Administrator
Administrator
മിസ്റ്റര്‍ സെബാസ്റ്റിയന്‍ പോള്‍; മാധ്യമങ്ങളെ നേരിടാന്‍ ചാവേറുകള്‍ വേറെയുണ്ട്
Administrator
Friday 25th September 2009 1:03pm

sebastian-pl-rwചോദ്യം: കണിച്ചുകുളങ്ങര പ്രതികള്‍ തന്റെ വസതിയിലായിരുന്നു താമസിച്ചതെന്നു മാധ്യമങ്ങള്‍ പ്രചരിപ്പിച്ചിട്ടും എന്ത് കൊണ്ട് സെബാസ്റ്റ്യന്‍ പോള്‍ താങ്കള്‍ ഇങ്ങനെയൊക്കെ പറയുന്നു?. പാര്‍ട്ടിയുടെ ദൃശ്യ സംസ്‌കാരം നാട്ടുകാരെ പഠിപ്പിക്കാന്‍ തുടങ്ങിയ കൈരളി ചാനലില്‍ നിങ്ങള്‍ മാധ്യമങ്ങളെ വിചാരണ ചെയ്തിരുന്നില്ലെ. എന്നിട്ടും ഏഷ്യാനെറ്റ് ‘എസ്’ എന്ന കത്തിയുടെ ഉറവിടം തേടി കൊല്ലന്റെ ആല വരെ പോയതില്‍ ഒരു അസ്വാഭിവകതയും താങ്കള്‍ക്ക് കണ്ടെത്താന്‍ കഴിയാത്തത് എന്ത് കൊണ്ടാണ്. ഈ ‘കത്തി’ റിപ്പോര്‍ട്ടിങിനെ പ്രശംസിക്കുന്ന താങ്കള്‍ എന്ത്‌കൊണ്ട് കൈരളിയുടെ ഉപോത്പന്നമായ പീപ്പിള്‍ നടത്തിയ എക്‌സ്‌ക്ലൂസീവ് അഭിമുഖത്തെക്കുറിച്ച് മൗനം പാലിക്കുന്നു. സി.പി.ഐ.എമ്മിനെ പ്രതിനിധീകരിച്ചല്ലെ അങ്ങ് പാര്‍ലിമെന്റില്‍ പോയത്. എങ്ങനെയാണ് മിസ്റ്റര്‍ സെബാസ്റ്റ്യന്‍ പോള്‍ താങ്കള്‍ക്ക് ഇങ്ങനെ പാര്‍ട്ടിയെ വേട്ടയാടുന്ന മാധ്യമങ്ങള്‍ക്കൊപ്പം നില്‍ക്കാനാവുന്നത്….

ഉത്തരം: ഞാന്‍ പാര്‍ട്ടിയുടെ ചാവേറല്ല.

രാഷ്ട്രീയ കവികളുണ്ട്. എന്നാല്‍ കക്ഷിരാഷ്ട്രീയത്തിനും ഇപ്പോള്‍ കവികളുണ്ട്. പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പുകള്‍ക്കും ഇന്ന് കവികളുണ്ട്. ഗ്രൂപ്പുകവികള്‍ക്ക് വളരെയേറെ സാധ്യതയുള്ള കാലത്താണ് പ്രഭാവര്‍മ്മയെന്ന കവി കൈരളി ചാനലിന്റെ ഡയരകടറായി ജീവിക്കുന്നത്. അങ്ങനെയിരുന്നു കൊണ്ടാണ് ഒരിക്കല്‍ പാര്‍ട്ടി എം പിയായി ജയിച്ച് കയറുകയും കൈരളിയില്‍ മാധ്യമ വിചാരണ നടത്തുകയും ചെയ്തിരുന്ന ഡോ. സെബാസ്റ്റിയന്‍ പോളിനോട് ഇക്കാര്യങ്ങളൊക്കെ ചോദിക്കാന്‍ ഇന്ത്യയുടെ ഇന്‍സൈഡ് കണ്ട പ്രഭാവര്‍മ്മ തുനിയുന്നത്.

