ദുബൈയില്‍ തൊഴില്‍ സമരം

dubai-labour-rwസാമ്പത്തിക പ്രതിസന്ധി രൂക്ഷമായി വളരുന്ന സാഹചര്യത്തില്‍ മലയാളിയുടെ ഗള്‍ഫ് സ്വപ്‌നങ്ങള്‍ മങ്ങുന്നു. പ്രതിസന്ധി കാര്യമായി ബാധിക്കില്ലെന്ന് ഇത്രയും കാലം പറഞ്ഞിരുന്ന ദുബൈയില്‍ നിന്ന് പോലും മലയാളികളുള്‍പ്പെടെ നിരവധി തൊഴിലാളികള്‍ നാട്ടിലേക്ക് തിരിക്കുകയാണ്. ജോലി നഷ്ടപ്പെടുന്നവരും ശമ്പളം വെട്ടിക്കുറക്കപ്പെട്ടവരുമാണ് ഇങ്ങനെ മടങ്ങിവരുന്നത്. കടം വീട്ടാന്‍ കഴിയാതെയും പണമില്ലാതെ ചെക്കുകള്‍ മടങ്ങുകയും ചെയ്ത സംഭവങ്ങളില്‍ നിരവധി ഇന്ത്യക്കാര്‍ ജയില്‍ ശിക്ഷക്ക് വിധേയരാവുകയും ചെയ്യുന്നു.

Subscribe Us:

തിരുവനന്തപുരം തമ്പാനൂര്‍ സ്വദേശിയായ അബ്ദുല്‍സലാം സെക്യൂരിറ്റി ജോലിക്കാണ് ദുബൈയിലേക്ക് പോയത്. 900 ദിര്‍ഹം ശമ്പളവും താമസവും ഭക്ഷണവും നല്‍കുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ ഒരു മാസം ജോലി ചെയ്തപ്പോള്‍ കയ്യില്‍ കിട്ടിയത് വെറും 200 ദിര്‍ഹം. ഭക്ഷണത്തിനും താമസത്തിനും പണമടക്കേണ്ടി വരികയും ചെയ്തു. 10 മണിക്കൂറായിരുന്ന ജോലി സമയം പിന്നീട് 16 മണിക്കൂറായി ഉയന്നു. കൂടുതല്‍ സമയം നിന്നത് കാരണം സലാമിന് ഒടുവില്‍ നട്ടെല്ലിന് ക്ഷതം പറ്റി ശസ്ത്രക്രിയ ചെയ്യേണ്ടി വന്നു. ഗള്‍ഫില്‍ 24 മണിക്കൂറും ജോലി ചെയ്യേണ്ടി വന്ന ബാബുവും ഒടുവില്‍ ജോലി മതിയാക്കി നാട്ടില്‍ തിരിച്ചെത്തിയിരിക്കയാണ്.

ഗള്‍ഫ് മലയാളികള്‍ കേരളത്തിന് കഴിഞ്ഞ വര്‍ഷം 43,288 കോടി രൂപയാണ് കേരളത്തിലേക്ക് കൊണ്ട് വന്നത്. എന്നാല്‍ വിദേശ രാജ്യങ്ങളില്‍ തങ്ങളുടെ തൊഴിലാളിക്ക് എന്തെങ്കിലും പ്രശ്‌നങ്ങള്‍ നേരിടുകയാണെങ്കില്‍ ഫിലിപ്പീന്‍സ് എംബസി ഉടന്‍ ഇടപെടും. എന്നാല്‍ ഇന്ത്യന്‍ എംബസിക്ക് സ്വന്തം നാട്ടുകാരെ കഷ്ടപ്പെടുത്താനേ കഴിയൂവെന്നും തിരുവനന്തപുരത്തെ അബ്ദുസ്സലാം പറഞ്ഞു.

അതേസമയം ദുബൈയില്‍ വേതന വര്‍ധനവ് ആവശ്യപ്പെട്ട് നൂറ് കണക്കിന് തൊഴിലാളികള്‍ കഴിഞ്ഞ ദിവസം പണിമുടക്കി. ദുബൈയിലെ പ്രമുഖ നിര്‍മ്മാണ കമ്പനിയായ അല്‍ ഹബ്തൂറിന്റെ കീഴില്‍ തൊഴിലെടുക്കുന്ന ഏഷ്യന്‍ തൊഴിലാളികളാണ് പണി മുടക്കിയത്. ജബല്‍ അലി വ്യവസായ മേഖലയില്‍ ഷോപ്പംങ് മാളിന്റെയും കണ്‍വെന്‍ഷന്‍ സെന്ററിന്റെയും പണിയെടുക്കുന്നവരാണിവര്‍. പണി മുടക്കിയ തൊഴിലാളികള്‍ റോഡുകള്‍ സ്തംഭിപ്പിക്കുകയും ചെയ്തു.

കൂലി വര്‍ധവിനും കൃത്യസമയത്ത് അത് ലഭിക്കുന്നതിനും വേണ്ടിയാണ് സമരമെന്ന് തൊഴിലാലികള്‍ വ്യക്തമാക്കി. ഇപ്പോഴത്തെ ശമ്പളം കൊണ്ട് ഇവിടെ പിടിച്ച് നില്‍ക്കാന്‍ കഴിയില്ലെന്ന് പാകിസ്ഥാന്‍ സ്വദേശിയായ തൊഴിലാളി പറഞ്ഞു.

തൊഴിലാളികള്‍ക്ക് ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിനായി സര്‍ക്കാര്‍ അടുത്ത കാലത്ത് ചില നീക്കങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ പലയിടങ്ങളിലും തൊഴിലാളികളുടെ സാഹചര്യം വളരെ മോശമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രശ്‌നം പരിഹരിക്കുന്നതിന് നടപടികളെടുക്കുന്നുണ്ടെന്നാണ് കമ്പനി അധികൃതര്‍ വ്യക്തമാക്കിയത്.