ജൈാഹാനാസ്ബര്‍ഗ്: ഐസിസി ചാംപ്യന്‍സ് ട്രോഫി ബി ഗ്രൂപ്പ് മത്സരത്തില്‍ ഇംഗ്ലണ്ട് ആറു വിക്കറ്റിനു ശ്രീലങ്കയെ തകര്‍ത്തു. ശ്രീലങ്ക: 47.3 ഓവറില്‍ 212 ഓള്‍ ഔട്ടായ ശ്രീലങ്കയെ 45 ഓവറില്‍ നാലു വിക്കറ്റിന് ഇംഗ്ലണ്ട് മറികടന്നു. ഇംഗ്ലണ്ടിന്റെ മധ്യനിരയില്‍ ഒവൈസ് ഷാ(44), കോളിങ് വുഡ്(46), മോര്‍ഗന്‍(62*), മാറ്റ് പ്രയര്‍(28*) എന്നിവര്‍ തിളങ്ങി. കോളിങ് വുഡാണ് മാന്‍ ഓഫ് ദ് മാച്ച്. നേരത്തേ, ഇംഗ്ലണ്ടിന്റെ ആന്‍ഡേഴ്‌സന്‍20ന് മൂന്നും ബ്രോഡ് 49ന് മൂന്നും വിക്കറ്റെടുത്തു.

ടോസ് നേടിയ ഇംഗ്ലണ്ട് ലങ്കയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. തന്റെ ആദ്യ ഓവറില്‍ ഒണിയന്‍സ് ജയസൂര്യയെ കീപ്പറുടെ കൈകളില്‍ കുടുക്കി. അടുത്ത ഓവറില്‍ ആന്‍ഡേഴ്‌സന്‍ ദില്‍ഷനെയും പിടിച്ചു. ആന്‍ഡേഴ്‌സന്റെ അടുത്ത ഇര ജയവര്‍ധനയായിരുന്നു. അപ്പോള്‍ ലങ്കയുടെ സ്‌കോര്‍ മൂന്നിന് 17. അവിടെ വെച്ച തന്നെ ക്യാപ്ടന്‍ സംഗക്കാരയും മടങ്ങി. സമരവീരയും കണ്ടാംബിയും ചേര്‍ന്ന് സ്‌കോര്‍ 81ല്‍ എത്തിച്ചു. അപ്പോഴേക്കും 30 റണ്‍സുമായി സമരവീര മടങ്ങി. 22.4 ഓവറില്‍ ലങ്ക നൂറു കടന്നു.

82 റണ്‍സിന്റെ ആറാം വിക്കറ്റ് കൂട്ടുകെട്ടും പൊളിഞ്ഞു. ഒണിയന്‍സ് എറിഞ്ഞ 40-ാം ഓവറിന്റെ ആദ്യപന്തില്‍ ക്യാച്ചില്‍ നിന്നു രക്ഷപ്പെട്ട മാത്യൂസ് 50 തികച്ചു. അതേ ഓവറിന്റെ അവസാന പന്തില്‍ രണ്ടാം റണ്‍സിനു ശ്രമിച്ച് മാത്യൂസ് റണ്ണൗട്ടായെങ്കിലും ഒണിയന്‍സുമായി കൂട്ടിയിടിച്ചതിന്റെ ആനുകൂല്യം നല്‍കി ഇംഗ്ലണ്ട് ക്യാപ്ടന്‍ സ്‌ട്രോസ് മാത്യൂസിനെ തുടരാന്‍ അനുവദിച്ചു. എന്നാല്‍ റൈറ്റ് എറിഞ്ഞ അടുത്ത ഓവറില്‍ കീപ്പര്‍ക്കു ക്യാച്ചു നല്‍കി മാത്യൂസ് മടങ്ങി.