സെബാസ്റ്റ്യന്‍ പോളിനെ തിരിച്ചറിയുന്നതില്‍ സി.പി.ഐ.എമ്മിന്് പിഴവ് പറ്റിയിരുന്നു. അത്‌കൊണ്ടാണവര്‍ അദ്ദേഹത്തിന് എറണാകുളത്ത് സീറ്റ് കൊടുത്തതും കൈരളിയില്‍ മാധ്യമ വിചാരം ചെയ്യാന്‍ അവസരം നല്‍കിയതും. ഇവരണ്ടും നല്‍കുക വഴി തങ്ങള്‍ക്ക് ഒരു മാധ്യമ ചാവേറിനെ ലഭിക്കുമെന്നായിരുന്നു പാര്‍ട്ടി കരുതിയത്. എന്നാല്‍ പാര്‍ട്ടി നല്‍കിയ സൗകര്യങ്ങളില്‍ എല്ലാം മറന്ന് മറ്റ് പലരെയും പോലെ അധപ്പതിക്കാന്‍ തയ്യാറല്ലായിരുന്നു സെബാസ്റ്റ്യന്‍ പോള്‍. അങ്ങനെ അദ്ദേഹം പിണറായി ചാട്ടുളിയായി പ്രയോഗിച്ച മാധ്യമ സിണ്ടിക്കേറ്റ് പ്രയോഗത്തെ വിമര്‍ശിച്ചു. മാധ്യമപ്രവര്‍ത്തകര്‍ വിദേശ പണം പറ്റുന്നുണ്ടെന്ന് പിണറായി പറഞ്ഞപ്പോള്‍ കേരളത്തിലെ മാധ്യമപ്രവര്‍ത്തകരില്‍ വിദേശ പണം പറ്റികള്‍ ഉണ്ടെന്നു തോന്നുന്നില്ലെന്ന്് സെബാസ്റ്റിയന്‍ പോളിന് പറയേണ്ടി വന്നു. അതിന് പിണറായിയുടെ പ്രതികരണം രൂക്ഷമായിരുന്നു. എല്ലാ മാധ്യമപ്രവര്‍ത്തകര്‍ക്കും വേണ്ടി സെബാസ്റ്റ്യന്‍ പോള്‍ ജാമ്യമെടുക്കേണ്ടെന്നായിരുന്നു പിണറായിയുടെ പ്രതികരണം. അനുസരണക്കേട് കാണിച്ചതിന് സെബാസ്റ്റ്യന്‍ പോളിന് വിലയൊടുക്കേണ്ടി വന്നു. എറണാകുളത്തെ സിറ്റിംഗ് സീറ്റ് അദ്ദേഹത്തില്‍ നിന്ന് പാര്‍ട്ടി തിരിച്ചുവാങ്ങി. കൈരളിയിലെ മാധ്യമ വിചാരം അവസാനിപ്പിക്കേണ്ടി വന്നു. ഒടുവില്‍ പോള്‍ വധക്കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ പാര്‍ട്ടി വീണ്ടും വേട്ടയാടാന്‍ തുടങ്ങിയപ്പോള്‍ സത്യാന്വേഷണം തുടരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സെബാസ്റ്റ്യന്‍ പോള്‍ വീണ്ടും രംഗത്ത് വരികയായിരുന്നു.

