syed_yusuf_raza_gilani-rwന്യൂഡല്‍ഹി: ലാഹോറില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന് നേരെ നടന്ന ആക്രമണത്തിന് പിന്നില്‍ എല്‍.ടി.ടി.ഇക്ക് പങ്കുണ്ടാവാനിടയുണ്ടെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനി. ലിബിയന്‍ സന്ദര്‍ശനവേളയില്‍ ശ്രീലങ്കന്‍ പ്രസിഡന്റ് മഹിന്ദ രാജപക്‌സെ ഇക്കാര്യം തന്നോട് പറഞ്ഞതെന്നും ഗിലാനി വ്യക്തമാക്കി.

പുലികളുമായി ബന്ധമുള്ളവരാണ് അക്രമണത്തിന് സഹായം നല്‍കിയതെന്നും ഇതിന്റെ സൂചനകള്‍ ലഭിച്ചുവെന്നും രാജപക്‌സെ പറഞ്ഞിരുന്നു. ലഭ്യമായ സൂചനകള്‍ പാകിസ്താനുമായി പങ്കുവെക്കാന്‍ തയാറാണെങ്കില്‍ കൂടുതല്‍ അന്വേഷണത്തിനായി പാകിസ്ഥാന്‍ ഉദ്യോഗസ്ഥരെ ലങ്കയിലേക്ക് അയക്കാന്‍ തയാറാണെന്ന് രാജപക്‌സയെ അറിയിച്ചിരുന്നെന്നും ഗിലാനി വെളിപ്പെടുത്തി.

കഴിഞ്ഞ മാര്‍ച്ചിലായിരുന്നു ലാഹോറില്‍ ലങ്കന്‍ താരങ്ങള്‍ സഞ്ചരിച്ച ബസ്സിന് നേര്‍ക്ക് തീവ്രവാദി ആക്രമണം നടന്നത്. സുരക്ഷാ ഉദ്യോഹസ്ഥരുടെ ഇടപെടല്‍ മൂലം തലനാരിഴക്കാണ് അന്ന് താരങ്ങള്‍ രക്ഷപെട്ടത്. ആക്രമണത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു. മെന്‍ഡിസ് ഉള്‍പ്പടെ ആറ് താരങ്ങള്‍ക്ക് പരിക്കേറ്റിരുന്നു. സംഭവം നടന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും അതുമായി ബന്ധപ്പെട്ട് ഒരാളെ പോലും അറസ്റ്റ് ചെയ്യാന്‍ പാകിസ്ഥാന് കഴിഞ്ഞിരുന്നില്ല.