മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ വീണ്ടും ഇന്ത്യന്‍ വംശജന്‍ ആക്രമിക്കപ്പെട്ടു. ടാക്‌സി ഡ്രൈവര്‍ക്കെതിരെയാണ് ആക്രമണം. ടാക്‌സി ഓടിയതിന്റെ കൂലി ചോദിച്ചപ്പോള്‍ ഫുട്‌ബോളറായ മൈക്കള്‍ ഹര്‍ലി(19) എന്നയാള്‍ ഡ്രൈവറെ മര്‍ദ്ദിക്കുകയായിരുന്നു. മൈക്കളിനെ അറസ്റ്റു ചെയ്‌തെങ്കിലും ചോദ്യം ചെയ്തതിനു ശേഷം വിട്ടയച്ചു. മര്‍ദ്ദനമേറ്റ ഡ്രൈവറുടെ പേരുവിവരങ്ങള്‍ ലഭ്യമല്ല.

ഫുഡ്‌ബോള്‍ മത്സരം കഴിഞ്ഞ് മദ്യപിച്ച നിലയിലായിരുന്നു മൈക്കളെന്ന് പോലീസ് പറഞ്ഞു. തെക്കന്‍ മെല്‍ബണിലെ ഒരു നിശാ ക്ലബില്‍ നിന്നാണ് ഇയാള്‍ മെല്‍ബണിലേക്ക് ടാക്‌സി വിളിച്ചത്. പുലര്‍ച്ചെ 5.30നാണ് സംഭവം. ടാക്‌സി മെല്‍ബണിലെത്തിയപ്പോള്‍ മൈക്കള്‍ പണം നല്‍കാതെ ഇറങ്ങിപ്പോയി. പണം ചോദിച്ചു പിന്നാലെ ചെന്ന ഡ്രൈവറെ ഇയാള്‍ നാഭിക്കു തൊഴിക്കുകയും മുഖത്തിടിക്കുകയും ചെയ്തു. മൈക്കളിനെ സംഭവസ്ഥലത്തു വച്ചു തന്നെ അറസ്റ്റുചെയ്‌തെങ്കിലും പൊലീസ് സ്‌റ്റേഷനില്‍ ചോദ്യംചെയ്ത ശേഷം വിട്ടയച്ചു. എസെന്‍ഡണ്‍ ഫുട്‌ബോള്‍ ക്ലബിലെ താരമാണ് ഇയാള്‍.

ഇന്ത്യക്കാര്‍ക്ക് നേരെ വംശീയ ആക്രമണം ഓസ്‌ട്രേലിയയില്‍ വര്‍ധിച്ച് വരികയാണ്. കഴിഞ്ഞ കാലങ്ങളില്‍ നിരവധി പേരാണ് ക്രൂരമായി മര്‍ധിക്കപ്പെട്ടത്. ഏഴു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ വിക്‌ടോറിയ പ്രവിശ്യയുടെ പ്രീമിയര്‍ ജോണ്‍ ബ്രമ്പി ഇപ്പോള്‍ ന്യൂഡല്‍ഹിയിലുണ്ട്.