സെബാസ്റ്റിയന്‍ പോള്‍ കൈരളിയില്‍ മാധ്യമ വിചാരം ചെയ്യുമ്പോള്‍ പുറത്ത് പാര്‍ട്ടിയും മാധ്യമങ്ങളും ഏറ്റുമുട്ടലുകള്‍ നടത്തുകയായിരുന്നു. പാര്‍ട്ടിയിലെ അധാര്‍മ്മികതയെക്കുറിച്ച് മാധ്യമങ്ങള്‍ വാചാലരായപ്പോള്‍ മാധ്യമ അധര്‍മ്മത്തെക്കുറിച്ച് സി.പി.ഐ.എമ്മും ഉച്ചത്തില്‍ പറഞ്ഞു. കൈരളിയിലെ മാധ്യമ വിചാരത്തിലൂടെ പാര്‍ട്ടി വിരുദ്ധ മാധ്യമങ്ങളെ വിചാരണ ചെയ്യാന്‍ നല്ല അവസരമായിരുന്നു സി.പി.ഐ.എമ്മിന് ലഭിച്ചത്. മറ്റു പല സംഭവങ്ങളിലും മാധ്യമ നിലപാടുകളെ എതിര്‍ത്ത സെബാസ്റ്റ്യന്‍ പോള്‍ ഈ വിചാരണയില്‍ ഇടപെട്ടില്ലെന്ന് മാത്രമല്ല പലപ്പോഴും മാധ്യമങ്ങള്‍ക്കൊപ്പം നിന്നു. ഇപ്പോള്‍ കൈരളിയില്‍ നടക്കുന്നത് പിണറായി ഭക്തനായ ഭാസുരേന്ദ്രബാബുവിന്റെ ‘വര്‍ത്തമാനമാണ്’. ഈ വര്‍ത്തമാനത്തില്‍ പിണറായീകരിക്കപ്പെട്ട വിശകലനങ്ങള്‍ മാത്രമേ പുറത്തു വരികയുള്ളൂ.

മാതൃഭൂമിയില്‍ സെബാസ്റ്റ്യന്‍ പോള്‍ എഴുതിയ ലേഖനത്തില്‍ അദ്ദേഹം മാധ്യമങ്ങളെ ശക്തമായി വിചാരണ ചെയ്യുന്നുണ്ട്.അഭയ കേസിലും ലാവലിന്‍ കേസിലും അന്വേഷണ സംഘമായ സി.ബി.ഐ. പറഞ്ഞത്് അപ്പടി അച്ചടിച്ച് വിടുന്ന മാധ്യമങ്ങള്‍ പോള്‍ വധക്കേസില്‍ അന്വേഷണ സംഘം പറയുന്നതിനെ അവിശ്വസിക്കുന്നുണ്ടെന്ന് ചോദിക്കുന്നുണ്ട് അദ്ദേഹം. തങ്ങളുടെ ലക്ഷ്യത്തിലേക്കുത്തന്നതിന് മാധ്യമങ്ങള്‍ സ്വീകരിക്കുന്ന രീതിയെ തുറന്നു കാണിക്കാന്‍ പ്രഭാവര്‍മക്ക് കഴിയുമായിരുന്നു. പക്ഷെ ഒരു മാധ്യമ പ്രവര്‍ത്തകന്റെ നേരിയ ചോദ്യങ്ങളെ പോലും ഭയക്കുന്ന അവസ്ഥയാണ് ഇന്ന് സി.പി.ഐ.എമ്മിനുള്ളത്. സെബാസ്റ്റ്യന്‍ പോളിന്റെ ലേഖനത്തില്‍ തങ്ങള്‍ക്ക് അനുകൂലമാക്കാവുന്ന വരികള്‍ എടുത്തു കാണിക്കുന്നതിനു പകരം പിണറായിയുടെ ചാവേറുകള്‍ സെബാസ്റ്റ്യന്‍ പോളിന്റെ മേല്‍ ചാടിവീഴാനാണ് ശ്രമിച്ചത്. പാര്‍ട്ടിയുമായും ജനങ്ങളും തമ്മിലുള്ള ജൈവ ബന്ധം അറ്റുപോയതുകൊണ്ടാണ് കാര്യങ്ങളെ ശരിയായ രീതിയില്‍ കാണാന്‍ പാര്‍ട്ടിക്ക് കഴിയാത്തതെന്ന് ഇതിന് മറുപടിയായി സെബാ്സ്റ്റ്യന്‍ പോള്‍ വ്യക്തമാക്കുന്നുണ്ട്.

