Administrator
Administrator
ഹഫീസിനെ വിട്ടയച്ച പാക് നടപടി അതിക്രമം
Administrator
Sunday 6th September 2009 6:14pm

chidembaranന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണങ്ങളില്‍ പ്രതിയാണെന്ന് ഇന്ത്യ തെളിവുകള്‍ നല്‍കിയിട്ടും ജമാഅത്തുദ്ദഅവ നേതാവ് ഹാഫിസ് മുഹമ്മദ് സയീദിനെ പാകിസ്ഥാന്‍ വിട്ടയച്ചത് അതിക്രമമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പി.ചിദംബരം കുറ്റപ്പെടുത്തി. വിചാരണ ചെയ്യാനാവശ്യമായ തെളിവുകള്‍ ഇന്ത്യ നല്‍കിയിട്ടും അന്വേഷണം തുടരാത്തത് പാകിസ്ഥാന്റെ ദാര്‍ഷ്ട്യമാണെന്നും ചിദംബരം എന്‍.ഡി.ടി.വി.ക്ക് നല്‍കിയ അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.

ആവശ്യമായ തെളിവുകള്‍ ആറു തവണ ഇന്ത്യ നല്‍കിയിട്ടുണ്ട്. സയീദിനെതിരെ തുടരന്വേഷണം നടത്താന്‍ വേണ്ട എല്ലാ തെളിവുകളും അതിലുണ്ട്. എന്നാല്‍ ഇന്ത്യ മതിയായ തെളിവുകള്‍ നല്‍കിയില്ലെന്നു പറഞ്ഞ് ഹാഫിസിനെ പാക്കിസ്ഥാന്‍ മോചിപ്പിക്കുകയാണുണ്ടായത്. ഇത് അത്യന്തം ദൗര്‍ഭാഗ്യകരമായ പ്രവൃത്തിയാണ്.ഇന്ത്യയിലേക്ക് തിരിക്കുന്നതിനു മുമ്പ് സയീദിനെ കണ്ടിരുന്നതായി മുംബൈ ഭീകരാക്രമണ കേസില്‍ പിടിയിലായ അജ്മല്‍ ആമിര്‍ കസബ് നേരത്തെ മൊഴി നല്‍കിയിരുന്നു. ഹാഫിസിനൊപ്പം ഒരു ജനറല്‍ സാബ് ഉണ്ടായിരുന്നതായും കസബ് വെളിപ്പെടുത്തിയിരുന്നു. ഇത് ഹാഫിസ് സയീദിന് പാക്ക് ആര്‍മിയുമായുള്ള ബന്ധമാണ് സൂചിപ്പിക്കുന്നത്. ഇതേ കുറിച്ച് അന്വേഷിച്ചാലേ വ്യക്തമാകുകയുള്ളൂ എന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു.

ഭീകരാക്രമണങ്ങളില്‍ ഹഫീസിനുള്ള പങ്ക് വ്യക്തമാക്കി അമേരിക്കയോട് നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെടുമോയെന്ന ചോദ്യത്തിന് അത്തരമൊരു സാഹചര്യം ലഭിച്ചാല്‍ ആവശ്യമെങ്കില്‍ ഇനിയും തെളിവുകള്‍ അമേരിക്കക്ക് കൈമാറാന്‍ തയ്യാറാണെന്ന് ചിദംബരം അറിയിച്ചു. അമേരിക്കയടക്കമുള്ള 16 രാജ്യങ്ങള്‍ക്ക് ഇതു സംബന്ധിച്ചുള്ള തെളിവുകള്‍ ഇതിനോടകം കൈമാറിയിട്ടുണ്ട്. എന്തെല്ലാം തെളിവുകള്‍ നല്‍കിയിട്ടുണ്ടെന്ന് ഈ രാജ്യങ്ങള്‍ക്കും കൃത്യമായി അറിയാം.

ഈ മാസം എട്ടു മുതല്‍ ചിദംബരം നാലു ദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനം നടത്തുന്നുണ്ട്. ഇതിന് മുന്നോടിയായാണ് ചിദംബരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

Advertisement