്തിന് പ്രാഥമികമായി തൊഴിലാളിയുടെ സമ്മതമാണ് വേണ്ടതെന്നും മന്ത്രാലയം ആക്ടിങ് ഡയറക്ടര്‍ ഹുമൈദ് ബിന്‍ ദീമാസ് വ്യക്തമാക്കി.

സര്‍ക്കാര്‍ ഉത്തരവനുസരിച്ച് ഒന്നിലധികം സ്ഥാപനങ്ങളുള്ള കമ്പനിയുടമകള്‍ക്ക് ജീവനക്കാരെ മറ്റു സ്ഥാപനങ്ങളിലേക്ക് നിര്‍ബന്ധിച്ച് മാറ്റാനാവില്ല. പുതിയ സ്ഥാപനങ്ങളിലേക്ക് ജീവനക്കാരെ മാറ്റുന്നവര്‍ അനുയോജ്യമായ തൊഴില്‍ സാഹചര്യം കമ്പനികളിലുണ്ടെന്ന് ഉറപ്പുവരുത്തണം. തൊഴിലാളികളില്‍ പലര്‍ക്കും രാജ്യത്തെ തൊഴില്‍ നിയമങ്ങളറിയില്ല. ഈ സാഹചര്യം മുതലെടുത്ത് തൊഴിലുടമകള്‍ ഇഷ്ടാനുസരണം അവരെ ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുന്നറിയിപ്പില്ലാത്ത ജോലി മാറ്റം തൊഴിലാളികളെ പ്രയാസത്തിലാക്കും. താമസം, ഭക്ഷണം, മറ്റു തൊഴില്‍ സൗകര്യങ്ങള്‍ എന്നിവയൊന്നും പരിഗണിക്കാതെയാണ് ഉടമകള്‍ ജീവനക്കാരെ സ്ഥലം മാറ്റുന്നത്. തൊഴിലാളികളെ സമ്മര്‍ദം ചെലുത്തിയും നിര്‍ബന്ധിച്ചും സ്ഥലംമാറ്റാറുണ്ട്. നിലനില്‍പ് ഭയന്ന് പ്രതികരിക്കാന്‍ കഴിയാത്ത തൊഴിലാളികള്‍ ഇതിന് വഴങ്ങാറാണ് പതിവ്.

സ്‌പോണ്‍സറുടെ കീഴിലല്ലാതെ പണിയെടുപ്പിക്കുന്നത് താമസ കുടിയേറ്റ നിയമലംഘനമാണ്. നിയമലംഘനങ്ങളില്‍നിന്ന് മുക്തമായതാണെന്ന് ഉറപ്പുവരുത്തിയേ പഴയ കമ്പനികളുടെ ലൈസന്‍സ് വാങ്ങാവൂ. ക്രയവിക്രയം നടന്ന് ആറു മാസം പിന്നിട്ടാല്‍ കമ്പനിയുടെ ഉത്തരവാദിത്തം സ്ഥാപനം സ്വീകരിച്ച സ്‌പോണ്‍സര്‍ക്കായിരിക്കും. കമ്പനി വാങ്ങുന്ന നിക്ഷേപകര്‍ തൊഴില്‍ മന്ത്രാലയത്തില്‍ രേഖകള്‍ സൂക്ഷ്മപരിശോധനയ്ക്ക് നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

Advertisement