മാതൃഭൂമിയെന്ന പാര്‍ട്ടി വിരുദ്ധ പത്രത്തിലെഴുതിയ സത്യാന്വേഷണം തുടരട്ടെയെന്ന ലേഖനത്തില്‍ സെബാസ്റ്റ്യന്‍ പോള്‍ ഇങ്ങനെ പറയുന്നു. ‘ബയണറ്റും പേനയും തമ്മില്‍ ഏറ്റുമുട്ടിയാല്‍ ജയം ബയണറ്റിനാവില്ല എന്ന തിരിച്ചറിവ് നെപ്പോളിയനുണ്ടായിരുന്നു. പത്രങ്ങളുടെ സംയുക്തമായ ആക്രമണത്തില്‍ നിക്‌സന് വൈറ്റ് ഹൗസ് വിടേണ്ടിവന്നു. ഇതിനര്‍ഥം ആക്രമിക്കപ്പെടുന്നവര്‍ നിസ്സഹായരാണെന്നല്ല. പ്രത്യാക്രമണത്തിന് സാധ്യതയുണ്ട്. ശത്രുവിന്റെ അതേ മാര്‍ഗം ഉപയോഗിച്ച് പ്രത്യാക്രമണം നടത്തുകയെന്നതാണ് ലെനിനിസ്റ്റ് മാധ്യമതത്ത്വം. സോവിയറ്റ് വിപ്ലവത്തെ പരിഹസിക്കുന്ന അമേരിക്കന്‍ സിനിമകള്‍ക്കുള്ള മറുപടിയായിരുന്നു ലെനിന്‍ നിര്‍ദേശിച്ചതനുസരിച്ച് നിര്‍മിച്ച ബാറ്റില്‍ഷിപ്പ് പൊട്ടെംകിന്‍. ഈ തത്ത്വത്തിന്റെ കേരളത്തിലെ ആവിഷ്‌കാരമാണ് ദേശാഭിമാനിയും കൈരളിപീപ്പിള്‍ ചാനലുകളും’.

മാധ്യമങ്ങള്‍ക്ക്് ദിവ്യ ദൃഷ്ടിയുണ്ടോയെന്ന് ചോദിച്ചത് സാക്ഷാല്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ്. എന്നാല്‍ സത്യം കണ്ടെത്താനുള്ള ഒരു ദൃഷ്ടി മാധ്യമങ്ങള്‍ക്കുണ്ടാവണമെന്ന് സെബാസ്്റ്റിയന്‍ പോള്‍ ലേഖനത്തില്‍ പറയുന്നു. വിജയന്‍ ആക്രമിക്കപ്പെടുകയും കാരാട്ട് സുരക്ഷിതനായിരിക്കുകയും ചെയ്യുന്നത് എന്ത്‌കൊണ്ടാണെന്നാണ് സെബാസ്റ്റ്യന്‍ പോള്‍ ചോദിക്കുന്നുണ്ട്. പാര്‍ട്ടിയെ തകര്‍ക്കുന്നതിന് ആദ്യം പാര്‍ട്ടി നേതാവിനെ തകര്‍ക്കുകയെന്ന ശത്രു പക്ഷത്തിന്റെ നീക്കമാണ് പിണറായിക്കെതിരെ നടക്കുന്നതെന്ന് ജയരാജന്‍മാര്‍ ഘോരഘോരം പ്രസംഗിക്കാറുണ്ട്. എന്നാല്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയെ അവിടെ നിര്‍ത്തി എന്ത് കൊണ്ട് മാധ്യമങ്ങള്‍ സംസ്ഥാന സെക്രട്ടറിക്കെതിരെ തിരിയുന്നുവെന്ന് ചോദ്യമുയരുന്നു.

മാധ്യമപ്രവര്‍ത്തനമെന്നത് കേട്ടെഴുത്തല്ല, നിരന്തരമായ അന്വേഷണങ്ങള്‍ക്കൊടുവിലേ സത്യം കണ്ടെത്താനാവൂ. എന്നാല്‍ സത്യം കണ്ടെത്തുന്നത് വരെ മിണ്ടാതിരിക്കാന്‍ മാധ്യമങ്ങള്‍ക്ക് കഴിയില്ല. അങ്ങനെ മിണ്ടാതിരുന്നാല്‍ ഒരിക്കലും സത്യം പുറത്തുവരാതെ പോകും. ഇത് പിണറായിക്കും ഉപജാപകര്‍ക്കും നന്നായറിയാമെന്നതാണ് സത്യം.

Advertisement