കാബൂള്‍ : അഫ്ഗാന്‍ തീവ്രവാദ സംഘടനയായ താലിബാനെ പണം നല്‍കി വരുതിയിലാക്കാന്‍ അമേരിക്കയുടെ നേതൃത്വത്തില്‍ അണിയറ നീക്കം നടക്കുന്നു. അഞ്ഞൂറ് മില്യണ്‍ യു എസ് ഡോളര്‍(50 കോടി ഡോളര്‍) രൂപയാണ് താലിബാന് വിലയിട്ടിരിക്കുന്നത്. പാക്കേജിന്റെ പ്രാഥമിക ചര്‍ച്ചകള്‍ക്കായി അമേരിക്ക, യു എസ്, ബ്രിട്ടണ്‍ , ജപ്പാന്‍ എന്നീ രാഷ്ട്രങ്ങള്‍ ബുധനാഴ്ച യോഗം ചേര്‍ന്നു. ബ്രിട്ടണിലായിരുന്നു യോഗം.

പണവും ജോലിയും മറ്റ് സൗകര്യങ്ങളും നല്‍കുന്നതിന് പകരം താലിബാനെയും മറ്റ് സായുധ സംഘങ്ങളും ആയുധം താഴെ വെക്കണമെന്നാണ് ആവശ്യം. ഇതിനായി അഞ്ഞൂറ് മില്യണ്‍ ഡോളറിന്റെയും ഒരു ബില്യണ്‍ ഡോളറിന്റെയും ഇടയിലുള്ള തുക അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ചെലഴിക്കും.

തീവ്രവാദ സംഘങ്ങളുടെ അംഗങ്ങള്‍ക്ക് വ്യക്തിഗതമായി തുക നല്‍കാന്‍ നീക്കമുണ്ട്. സംഘടനക്ക് ശക്തിയുള്ള പ്രദേശത്തേക്ക് റോഡുകള്‍ നിര്‍മ്മിക്കാനും മറ്റ് വികസന പ്രവര്‍ത്തനങ്ങള്‍ക്കും പണം ചെലവഴിക്കുമെന്നാണ് ധാരണ. ഇതിനായി മുതിര്‍ന്ന താലിബാന്‍ നേതാക്കളുമായി നേരിട്ട് ചര്‍ച്ച നടത്താനുള്ള നീക്കം തുടങ്ങിക്കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്.

അതേസമയം തീവ്രവാദ സംഘടനകള്‍ക്ക് അമേരിക്ക തന്നെ പരോക്ഷമായി സഹായം നല്‍കുന്നുണ്ടെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു. ലോകത്ത് തീവ്രവാദ സംഘടനകളെ നിലനിര്‍ത്തി യുദ്ധങ്ങളിലൂടെ മുതലെടുപ്പ് നടത്തുകയെന്നാണ് അമേരിക്കന്‍ തന്ത്രമെന്നാണ് ആരോപണം. ഇതിന് തെളിവെന്ന നിലയില്‍ ഇറാഖിലെ തടവറയില്‍ നിന്നും അമേരിക്കന്‍ സേനയുടെ അനുവാദത്തോടെ തീവ്രവാദ സംഘടനകളിലേക്ക് റിക്രൂട്ട്‌മെന്റ് നടക്കുന്നതായി മുന്‍ തടവുകാരന്‍ വ്യക്തമാക്കിയിരുന്നു.