ബാംഗ്ലൂര്‍: ചന്ദ്രയാന്‍ ഒന്നിലൂടെ ചന്ദ്രനിലെ ജലസാന്നിധ്യം കണ്ടെത്താന്‍ കഴിഞ്ഞത് ഇന്ത്യക്ക് അഭിമാനകരമായ നേട്ടമാണെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ജി. മാധവന്‍ നായര്‍. ചരിത്രപരമായ നേട്ടത്തിന് നേതൃത്വം നല്‍കാന്‍ കഴിഞ്ഞതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ചന്ദ്രനില്‍ ജലസാന്നിധ്യം കണ്ടെത്തിയെന്ന നാസയുടെ വെളിപ്പെടുത്തലിനെ കുറിച്ച് വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

കടലിന്റെയോ തടാകത്തിന്റെയോ കുളത്തിന്റെയോ രൂപത്തിലല്ല ജലസാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. ചന്ദ്രോപരിതലത്തിലെ ധാതുക്കളിലും മറ്റും ഹൈഡ്രോക്‌സില്‍ രൂപത്തിലാണ് ജലസാന്നിധ്യം. മുമ്പു പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ അളവില്‍ ചന്ദ്രനില്‍ ജലം കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ചന്ദ്രനില്‍ ജീവന്റെ സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ചന്ദ്രനില്‍ കണ്ടെത്തിയ ജലം മണ്ണില്‍ നിന്നു വേര്‍തിരിച്ചെടുക്കാന്‍ കഴിയും. ഒരു ടണ്‍ മണ്ണില്‍ നിന്ന് അരലിറ്ററോളം ജലം മാത്രമേ ലഭിക്കുകയുള്ളൂ.എന്നിരുന്നാലും ചന്ദ്രനില്‍ ജലസാന്നിധ്യം കണ്ടെത്തിയത് ബഹിരാകാശ ഗവേണത്തില്‍ നിര്‍ണായകമാണ്. ബഹിരാകാശ ദൗത്യങ്ങളില്‍ ചന്ദ്രനെ ബേസ് സ്‌റ്റേഷനാക്കുന്നതിനെ കുറിച്ച് പരിശോധിക്കും. ബഹിരാകാശ ഗവേണത്തില്‍ അടിസ്ഥാന ഘടകം വെള്ളമാണ്. വെള്ളം ഉണ്ടെങ്കില്‍ അതിനെ പല രീതിയില്‍ പ്രയോജനപ്പെടുത്താം. ജലത്തെ വിഘടിപ്പിച്ച് ഹൈഡ്രജനും ഓക്‌സജനും ആക്കി റോക്കറ്റ് ഇന്ധനമായി ഉപയോഗിക്കാന്‍ കഴിയും. ഭാവിയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ നേട്ടം തന്നെയാണിത്. മാധവന്‍ നായര്‍ വ്യക്തമാക്കി.

മൂണ്‍ ഇംപാക്ട് പ്രോബ് ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങിയപ്പോള്‍ തന്നെ ജലസാന്നിധ്യം സംബന്ധിച്ച സൂചന ലഭിച്ചിരുന്നു. ചന്ദ്രനില്‍ ജലമുണ്ടാകാനുള്ള സാധ്യത മാര്‍ച്ചില്‍ തന്നെ നാസ ഐ.എസ്.ആര്‍.ഒയുമായി പങ്കുവെച്ചിരുന്നു.വെള്ളത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞ സാഹചര്യത്തില്‍ ചന്ദ്രയാന്‍ 2 ന്റെ ലക്ഷ്യങ്ങള്‍ കുറച്ചുകൂടി മെച്ചപ്പെട്ട രീതിയില്‍ പുന:ക്രമീകരിക്കുമെന്നും മാധവന്‍ നായര്‍ വിശദീകരിച്ചു.ചന്ദ്രയാന്‍ 1 95 ശതമാനം വിജയമായിരുന്നുവെന്ന് അന്ന് പറഞ്ഞപ്പോള്‍ മാധ്യമങ്ങള്‍ ദൗത്യം പരാജയപ്പെട്ടതായാണ് പറഞ്ഞത്. എന്നാല്‍ ദൗത്യം 110 ശതമാനം വിജയം നേടിയെന്ന് ഇപ്പോള്‍ പറയാമെന്ന് അദ്ദേഹം പറഞ്ഞു.അടുത്ത ദൗത്യത്തില്‍ ചന്ദ്രനില്‍ ഏതാനും മില്ലീമീറ്റര്‍ ആഴത്തില്‍ കുഴിച്ച് നിരീക്ഷണം നടത്താന്‍ കഴിയുമോ എന്നും പരിശോധിക്കും. എന്നാല്‍ ചന്ദ്രനില്‍ ഇറങ്ങണമെങ്കില്‍ ഇന്ത്യക്ക് മൂന്നു മുതല്‍ നാലു വര്‍ഷം വരെ വേണ്ടിവരും.

ചന്ദ്രയാന്‍ ഒന്നിന്റെ സ്റ്റാര്‍ സെന്‍സറില്‍ ഉണ്ടായ തകരാറാണ് ദൗത്യം നേരത്തെ അവസാനിപ്പിക്കുന്നതിന് കാരണമായത്. ചന്ദ്രയാന്‍ ഒന്നിന്റെ കണ്ടെത്തലുകളെ കുറിച്ച് വിശദീകരിച്ച് സഹകരിച്ച രാജ്യങ്ങളെല്ലാം ചേര്‍ന്ന് റിപ്പോര്‍ട്ട് തയാറാക്കി പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.